News - 2025

മയക്കുമരുന്നിനെതിരായ പോരാട്ടം: ഫിലിപ്പീന്‍സ് ദേവാലയങ്ങളിൽ മണിമുഴങ്ങും

സ്വന്തം ലേഖകന്‍ 16-09-2017 - Saturday

മനില: മയക്കുമരുന്നിനെതിരായ പോരാട്ടത്തിനിടയിൽ മരണമടഞ്ഞ നിരപരാധികളെ സ്മരിച്ചു മനില അതിരൂപതയുടെ കീഴിലുള്ള ദേവാലയങ്ങളില്‍ തുടര്‍ച്ചയായി മണി മുഴക്കുവാന്‍ ആഹ്വാനം. മനില ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ലൂയിസ് അന്റോണിയ ടാഗിളാണ് ആഹ്വാനം നടത്തിയിരിക്കുന്നത്. മണി മുഴങ്ങുമ്പോൾ വിശ്വാസികൾ സ്വർഗ്ഗസ്ഥനായ പിതാവേ, നന്മ നിറഞ്ഞ മറിയമേ എന്നീ പ്രാർത്ഥനകളും സങ്കീർത്തനം 130 ചൊല്ലി ദൈവത്തിന്റെ കരുണയ്ക്കും രക്ഷയ്ക്കുമായി പ്രാർത്ഥിക്കണമെന്നും കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗിള്‍ അഭ്യർത്ഥന നടത്തി.

ആന്റി ഡ്രഗ്ഗ് ഓപ്പറേഷനും അജ്ഞാത കാരണങ്ങളും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെയാണ് ലക്ഷ്യമിടുന്നതെന്ന് സെപ്റ്റബർ എട്ടിന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ കർദ്ദിനാൾ പറഞ്ഞു. മയക്കുമരുന്നു മാഫിയയ്ക്കെതിരെ രാജ്യമെങ്ങും തുടരുന്ന കൊലപാതകങ്ങൾ ഫിലിപ്പീന്‍സ് സംസ്കാരത്തെ തന്നെ ഇല്ലാതാക്കുമെന്ന ആശങ്കയും കർദ്ദിനാൾ പ്രകടിപ്പിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങളെ സന്ദർശിച്ച ശേഷം അവർക്കായി ഒത്തൊരുമയോടെ നിലകൊള്ളുകയും മാനസിക പിന്തുണ നല്‍കണമെന്നും കർദ്ദിനാൾ പറഞ്ഞു.

മയക്കുമരുന്നു മാഫിയയ്യ്ക്കെതിര തുറന്ന പോരാട്ടത്തിനു ആഹ്വാനം ചെയ്ത ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട് സംശയമുള്ളവരെ വെടിവെയ്ക്കാനും നേരത്തെ ഉത്തരവിട്ടിരിന്നു. ജനങ്ങൾക്കും പ്രശ്നത്തിൽ ഇടപെടാൻ അധികാരം നല്‍കിയതോടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഏഴായിരത്തോളം പേരാണ് വധിക്കപ്പെട്ടത്. എന്നാല്‍ പതിമൂവായിരത്തിനടുത്തു ആളുകള്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്കുകൾ നല്‍കുന്ന സൂചന.


Related Articles »