News - 2025

ഗലീലി ദേവാലയം അഗ്നിക്കിരയാക്കിയ പ്രതിയ്ക്ക് തടവുശിക്ഷ

സ്വന്തം ലേഖകന്‍ 20-12-2017 - Wednesday

ജറുസലേം: വടക്കന്‍ ഇസ്രായേലിലെ ഗലീലി കടല്‍ തീരത്തു യേശു അപ്പവും മീനും വര്‍ദ്ധിപ്പിച്ച് അത്ഭുതം പ്രവര്‍ത്തിച്ച സ്ഥലത്തു നിര്‍മ്മിച്ച ദേവാലയത്തില്‍ ആക്രമണം നടത്തിയ പ്രതിയ്ക്കു തടവ് ശിക്ഷ. 2015-ല്‍ ആണ് തീവ്ര യഹൂദ പോരാളികള്‍ ദേവാലയം അഗ്നിക്കിരയാക്കാന്‍ ശ്രമം നടത്തിയത്. സംഭവത്തിലെ മുഖ്യ പ്രതിയായ യിനോൺ റ്യുവേനിയെന്ന ഇരുപത്തിമൂന്നുകാരനായ യുവാവിനു നാല് വർഷം തടവും അന്‍പതിനായിരം ഷെക്കേല്‍ (പതിനാലായിരം ഡോളർ) പിഴയുമാണ് കോടതി വിധിച്ചത്. കഴിഞ്ഞ ജൂലൈയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബലാഡിം സ്വദേശിയായ യിനോൺ തീവ്ര യഹൂദ നിലപാടുള്ള ആളായിരിന്നുവെന്നു ഇസ്രായേൽ ദിനപത്രമായ ഹാരേട്സ് റിപ്പോർട്ട് ചെയ്തു. യഹൂദ പ്രാർത്ഥനാ ശുശ്രൂഷയിലെ എല്ലാ വിഗ്രഹങ്ങളും തകർക്കപ്പെടും എന്ന വാക്യം ഹീബ്രൂ ഭാഷയിൽ അക്രമി ദേവാലയത്തില്‍ ആലേഖനം ചെയ്തിരുന്നു. ക്രൈസ്തവർ വിഗ്രഹാരാധകരാണെന്നും അവരെ വധിക്കുകയാണ് തന്റെ ലക്ഷ്യമെന്നുമുള്ള പ്രതിയുടെ മൊഴി കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അഞ്ചപ്പവും രണ്ടു മീനും അയ്യായിരം പേർക്ക് പങ്കുവെച്ച അത്ഭുതം നടന്ന ഗലീലി കടൽ തീരത്ത് പണി കഴിപ്പിച്ച ദേവാലയം, 2015 ജൂൺ പതിനെട്ടിനാണ് തീവ്രയഹൂദ നിലപാടുള്ള സംഘം അഗ്നിക്കിരയാക്കിയത്. ദേവാലയത്തോട് ചേർത്ത് ബനഡിക്റ്റൻ സന്യാസ ശ്രമവും പണികഴിപ്പിച്ചിരിന്നു. അന്നത്തെ ആക്രമത്തിൽ ആശ്രമത്തിനും ദേവാലയ കവാടത്തിനും തീർത്ഥാടന ഓഫീസിനും സാരമായ നാശനഷ്ടം സംഭവിച്ചു.

എട്ടു മാസത്തോളം അടച്ചിട്ട ദേവാലയത്തിൽ ഇസ്രായേല്‍ സര്‍ക്കാരിന്റെ സഹായത്തോടെ പുനര്‍നിര്‍മ്മാണം നടത്തുകയായിരിന്നു. നാല് ലക്ഷത്തോളം ഡോളറാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇസ്രായേൽ ഗവൺമെന്റ് സംഭാവന ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്കു തുറന്ന്‍ കൊടുത്തിരിന്നു. യേശു അത്ഭുതം പ്രവര്‍ത്തിച്ച സ്ഥലത്തു നിര്‍മ്മിച്ച ഈ ദേവാലയം കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലാണ്.

More Archives >>

Page 1 of 263