News

മദർ തെരേസയ്ക്കെതിരെ വിവാദ പ്രസ്താവനയുമായി ആർഎസ്എസ് നേതാവ്

സ്വന്തം ലേഖകന്‍ 02-12-2017 - Saturday

ന്യൂഡൽഹി: രോഗികളുടെയും പട്ടിണി പാവങ്ങളുടെയും കണ്ണീരൊപ്പി ലോകം ആദരിച്ച മദര്‍ തെരേസയ്ക്കെതിരെ വിവാദ പ്രസ്താവനയുമായി ആര്‍‌എസ്‌എസ് നേതാവ്. സേവനം എന്ന പേരില്‍ മദര്‍ തെരേസ ഇന്ത്യന്‍ ജനതയെ മതം മാറ്റിയെന്നും ലോക രാജ്യങ്ങളില്‍ നിന്നും പണം കൈപ്പറ്റിയെന്നുമാണ് തീവ്രഹൈന്ദവ സംഘടനയായ ആര്‍‌എസ്‌എസിന്റെ ദേശീയ നേതാവ് മൻഗേഷ് ബെന്ദേ ആരോപിച്ചിരിക്കുന്നത്. കർണ്ണാടക സേവ സംഘം 2017 എന്ന പരിപാടിയിലാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ അധ്യക്ഷയായിരിന്ന സിസ്റ്റര്‍ നിർമ്മല ഹിന്ദു മതസ്ഥയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കൊൽക്കത്തയിലെ മദർ തെരേസയുടെ ശുശ്രൂഷയെ ആദരപൂർവമാണ് എല്ലാവരും നോക്കി കാണുന്നത്. എന്നാല്‍ അവര്‍ പാവങ്ങളെ സ്വർഗ്ഗം ലഭിക്കുമെന്ന വാഗ്ദാനം നൽകി മതപരിവര്‍ത്തനം നടത്തി. ഇതിനായി പതിനേഴ് രാഷ്ട്രങ്ങളിൽ നിന്നും സംഭാവന സ്വീകരിച്ചത് ഇന്ത്യയുടെ മാനത്തിന് ഭംഗം വരുത്തി. ശുശ്രൂഷയുടെ പേരിൽ ക്രിസ്ത്യന്‍ മിഷ്ണറികൾ നടത്തുന്ന മതപരിവർത്തനം ഭാരതത്തിന്റെ സാംസ്കാരിക തകർച്ചയ്ക്കും കാരണമാകുന്നുവെന്നും മൻഗേഷ് ബെന്ദേ പറഞ്ഞു.

ഇതിനു മുന്നെയും മദര്‍ തെരേസക്കും ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ക്കും നേരെ ബിജെ‌പിയുടെ മാതൃ സംഘടനയായി കണക്കാക്കപ്പെടുന്ന ആര്‍‌എസ്‌എസിന്റെ നേതാക്കള്‍ വിദ്വേഷ പ്രചരണം നടത്തിയിട്ടുണ്ട്. സേവന പ്രവര്‍ത്തനങ്ങളിലൂടെ മദര്‍ തെരേസ ലക്ഷ്യമിട്ടിരുന്നത് ക്രിസ്തുമത പ്രചാരണമായിരുന്നുവെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് മാസങ്ങള്‍ക്ക് മുന്‍പ് ആരോപിച്ചിരിന്നു. ഭാഗവതിന്റെ വിവാദ പ്രസ്താവനക്കെതിരെ ആഗോള തലത്തില്‍ തന്നെ അന്ന്‍ പ്രതിഷേധം ഉയര്‍ന്നിരിന്നു. ഇതിന്റെ അലയൊലികള്‍ അവസാനിക്കും മുന്‍പാണ് മൻഗേഷ് ബെന്ദേയുടെ വിവാദപ്രസ്താവന.

More Archives >>

Page 1 of 257