News - 2025

'മാര്‍ച്ച് ഫോര്‍ ലൈഫ്' റാലിയില്‍ പങ്കെടുക്കുന്നവര്‍ക്കു ദണ്ഡവിമോചനം

സ്വന്തം ലേഖകന്‍ 21-12-2017 - Thursday

വാഷിംഗ്ടന്‍ ഡി. സി: ഭ്രൂണഹത്യക്കെതിരായ ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലിയിലും, റാലിയോടനുബന്ധിച്ച് നടക്കുന്ന വിശുദ്ധ കര്‍മ്മങ്ങളിലും, മഹാകൂട്ടായ്മയിലും പങ്കെടുക്കുന്നവര്‍ ദണ്ഡവിമോചനത്തിനു അര്‍ഹരാണെന്ന് വാഷിംഗ്ടന്‍ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ഡൊണാള്‍ഡ് വൂയേളും അര്‍ലിംഗ്ടണ്‍ മെത്രാനായ മൈക്കേല്‍ ബുര്‍ബിഡ്ജും പ്രഖ്യാപിച്ചു. ഡിസംബര്‍ 20-ന് ഇരുവരും സംയുക്തമായി പുറത്തുവിട്ട കത്തിലൂടെയായിരുന്നു പ്രഖ്യാപനം. മാര്‍ച്ച് ഫോര്‍ എഡ്യുക്കേഷന്റേയും, ഡിഫെന്‍സ് ഫണ്ടിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ അമേരിക്കയിലെ വാഷിംഗ്ടന്‍ ഡി.സി. യില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള പ്രതിഷേധ റാലിയാണ് ‘മാര്‍ച്ച് ഫോര്‍ ലൈഫ്’.

2018 ജനുവരി 19-നാണ് 45-ാമത് ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലി നടക്കുക. അമേരിക്കന്‍ സുപ്രീം കോടതി അബോര്‍ഷന്‍ നിയമാനുസൃതമാക്കിയതിന്റെ വാര്‍ഷിക ദിനത്തിലോ അതിനടുത്ത ദിവസങ്ങളിലോ ആണ് സാധാരണയായി ഈ റാലി സംഘടിപ്പിക്കാറുള്ളത്. 1974 ജനുവരി 22-നായിരുന്നു ആദ്യ റാലി. വര്‍ഷം തോറും ലക്ഷകണക്കിന് ആളുകളാണ് ഇതില്‍ സംബന്ധിക്കുന്നത്.

നന്നായി കുമ്പസാരിച്ച് ദിവ്യകാരുണ്യ സ്വീകരണം നടത്തുകയും, പാപ്പാക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും, തങ്ങളുടെ രോഗവും കഷ്ടതകളും ദൈവത്തിനു സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുകയാണെങ്കില്‍ പ്രായാധിക്യവും മാരകമായ രോഗവും കാരണം റാലിയില്‍ സംബന്ധിക്കുവാന്‍ കഴിയാത്തവര്‍ക്കും പൂര്‍ണ്ണ ദണ്ഡവിമോചനം ലഭിക്കുമെന്ന് ബിഷപ്പുമാരുടെ കത്തില്‍ പറയുന്നു.

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം 'അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം'. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സി‌സി‌സി 1471 ചൂണ്ടിക്കാട്ടുന്നു.

More Archives >>

Page 1 of 264