News - 2025

വത്തിക്കാന്‍ കമ്മ്യൂണിക്കേഷന്‍സിനു പുതിയ മുഖം

സ്വന്തം ലേഖകന്‍ 20-12-2017 - Wednesday

റോം: വത്തിക്കാന്‍ കമ്മ്യൂണിക്കേഷന്‍സിന്റെ നവീകരണ പദ്ധതിയുടെ ഭാഗമായി വത്തിക്കാന്‍ പുതിയ വാര്‍ത്ത വെബ്സൈറ്റിന് ആരംഭം കുറിച്ചു. ഡിസംബര്‍ 16 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4:42 നായിരുന്നു www.vaticannews.va എന്ന് പേരിട്ടിരിക്കുന്ന വെബ്സൈറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. ഇരുപതോളം ഐ‌ടി വിദഗ്ദര്‍ നിരവധി മാസങ്ങളായി അക്ഷീണം അധ്വാനിച്ചതിന്റെ ഫലമായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കും വിശ്വാസികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വെബ്സൈറ്റ് ലഭ്യമായത്. ഉപയോക്താക്കള്‍ക്ക് അനായസമായി വിവരങ്ങള്‍ കാണുവാന്‍ കഴിയുന്ന രീതിയിലുള്ള ‘ഫ്ലൂയിഡ്’ ശൈലിയിലാണ് പുതിയ വത്തിക്കാന്‍ ന്യൂസ് സൈറ്റില്‍ തയാറാക്കിയിരിക്കുന്നത്.

ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, യുടൂബ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളുമായും പോര്‍ട്ടല്‍ ബന്ധിപ്പിച്ചിട്ടുണ്ട്. ഓഡിയോ, വീഡിയോ ഉള്‍പ്പെടെയുള്ള ദൃശ്യശ്രാവ്യ സൗകര്യങ്ങളും (മള്‍ട്ടിമീഡിയ), മുന്‍ വത്തിക്കാന്‍ റേഡിയോയെയും, വത്തിക്കാന്‍ ടെലിവിഷന്‍ സെന്ററിനെയും (CTV) ഇപ്പോള്‍ ‘ബീറ്റ’ വേര്‍ഷനിലുള്ള ഈ സൈറ്റില്‍ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, പോര്‍ച്ചുഗീസ് ഭാഷകളിലായി വിഭജിക്കപ്പെട്ടിരിക്കുന്ന എഡിറ്റോറിയല്‍ സംഘത്തിനാണ് സൈറ്റിന്റെ നിയന്ത്രണം.

വത്തിക്കാന്‍ റേഡിയോ സംപ്രേഷണം ചെയ്യുന്ന 33 ഭാഷാവിഭാഗങ്ങളും ഈ സൈറ്റില്‍ ലയിപ്പിച്ചിട്ടുണ്ട്. 2015-ല്‍ തുടക്കമിട്ട വത്തിക്കാന്‍ കമ്മ്യൂണിക്കേഷന്‍ നവീകരണ പദ്ധതിയുടെ ഭാഗമായി പുതുതായി ആരംഭിച്ച മറ്റൊരു സംവിധാനമാണ് 'വത്തിക്കാന്‍ മീഡിയ'. റേഡിയോ പരിപാടികളുടെ നേരിട്ടുള്ള സംപ്രേഷണം, പാപ്പായുടെ പ്രധാന പരിപാടികളുടെ സംപ്രേഷണം പോലെയുള്ള മാധ്യമ സേവനങ്ങള്‍ വത്തിക്കാന്‍ മീഡിയായില്‍ സമന്വയിപ്പിച്ചിരിക്കുന്നു. റേഡിയോ വത്തിക്കാനയെ, ഇറ്റലിയിലും റോമിലും ഡിജിറ്റല്‍ റേഡിയോ സംപ്രേഷണത്തിനായി ഉപയോഗിക്കുവാനാണ് വത്തിക്കാന്‍ കമ്മ്യൂണിക്കേഷന്റെ പദ്ധതി.

വാര്‍ത്താ സൈറ്റ് പുതിയൊരു വാര്‍ത്താ സേവനവിഭാഗമല്ല, മറിച്ച് വത്തിക്കാന്‍ കമ്മ്യൂണിക്കേഷന്‍സിന്റെ ഒരു ഭാഗമാണെന്ന് വത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഫോര്‍ കമ്മ്യൂണിക്കേഷന്‍സിന്റെ തലവനായ മോണ്‍. ഡാരിയോ വിഗാനോ പറഞ്ഞു. വത്തിക്കാന്‍ റേഡിയോയുടെ ദിവസംതോറുമുള്ള മൂന്ന്‍ സംപ്രേഷണങ്ങള്‍ പുതിയ സൈറ്റിലും ലഭ്യമാകും. കൂടാതെ പാപ്പായുമായി ബന്ധപ്പെട്ട പ്രധാനസംഭവങ്ങളും, സുവിശേഷങ്ങളെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാന്‍ കഴിയുന്ന തരത്തിലുള്ള അന്താരാഷ്ട്ര വാര്‍ത്തകളും പുതിയ സൈറ്റില്‍ ലഭ്യമാണ്. വത്തിക്കാന്‍ കമ്മ്യൂണിക്കേഷന്‍സിന്റെ നവീകരണ പദ്ധതിയുടെ അടുത്ത പരിപാടി 2018 ജനുവരി 1-ന് നിശ്ചയിച്ചിട്ടുള്ള വത്തിക്കാന്‍ പ്രിന്റിംഗ് ഹൗസിന്റേയും വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ദിനപത്രമായ എല്‍’ഓസ്സര്‍വേറ്റോറെ റൊമാനോയുടേയും ലയനമാണ്.

More Archives >>

Page 1 of 263