News

ന്യൂറോളജിക്കല്‍ പുനരധിവാസ കേന്ദ്രത്തില്‍ മാര്‍പാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം

സ്വന്തം ലേഖകന്‍ 23-09-2017 - Saturday

വത്തിക്കാന്‍ സിറ്റി: റോമിലെ ന്യൂറോ റിഹാബിലിറ്റേഷന്‍ സെന്ററായ സാന്താ ലൂസിയ ഫൗണ്ടേഷനില്‍ ഫ്രാന്‍സിസ് പാപ്പ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. ‘കരുണയുടെ വെള്ളിയാഴ്ച’ ആചരണത്തിന്റെ ഭാഗമായിട്ടായിരുന്നു അപ്രതീക്ഷിത സന്ദര്‍ശനം. ഉച്ചകഴിഞ്ഞ് 4 മണിക്ക് ശേഷം എത്തിയ ഫ്രാന്‍സിസ് പാപ്പായെ ഫൗണ്ടേഷന്റെ പ്രസിഡന്റും ജനറല്‍ മാനേജരും ജീവനക്കാരും രോഗികളും ചേര്‍ന്ന് സ്വീകരിച്ചു.

രോഗികളോടുള്ള സമീപനത്തിലും, ശ്രദ്ധയിലും പ്രസിദ്ധമായ സാന്താ ലൂസിയ ഫൗണ്ടേഷനില്‍ സ്ട്രോക്ക്, പാര്‍ക്കിസണ്‍, മജ്ജ സംബന്ധമായ രോഗങ്ങള്‍, ശരീര കോശങ്ങളില്‍ വരുന്ന രോഗങ്ങള്‍ തുടങ്ങിയവമൂലം ചലനശേഷിയും, ശാരീരികമോ മാനസികമോ ആയ ന്യൂനതകളും അനുഭവിക്കുന്ന രോഗികളാണ് കഴിയുന്നത്. രോഗികളെ സന്ദര്‍ശിച്ച പാപ്പ അവരോടൊപ്പം സംസാരിക്കുകയും അവരുടെ തമാശകളില്‍ പങ്ക് ചേരുകയും ചെയ്തു. രോഗികളുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുവാനും ഫ്രാന്‍സിസ് പാപ്പാ സമയം കണ്ടെത്തി.

അപകടങ്ങള്‍ മൂലം ശരീരവൈകല്യങ്ങള്‍ വന്ന 15നും 25നും പ്രായമുള്ളവരേയും പാപ്പാ സന്ദര്‍ശിച്ചു. റിഹാബിലിറ്റേഷന്‍ സെന്ററില്‍ നിന്നും മടങ്ങുന്നതിന് മുന്‍പ് പാപ്പ, അന്തേവാസികളുടെ വ്യായാമത്തിനുള്ള ജിം സന്ദര്‍ശിക്കുകയും, ചാപ്പലില്‍ കുറച്ചു നേരം പ്രാര്‍ത്ഥിക്കുകയും ചെയ്തു. അന്തേവാസികള്‍ക്ക് പുതിയ പ്രതീക്ഷയും പ്രചോദനവും നല്‍കിയതിന് ശേഷമാണ് മാര്‍പാപ്പ മടങ്ങിയത്.

2016 കരുണയുടെ വര്‍ഷമായി പ്രഖ്യാപിച്ചതിനു ശേഷം ഫ്രാന്‍സിസ് പാപ്പാ എല്ലാ വെള്ളിയാഴ്ചകളിലും ഇത്തരം അപ്രതീക്ഷിത സന്ദര്‍ശനങ്ങള്‍ നടത്താറുണ്ടായിരുന്നു. കരുണയുടെ വര്‍ഷത്തിന് ശേഷവും സ്നേഹത്തിന്റെ സന്ദേശവുമായി പാപ്പ ഇത് തുടരുകയാണ്. അഭയാര്‍ത്ഥികള്‍, കുട്ടികള്‍, ലൈംഗീക അടിമത്തത്തില്‍ നിന്നും മോചിതരായ സ്ത്രീകള്‍, രോഗികള്‍ തുടങ്ങിയവരെ ‘കരുണയുടെ വെള്ളിയാഴ്ച’ ആചരണത്തിന്റെ ഭാഗമായി പാപ്പ നേരത്തെ സന്ദര്‍ശിച്ചിരിന്നു.


Related Articles »