News - 2025

രാജസ്ഥാനിലും കരോളിനിടെ അക്രമം: തീവ്ര ഹിന്ദുത്വവാദികളുടെ ഭീഷണിയില്‍ ക്രൈസ്തവര്‍

സ്വന്തം ലേഖകന്‍ 21-12-2017 - Thursday

ജയ്പുര്‍: ക്രിസ്തുമസിന് ദിവസങ്ങള്‍ ശേഷിക്കേ ക്രൈസ്തവര്‍ക്കു നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം രൂക്ഷമാകുന്നു. മധ്യപ്രദേശിലെ സത്‌നയില്‍ ക്രിസ്തുമസ് കരോള്‍ സംഘത്തിനു നേരേ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിനു പിന്നാലെ ഇന്നലെ രാജസ്ഥാനിലും ആക്രമണം നടന്നു. രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് പ്രതിഷേധക്കാര്‍ ക്രിസ്തുമസ് കരോള്‍ അലങ്കോലപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

മുപ്പതോളം പേരടങ്ങുന്ന അക്രമി സംഘം പരിപാടി നടക്കുന്ന സ്ഥലത്തേക്ക് അതിക്രമിച്ചുകയറി പുസ്തകങ്ങളും ആരാധനാ വസ്തുക്കളും എറിഞ്ഞ് നശിപ്പിച്ചു. എന്നാല്‍ പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കാതിരുന്ന പോലീസ് നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് രണ്ടു പേരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 8.30 ന് ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലും ക്രിസ്തുമസ് പരിപാടിക്കു നേരെ തീവ്രഹിന്ദുത്വവാദികള്‍ ഭീഷണി മുഴക്കിയിരിന്നു.

ക്രിസ്ത്യന്‍ സ്കൂളുകളില്‍ ക്രിസ്തുമസ് ആഘോഷം നടത്താന്‍ പാടില്ലായെന്നും ഇത് ഹിന്ദുക്കളെ ക്രൈസ്തവ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കും എന്നു ആരോപിച്ച് ആര്‍‌എസ്‌എസ് പോഷകസംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ച് എന്ന പ്രസ്ഥാനമാണ് രംഗത്തെത്തിയത്. പരിപാടി നടത്തിയാല്‍ വന്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കിയിരിന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹിന്ദുത്വ ഗ്രൂപ്പിന് കീഴിലാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ ആഴ്ച കരോളിനിടെ മധ്യപ്രദേശിലെ സത്‌ന സെന്റ് എഫ്രേംസ് സെമിനാരിയിലെ വൈദികര്‍ക്കും വൈദിക വിദ്യാര്‍ത്ഥികള്‍ക്കും നേരേ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരിന്നു. അന്ന്‍ വൈദികര്‍ ഉള്‍പ്പടെയുള്ളവരെ പോലീസ് സ്‌റ്റേഷനില്‍ രാത്രിയില്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചിരിന്നു. ഇവരെ സന്ദര്‍ശിക്കുവാന്‍ എത്തിയ വൈദികരുടെ കാര്‍ അഗ്നിക്കിരയാക്കുകയും ചെയ്തിരിന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തു ക്രൈസ്തവര്‍ക്ക് നേരെ ആക്രമണവും ഭീഷണിയും വ്യാപകമാകുവാന്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും കരോളിന് ശേഷം മതപരിവര്‍ത്തനം ആരോപിച്ച് വൈദികന്‍ ആക്രമിക്കപ്പെട്ടിരിന്നു.

More Archives >>

Page 1 of 263