News - 2025

സത്നയിലെ ഹിന്ദുത്വവാദികളുടെ ആക്രമണം: പ്രതിഷേധം വ്യാപകം

സ്വന്തം ലേഖകന്‍ 16-12-2017 - Saturday

കൊച്ചി: മധ്യപ്രദേശിലെ സത്‌ന സെന്റ് എഫ്രേംസ് സെമിനാരിയിലെ വൈദികര്‍ക്കും വൈദിക വിദ്യാര്‍ത്ഥികള്‍ക്കും നേരേ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമത്തില്‍ പ്രതിഷേധം വ്യാപകം. വൈദികര്‍ ഉള്‍പ്പടെയുള്ളവരെ പോലീസ് സ്‌റ്റേഷനില്‍ രാത്രിയില്‍ മണിക്കൂറുകളോളം തടഞ്ഞുവച്ചതു ദുഃഖകരമായ സംഭവമാണെന്നും ഇത് ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തില്‍ ആശങ്കയുണര്‍ത്തുന്നതാണെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആഘോഷമാണു ക്രിസ്തുമസ്. ക്രിസ്തുമസ് ആഘോഷം നടത്തിയതിന്റെ പേരില്‍ എതിര്‍പ്പുകളുയര്‍ത്തുന്നതു മതേതര സംസ്‌കാരത്തിനു ഭൂഷണമല്ല. വര്‍ഷങ്ങളായി വൈദികരും സെമിനാരി വിദ്യാര്‍ഥികളും പ്രദേശവാസികളുടെ അറിവോടും താത്പര്യത്തോടും കൂടി സേവനപ്രവര്‍ത്തനം നടത്തിവരുന്ന ഗ്രാമത്തിലാണു സംഘര്‍ഷം അരങ്ങേറിയത്. മതവിശ്വാസികള്‍ക്കു ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഭരണകൂടത്തിനും നിയമപാലകര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി സിബിസിഐ പ്രസിഡന്റും മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയും പ്രതികരിച്ചു. ഇതില്‍ ഭാരതസഭയ്ക്കുള്ള തീവ്രമായ വേദനയും ഉത്കണ്ഠയും രേഖപ്പെടുത്തുന്നു. കഴിഞ്ഞ 30 വര്‍ഷമായി ക്രിസ്തുമസിനോടനുബന്ധിച്ച് സമാധാനപരമായി നടന്നുവന്നിരുന്ന കരോള്‍ പരിപാടിക്ക് നേരേയാണ് യാതൊരു കാരണവുമില്ലാതെ അക്രമം നടത്തിയത്. മധ്യപ്രദേശില്‍ ഈയിടെയായി ഉണ്ടായിട്ടുള്ള അസഹിഷ്ണുതയുടെയും മതവിദ്വേഷത്തിന്റെയും നിരവധി സംഭവങ്ങള്‍ ഇതിന്റെ പിന്നിലുള്ള ഗൂഢാലോചന വ്യക്തമാക്കുന്നുവെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

കരോളിനിറങ്ങുന്നതു മതപരിവര്‍ത്തനം നടത്തുന്നതിനാണെന്ന ആരോപണം അപഹാസ്യമാണെന്നു കെസിബിസി പ്രതികരിച്ചു. കരോളും ആഘോഷങ്ങളും നടത്തിയ വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും സംഘടിതമായി ആക്രമിച്ച ബജ്‌റംഗ്ദള്‍ നടപടി രാജ്യത്തിന് അപമാനകരവും അങ്ങേയറ്റം അപലപനീയവുമാണ്. ഗ്രാമത്തിനു പുറത്തുനിന്നെത്തിയവരാണ് അക്രമങ്ങള്‍ക്കു നേതൃത്വം നല്‍കിയത് എന്നതു ക്രിസ്തുമസ് ദിനങ്ങളെ സംഘര്‍ഷപൂരിതമാക്കാനുള്ള ആസൂത്രിതശ്രമങ്ങള്‍ നടക്കുന്നു എന്നതിന്റെ സൂചനയാണെന്നു സംശയിക്കുന്നു. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു സമൂഹത്തില്‍ അസ്വസ്ഥത വിതയ്ക്കാന്‍ ശ്രമിക്കുന്ന ബിജെപി അനുകൂല സംഘടനകളെ നിയന്ത്രിക്കാന്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രാലയവും തയാറാകണമെന്നും കെ‌സി‌ബി‌സി ആവശ്യപ്പെട്ടു.

സംഭവത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. വൈ​​​​ദി​​​​ക​​​​ർ അ​​​​ട​​​​ങ്ങു​​​​ന്ന സം​​​​ഘ​​​​ത്തെ അ​​​​ന്യാ​​​​യ​​​​മാ​​​​യി ത​​​​ട​​​​ങ്ക​​​​ലി​​​​ൽ വ​​​​ച്ച​​​​ത് മ​​​​തേ​​​​ത​​​​ര ഭാ​​​​ര​​​​ത​​​​ത്തി​​​​ന് അ​​​​പ​​​​മാ​​​​ന​​​​ക​​​​ര​​​​മാണ്. ക്രിസ്തുമസ് അവസരത്തില്‍ ഉണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ചു കത്തോലിക്കാ കോണ്‍ഗ്രസ് യൂണിറ്റ് അടിസ്ഥാനത്തില്‍ പ്രാര്‍ത്ഥനായജ്ഞവും രൂപത കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധവും നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

വൈദികരുടെ വാഹനം കത്തിക്കുകയും ചെയ്ത നടപടികള്‍ മതപീഡനത്തിന് ഉദാഹരണമാണെന്നു ചങ്ങനാശ്ശേരി ജാഗ്രതാ സമിതി അഭിപ്രായപ്പെട്ടു. വര്‍ഷങ്ങളായി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചു സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കത്തോലിക്കാ സഭയിലെ സമര്‍പ്പിതര്‍ക്കു നേരെയുണ്ടാകുന്ന ഇത്തരം നീക്കങ്ങള്‍ ഇന്ത്യന്‍ മതേതരത്വത്തിന് കനത്ത ആഘാതമാണ് ഏല്പിക്കുന്നതെന്നും വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും ജാഗ്രതാ സമിതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

More Archives >>

Page 1 of 261