News - 2025
കര്‍ദ്ദിനാള്‍ ബെര്‍ണാര്‍ഡിന്റെ വിയോഗത്തില്‍ മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി
സ്വന്തം ലേഖകന്‍ 21-12-2017 - Thursday
വത്തിക്കാന്‍ സിറ്റി: അമേരിക്കയിലെ ബോസ്റ്റണ്‍ അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബെര്‍ണാര്‍ഡ് ഫ്രാന്‍സിസ് ലോയുടെ നിര്യാണത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി. ഇന്നലെ രാവിലെയാണ് വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നു കര്‍ദ്ദിനാള്‍ അന്തരിച്ചത്. എണ്‍പത്തിയാറു വയസ്സായിരിന്നു. കരുണാസമ്പന്നനായ ദൈവം കര്‍ദ്ദിനാള്‍ ലോയുടെ ആത്മാവിന് നിത്യശാന്തി നല്‍കട്ടെയെന്നും വേര്‍പാടില്‍ ദുഃഖിക്കുന്ന സകലര്‍ക്കും പ്രാര്‍ത്ഥനകള്‍ നേരുന്നതായും പാപ്പ അനുശോചന കുറിപ്പില്‍ കുറിച്ചു. കര്‍ദ്ദിനാള്‍ ലോയുടെ ആത്മാവിനെ കന്യകാനാഥയ്ക്കു സമര്‍പ്പിക്കുന്നു എന്നു കുറിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ സംഘത്തലവന്‍ ആഞ്ചലോ അമാത്തോയ്ക്ക് അയച്ച സന്ദേശം പാപ്പാ ഉപസംഹരിച്ചത്.
1931-ല്‍ അമേരിക്കയിലെ തോറെയോണിലാണ് ബെര്‍ണാര്‍ഡ് ഫ്രാന്‍സിസ് ജനിച്ചത്. അമേരിക്കന്‍ ആര്‍മിയിലെ കേണലിന്‍റെ മകനായിരുന്ന കര്‍ദ്ദിനാള്‍ ലോ, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍നിന്നും ബിരുദാനന്തര ബിരുദം എടുത്തശേഷമാണ് പൗരോഹിത്യ പഠനം ആരംഭിച്ചത്. 1961-ല്‍ അദ്ദേഹം ജാക്സണ്‍ രൂപതയിലെ ഇടവക വൈദികനായി അഭിഷിക്തനായി. അമേരിക്കയിലെ മെത്രാന്‍ സമിതിയുടെ മതാന്തരസംവാദത്തിന്‍റെയും, സഭൈക്യകാര്യാലയത്തിന്‍റെയും ഉത്തരവാദിത്വങ്ങള്‍ വഹിച്ചിട്ടുണ്ട്. 1973-ല്‍ അദ്ദേഹം മെത്രാനായി നിയമിക്കപ്പെട്ടു. 1984-ല്‍ അമേരിക്കയിലെ വലിയ രൂപതകളില്‍ ഒന്നായ ബോസ്റ്റണിന്‍റെ മെത്രാപ്പോലീത്തയായി നിയമിതനായി. പിറ്റേ വര്‍ഷം അദ്ദേഹത്തെ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തുകയായിരിന്നു.
2005-ല്‍ മുന്‍പാപ്പാ ബനഡിക്ട് പതിനാറാമനെ തിരഞ്ഞെടുത്ത കോണ്‍ക്ലേവില്‍ ഇദ്ദേഹം വോട്ടുചെയ്തിട്ടുണ്ട്. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഇന്ന്‍ വൈകുന്നേരം 3.30-ന് മൃതസംസ്ക്കാര ശുശ്രൂഷകള്‍ നടത്തപ്പെടും. മൃതസംസ്ക്കാരത്തിന് പാപ്പ കാര്‍മികത്വം വഹിക്കും. കര്‍ദ്ദിനാള്‍ ലോയുടെ നിര്യാണത്തോടെ സഭയിലെ കര്‍ദ്ദിനാള്‍ സംഘത്തിലെ ആകെ അംഗങ്ങള്‍ 216 ആയി കുറഞ്ഞു. ഇതില്‍ 120-പേര്‍ 80-വയസ്സില്‍ താഴെ പാപ്പായുടെ തിരഞ്ഞെടുപ്പിന് വോട്ടവകാശമുള്ളവരും, ബാക്കി 96-പേര്‍ വോട്ടവകാശം ഇല്ലാത്തവരുമാണ്.