News - 2024

മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ആഹ്വാനവുമായി വത്തിക്കാൻ വിദേശകാര്യസെക്രട്ടറി

സ്വന്തം ലേഖകന്‍ 25-09-2017 - Monday

വത്തിക്കാൻ: മനുഷ്യക്കടത്തിനെതിര സഭയും രാഷ്ട്രങ്ങളും സംഘടനകളും ഒരുമിച്ചു പ്രവർത്തിക്കണമെന്ന് വത്തിക്കാൻ വിദേശകാര്യസെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗലാഗെർ. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ നേതൃത്വത്തിൽ ആധുനിക അടിമത്തം, മനുഷ്യക്കടത്ത്, നിർബന്ധിത സേവനം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാൻ സമ്മേളിച്ച ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനൊപ്പം മനുഷ്യക്കടത്തിന്റെ ഇരകൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാനും തീക്ഷ്ണമായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒന്നിച്ചു നിന്ന് പ്രവർത്തിച്ചാൽ സമൂഹത്തിൽ നിന്ന് ഈ തിന്മയെ പിഴുതുമാറ്റാനാകൂ. സമൂഹത്തെ വേട്ടയാടുന്ന മനുഷ്യക്കടത്തിന്റെ വേരറക്കാൻ അധികാരികൾ അതീവ ജാഗ്രത പുലർത്തുന്നതിനൊപ്പം കൃത്യമായ നീതിനിർവ്വഹണം നടത്തണം. ഒരിക്കലും ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത അനുഭവങ്ങളായതിനാൽ മനുഷ്യക്കടത്തിന്റെ ഇരകൾ അവ അപരിചിതരോട് വെളിപ്പെടുത്തണമെന്നില്ല.

മനുഷ്യക്കടത്തിന്റെ ഇരകളായ സ്ത്രീകളെയും കുട്ടികളെയും പുനരധിവസിപ്പിക്കാനും അവർക്ക് പുതിയ ഉപജീവനമാർഗമൊരുക്കാനും ആവശ്യമായ കാര്യങ്ങൾ സഭാ നേതൃത്വം ചെയ്യുന്നുണ്ട്. വസ്തുക്കൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നത് പോലെ മനുഷ്യരെ കച്ചവടവസ്തുവാക്കുന്നത് ഭീതികരമാണ്. ഫ്രാൻസിസ് പാപ്പ, മനുഷ്യക്കടത്തിനെ അങ്ങേയറ്റം ഹീനമായ തിന്മയായാണ് കാണുന്നതെന്നും അധികൃതർ ഇതിനെതിരെ ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.


Related Articles »