News - 2025

ജര്‍മ്മന്‍ പ്രസിഡന്‍റ് ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു

സ്വന്തം ലേഖകന്‍ 11-10-2017 - Wednesday

വത്തിക്കാന്‍ സിറ്റി: ജര്‍മ്മന്‍ പ്രസിഡന്‍റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മിയര്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. ഭാര്യ എല്‍കെ ബുഡെന്‍ബെന്ദെരോടൊപ്പമാണ് ഫ്രാന്‍സിസ് പാപ്പായെ സന്ദര്‍ശിക്കാന്‍ അദ്ദേഹം വത്തിക്കാനില്‍ എത്തിയത്. യൂറോപ്പിന്‍റെ സാമ്പത്തികവും മതപരവുമായ സാഹചര്യങ്ങളെക്കുറിച്ചും, കുടിയേറ്റപ്രശ്നങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി. കുടിയേറ്റത്തെ സ്വാഗതം ചെയ്യുകയും അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന സംസ്ക്കാരം പരിപോഷിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെ പറ്റി പാപ്പാ പ്രത്യേകം അനുസ്മരിച്ചു.

സൗഹൃദപരമായ കൂടിക്കാഴ്ചയില്‍ പരിശുദ്ധ സിംഹാസനവും ജര്‍മനിയുമായുള്ള ഫലപ്രദമായ സഹകരണത്തെക്കുറിച്ചും രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും ഇരുവരും സംസാരിച്ചു. ഇതരമതങ്ങളുമായും ഇതര ക്രൈസ്തവസഭകളുമായുള്ള ഭാവാത്മകമായ സംവാദത്തിന് ജര്‍മനി അവസരം ഒരുക്കിയതില്‍ പാപ്പാ നന്ദി പ്രകടിപ്പിച്ചു. പ്രൊട്ടസ്റ്റന്‍റ് നവീകരണത്തിന്‍റെ അഞ്ചാം ശതാബ്ദിയോടനുബന്ധിച്ച് കത്തോലിക്കരും പ്രൊട്ടസ്റ്റന്‍റുകാരുമായുള്ള സംവാദത്തിന് അവസരം ഒരുക്കിയതിനും പാപ്പ നന്ദിയറിച്ചു.

മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനുമായും വത്തിക്കാന്‍റെ വിദേശകാര്യാലയമേധാവി ആര്‍ച്ച് ബിഷപ്പ് പോള്‍ ഗാല്ലഗെറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കുവാന്‍ ജര്‍മ്മനിയുടെ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലും ഭര്‍ത്താവ് യൊവാക്കിം സവയാലിയും വത്തിക്കാനില്‍ എത്തിയിരിന്നു.


Related Articles »