News

മനുഷ്യാവകാശ ലംഘനത്തിന്റെ ജീവിക്കുന്ന സാക്ഷിയായി ആസിയ: തടവിലായിട്ട് 3000 ദിവസങ്ങള്‍

സ്വന്തം ലേഖകന്‍ 20-09-2017 - Wednesday

ലാഹോര്‍: മതനിന്ദാ കുറ്റം ആരോപിച്ച് പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രൈസ്തവ വനിതാ ആസിയാ ബീബി തടവിലായിട്ട് മൂവായിരം ദിവസങ്ങള്‍ പിന്നിട്ടു. ആസിയായുടെ തടവ് കടുത്ത മനുഷ്യാവകാശ ലംഘനമായി ലോകനേതാക്കള്‍ അഭിപ്രായപ്പെട്ടെങ്കിലും കേസ് ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുകയാണ്. 2009- ജൂണ്‍ 14 മുതല്‍ പാക്കിസ്ഥാനിലെ മുള്‍ട്ടാണ്‍ എന്ന പ്രദേശത്തുള്ള ജയിലില്‍ ഏകാന്ത തടവിലാണ് ആസിയ.

ഇക്കഴിഞ്ഞ ആഗസ്റ്റ് 30നാണ് ആസിയ തടവിലായിട്ട് 3000 ദിവസങ്ങള്‍ പിന്നിട്ടത്. പാക്കിസ്ഥാന്‍ പീനല്‍ കോഡിലെ 295-സി എന്ന വിവാദ വകുപ്പ് പ്രകാരമാണ് ആസിയ ബീബിയെ മതനിന്ദാ കുറ്റത്തിന് തൂക്കിലേറ്റുവാന്‍ പാക്കിസ്ഥാനിലെ നന്‍കാന ജില്ലാ കോടതി വിധിച്ചത്. 2010-ല്‍ പുറത്തുവന്ന നന്‍കാന ജില്ലാ കോടതി വിധി ചോദ്യം ചെയ്തു ആസിയയുടെ ബന്ധുക്കളും സുഹൃത്തുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഫയല്‍ ചെയ്ത അപ്പീലില്‍ ലാഹോര്‍ ഹൈക്കോടതിയും വധശിക്ഷ ശരിവയ്ക്കുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് അവര്‍ പാക്കിസ്ഥാന്‍ സുപ്രീം കോടതിയെ സമീപിച്ചത്. പലതവണ കേസ് സുപ്രീം കോടതിയുടെ പരിഗണനയില്‍ വന്നെങ്കിലും വ്യത്യസ്ഥ കാരണങ്ങളെ തുടര്‍ന്നു കോടതി നടപടി വൈകുകയായിരിന്നു. ആസിയായുടെ കേസില്‍ പാക്കിസ്ഥാന്‍ സുപ്രീംകോടതി ജൂണില്‍ അന്തിമ വിധി പറയുമെന്ന്‍ ആസിയായുടെ വക്കീലായ സൈഫുള്‍ മലൂക്ക് നേരത്തെ മാധ്യമങ്ങളെ അറിയിച്ചിരിന്നു. എന്നാല്‍ വിധി സുപ്രീം കോടതി വീണ്ടും നീട്ടുകയായിരിന്നു.

2009-ല്‍ ആസിയ ഒരു കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ക്രിസ്തീയ വിശ്വാസിയായ ആസിയ തങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്നതില്‍ ചില മുസ്ലിം സ്ത്രീകള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. ആസിയ കുടിവെള്ളം ചോദിച്ചപ്പോള്‍ മുസ്ലിം സ്ത്രീകള്‍ നിഷേധിച്ചിരിന്നു. ഒരു അമുസ്ലീമിന് തങ്ങളുടെ കുടിവെള്ള പാത്രം തൊടാന്‍ പോലും അവകാശമില്ലെന്ന് പറഞ്ഞായിരുന്നു അവര്‍ വെള്ളം നിഷേധിച്ചത്.

തുടര്‍ന്ന് ആസിയ കിണറ്റില്‍ നിന്നും വെള്ളം കോരിക്കുടിക്കുകയായിരുന്നു. ഇതിനിടെ ആസിയായും അയല്‍ക്കാരികളായ മുസ്ലീം സ്ത്രീകളും തമ്മിലുള്ള വാക്കേറ്റത്തിനിടെ പ്രവാചകനെതിരെ ആസിയ പരാമര്‍ശം നടത്തിയതെന്നാണ് ആരോപണം. എന്നാല്‍ തന്നെ മനപ്പൂര്‍വം ദൈവനിന്ദാക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ആസിയ ബീബി പിന്നീട് വെളിപ്പെടുത്തിയിരിന്നു. അഞ്ചു കുഞ്ഞുങ്ങളുടെ അമ്മയാണ് ആസിയാ.

ആസിയായുടെ മോചനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടും സ്വരം ഉയരുന്നുണ്ട്. കഴിഞ്ഞ മെയ് മാസത്തില്‍ യുവതിയുടെ മോചനം സാധ്യമാക്കണമെന്നാവശ്യപ്പെട്ടു അമേരിക്കന്‍ സെനറ്റില്‍ പ്രമേയം അവതരിപ്പിച്ചിരിന്നു. യു‌കെയിലും ഓസ്ട്രേലിയയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ആസിയായുടെ മോചനം ആവശ്യപ്പെട്ടു വിവിധ സംഘടനകള്‍ റാലികള്‍ നടത്തിയിരിന്നു.

95 ശതമാനത്തില്‍ അധികം ജനങ്ങളും മുസ്ലീം വിശ്വാസികളായ രാജ്യമാണ് പാക്കിസ്ഥാന്‍. 1990 മുതല്‍ കഴിഞ്ഞ ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം പ്രവാചകനെ നിന്ദിച്ചുവെന്നും, ഖുറാനെ അപകീര്‍ത്തിപ്പെടുത്തിയെന്നും ആരോപണം നേരിട്ട 62 പേര്‍ക്കാണ് രാജ്യം വധശിക്ഷ നല്‍കിയത്. ഇതേ കുറ്റങ്ങള്‍ക്ക് പാക്കിസ്ഥാനിലെ വിവിധ ജയിലുകളില്‍ 40 പേര്‍ വധശിക്ഷ കാത്തു കഴിയുന്നുണ്ട്. പ്രാകൃതമായ നിയമം രാജ്യത്തിന്റെ നിയമവ്യവസ്ഥിതികളില്‍ നിന്നും എടുത്ത് മാറ്റണമെന്ന് യുഎന്‍ പലവട്ടം പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്.


Related Articles »