News - 2025

വത്തിക്കാന് നേരെയുള്ള ഐ‌എസ് ഭീഷണി: കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

സ്വന്തം ലേഖകന്‍ 30-11-2017 - Thursday

മേരിലാന്‍റ്: വത്തിക്കാനില്‍ ആക്രമണം നടത്തുമെന്ന ഐ‌എസ് ഭീഷണിയെ സാധൂകരിക്കുന്ന കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ കീഴിലുള്ള ചാനലായ വാഫാ മീഡിയ ഫൗണ്ടേഷന്‍ തയാറാക്കിയ ചിത്രമാണ് അമേരിക്ക ആസ്ഥാനമായ സൈറ്റ് ഇന്‍റലിജന്‍സ് ഗ്രൂപ്പ് നവംബര്‍ 22നു പുറത്തുവിട്ടത്. സെന്റ്‌ പീറ്റേഴ്സ് ബസലിക്കക്ക് നേരെ നോക്കി നില്‍ക്കുന്ന തീവ്രവാദിയും ചെന്നായയുമാണ് ചിത്രത്തില്‍ ഉള്ളത്.

ആയുധങ്ങള്‍ അടങ്ങിയ ബാഗും ഇവരുടെ സമീപത്തായി കാണുന്നുണ്ട്. കുരിശിന്റെ പോരാളികള്‍ക്ക് തീവ്രവാദത്തിന്റെ അര്‍ത്ഥം മനസ്സിലാക്കി കൊടുക്കണമെന്നും അവരെ കൊല്ലണമെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. സ്വര്‍ഗ്ഗമാണ് നിങ്ങളുടെ പ്രവര്‍ത്തിയ്ക്കുള്ള സമ്മാനമെന്നും പോസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഫ്രാന്‍സിസ് പാപ്പയുടെ ശിരസ്സ് ഛേദിച്ച വിതത്തിലുള്ള ചിത്രവും പുറത്തുവന്നിരിന്നു.

മുഖംമൂടി ധരിച്ച തീവ്രവാദി പാപ്പയുടെ ശിരസ്സ് പിടിച്ചിരിക്കുന്നതാണ് ചിത്രത്തില്‍ ഉള്ളത്. പിറകിലുള്ള വാഹനത്തില്‍ തീവ്രവാദികള്‍ ഇരിക്കുന്നതായും ചിത്രത്തില്‍ കാണാന്‍ സാധിയ്ക്കുന്നു. രണ്ടാഴ്ച മുന്‍പ് “ക്രിസ്തുമസ് രക്തം” (Christmas Blood) എന്ന തലക്കെട്ടോടെ മറ്റൊരു പോസ്റ്ററും വാഫാ മീഡിയ പുറത്തുവിട്ടിരിന്നു. മുഖം മൂടി ധരിച്ച തീവ്രവാദി ആയുധങ്ങളുമായി ഒരു ബി‌എം‌ഡബ്ല്യു കാറില്‍ സെന്റ്‌ പീറ്റേഴ്സ് ബസലിക്കക്ക് നേര്‍ക്ക് പോകുന്ന ചിത്രമാണ് അന്നു പുറത്തുവന്നത്.

More Archives >>

Page 1 of 256