News - 2025
പ്രാര്‍ത്ഥനകള്‍ സഫലം: ഫാ. ടോം ഉഴുന്നാലിന് മോചനം
സ്വന്തം ലേഖകന്‍ 12-09-2017 - Tuesday
സന: യെമനിലെ ഏഡനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചു. ഒമാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വൈദികന്റെ മോചനം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യം സുഷമ സ്വരാജ് ട്വിറ്ററിലാണ് സ്ഥിരീകരിച്ചത്. ഒമാന്‍ സര്‍ക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നുമാണ് ഡല്‍ഹിയില്‍ നിന്നും വ്യക്തമാക്കിയിരിക്കുന്നത്.
യെമനിലെ തടവറയിലായിരുന്ന അദ്ദേഹം മോചിതനായി ഒമാനിലെ മസ്‌കറ്റില്‍ എത്തിയ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. യെമനില്‍ നിന്ന് അദ്ദേഹത്തെ മസ്ക്കറ്റിലെത്തിച്ചതായും ഉടൻ കേരളത്തിലെത്തിക്കുമെന്നും ഒമാൻ ഒബ്സർവർ റിപ്പോർട്ടു ചെയ്തു. അദ്ദേഹത്തിന്റെ പുതിയ ചിത്രവും ഒമാന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.
കോട്ടയം രാമപുരം സ്വദേശിയാണ് ഫാദര്‍ ടോം. 2016 മാര്‍ച്ച് നാലിന് ഏദനിലെ വൃദ്ധസദനത്തില്‍ നടന്ന ആക്രമണത്തിനിടെയാണ് പള്ളിയിലെ വൈദികനായ ഫാദര്‍ ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ആക്രമണത്തില്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ നാല് സന്ന്യാസിനിമാര്‍ കൊല്ലപ്പെട്ടു.
ഇതിനു പിന്നാലെ ഫാ.ടോം ഉൾപ്പെടുന്ന സലേഷ്യൻ സന്യാസ സഭാംഗങ്ങളും സിറോ മലബാർ സഭാ പ്രതിനിധികളും ഫാ.ടോമിന്റെ മോചനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. അതിനിടെ, വത്തിക്കാനും പ്രശ്നത്തിൽ ഇടപെട്ടു. ഫോ.ടോമിന്റെ കുടുംബാംഗങ്ങളും അദ്ദേഹത്തിന്റെ മോചനത്തിനായി തുടർച്ചയായി സംസ്ഥാന, കേന്ദ്ര സർക്കാരുകളെ സമീപിച്ച് സമ്മർദ്ദം ചെലുത്തി.
ഇതിനിടെ, ഫാ. ടോം ഉഴുന്നാലിൽ ജീവനോടെയുണ്ടെന്നും അദ്ദേഹത്തിന്റെ മോചനത്തിനായി യെമൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുമെന്നും യെമൻ ഉപപ്രധാനമന്ത്രി അബ്ദുൾമാലിക് അബ്ദുൾജലീൽ അൽ മെഖ്ലാഫി 2017 ജൂലൈ 12ന് വ്യക്തമാക്കിയിരുന്നു.