News - 2025
മതസ്വാതന്ത്ര്യത്തിന് കടുത്തനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ചൈനീസ് പ്രസിഡന്‍റ്
സ്വന്തം ലേഖകന്‍ 28-10-2017 - Saturday
ബെയ്ജിംഗ്: കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയില്‍ മതങ്ങള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നു പ്രസിഡന്‍റ് സി ജിൻപിംഗിന്‍റെ മുന്നറിയിപ്പ്. 19-ാം ദേശീയ കോൺഗ്രസിനിടെ നടത്തിയ പ്രസംഗത്തിലാണ് ജിൻപിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. കമ്മ്യൂണിസ്റ്റു പ്രത്യയശാസ്ത്രം മതങ്ങള്‍ക്കു എതിരാണെന്നും അത് രാജ്യത്തിനും ഭരണകൂടത്തിനും ദോഷം ചെയ്യുമെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി. അതിനാല്‍ മതങ്ങള്‍ക്കെതിരായ നിയമങ്ങള്‍ രാജ്യത്തു കര്‍ക്കശമാക്കുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പുതിയ പ്രഖ്യാപനത്തെ ആശങ്കയോടെയാണ് ക്രൈസ്തവ ലോകം കാണുന്നത്. ചൈനയും വത്തിക്കാനും തമ്മിലുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് പ്രസിഡന്‍റിന്റെ പ്രഖ്യാപനം. സര്‍ക്കാര്‍ അംഗീകൃതവും അല്ലാത്തതുമായ കത്തോലിക്കാ വിശ്വാസികളെയാണ് ഇത് ബാധിക്കുക. നിലവില്‍ ചൈനയിലെ ഔദ്യോഗിക സഭ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന സമൂഹമാണ്. മെത്രാന്‍ നിയമനം മാര്‍പാപ്പയുടെ അംഗീകാരത്തിനു കീഴിലല്ലാത്തതിനാല്‍ വത്തിക്കാന്‍ ഇത് അംഗീകരിക്കുന്നില്ല. ഇക്കാരണത്താല്‍ തന്നെ വത്തിക്കാനും ചൈനയുമായുള്ള നയതന്ത്ര ബന്ധത്തിന് അടക്കം വിള്ളല്‍ വീണിരിന്നു.
അടുത്തകാലത്തായി, ബെനഡിക്ട് പതിനാറാമനും പാപ്പയും ഫ്രാൻസിസ് പാപ്പയും ചൈനയുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനായി പരിശ്രമിച്ചിരുന്നു. അംഗങ്ങൾ മതവിശ്വാസം ഉപേക്ഷിക്കണമെന്നും ഇല്ലെങ്കിൽ കനത്തശിക്ഷ അനുഭവിക്കേണ്ടി വരുമെന്നു ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടുത്തിടെ ഉത്തരവിറക്കിയിരിന്നു. ഭരണഘടനയെ പിൻപറ്റി പാർട്ടി അംഗങ്ങളിൽ ഭൂരിഭാഗവും വിശ്വാസികളായിട്ടുണ്ട്. എന്നാൽ പാർട്ടി അംഗങ്ങൾക്ക് യാതൊരു തരത്തിലുള്ള മതവിശ്വാസവും പാടില്ലെന്നാണ് മതകാര്യ വകുപ്പ് അധ്യക്ഷൻ വാങ് സുവോൻ കഴിഞ്ഞ മാസം പ്രസ്താവനയിറക്കിയത്.