News

ഫാ. ടോം ഉഴുന്നാലിന്റെ കരം ചുംബിച്ച് ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 13-09-2017 - Wednesday

വത്തിക്കാന്‍ സിറ്റി: യെമനിൽ ഭീകരരുടെ തടവില്‍ നിന്നു മോചിക്കപ്പെട്ട മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസും സലേഷ്യൻ സഭാ പ്രതിനിധികളും ഫാ. ടോമിനൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഫാ. ടോം പരിശുദ്ധ പിതാവിന്റെ കാല്‍തൊട്ട് വന്ദിച്ചു. വൈദികന്റെ കൈയില്‍ ചുംബിച്ചായിരിന്നു ഫ്രാന്‍സിസ് പാപ്പ തന്റെ സ്നേഹവും വാല്‍സല്യവും പ്രകടിപ്പിച്ചത്.

ഫാദര്‍ ടോം ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിക്കുന്നതിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ചൊവ്വാഴ്ച വൈകിട്ട് വത്തിക്കാനില്‍ എത്തിയ ഉടന്‍ തന്നെ കാണാനെത്തിയവരോട് ദൈവത്തിനും മാതാവിനും നന്ദി പറയുന്നുവെന്നാണ് ടോം ഉഴുന്നാല്‍ പറഞ്ഞത്. കേരളീയ രീതിയില്‍ പൊന്നാട അണിയിച്ചാണ് വൈദികനെ സഭാപ്രതിനിധികള്‍ സ്വാഗതം ചെയ്തത്. അദ്ദേഹത്തിന് കേരളീയ ശൈലിയിലുള്ള ഭക്ഷണവും ഒരുക്കിയിരുന്നു.

വത്തിക്കാനിൽ എത്തിയ ഉടൻ തന്നെ ചാപ്പലില്‍ ചെന്ന് പ്രാര്‍ത്ഥിക്കാനും കുര്‍ബാന അര്‍പ്പിക്കാനുമുള്ള താത്പര്യം അദ്ദേഹം പ്രകടിപ്പിച്ചെങ്കിലും ചികിത്സയ്ക്കും പരിശോധനകള്‍ക്കും വിധേയനാവേണ്ടിയിരുന്നതിനാല്‍ അത് അനുവദിച്ചില്ല. എന്നാല്‍ കുമ്പസാരിക്കണമെന്ന ആവശ്യം അനുവദിച്ചു. വത്തിക്കാനിലെ സലേഷ്യന്‍ സഭാകേന്ദ്രത്തിലാണ് ഫാദര്‍ ടോം ഇപ്പോഴുള്ളത്. ആരോഗ്യം വീണ്ടെടുക്കുംവരെ അദ്ദേഹം ഇവിടെ തുടരുമെന്നാണു ഒടുവില്‍ ലഭിക്കുന്ന വിവരം.


Related Articles »