News - 2025

ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ നേരിട്ട വിവേചനം പങ്കുവെച്ച് ഹോളിവുഡ് നടന്‍

സ്വന്തം ലേഖകന്‍ 23-12-2017 - Saturday

ന്യൂയോര്‍ക്ക്: തന്റെ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ചലച്ചിത്ര മേഖലയില്‍ നേരിട്ട വിവേചനത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് പ്രശസ്ത ഹോളിവുഡ് നടന്‍ സ്റ്റീഫന്‍ ബാള്‍ഡ്വിന്‍. ഒരു ക്രിസ്ത്യാനിയായതിനാലും, പ്രസിഡന്റ് ട്രംപിനെ പിന്തുണച്ചതിനാലും തന്നെയും തന്റെ ബൈബിളിനേയും ആവശ്യമില്ലെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞിട്ടുണ്ടെന്ന് ബാള്‍ഡ്വിന്‍ വെളിപ്പെടുത്തി. 9/11 തീവ്രവാദ ആക്രമണത്തിന് ശേഷമായിരുന്നു ബാള്‍ഡ്വിന്‍ ക്രൈസ്തവ വിശ്വാസിയായി മാറിയത്.

‘ദി ഗ്രേറ്റ് അമേരിക്കന്‍ പില്‍ഗ്രിമേജ്’ എന്ന തന്റെ ടെലിവിഷന്‍ പരമ്പരയുടെ പ്രചരണാര്‍ത്ഥം അമേരിക്കന്‍ എന്റര്‍ടെയിന്‍മെന്റ് മാഗസിനായ ‘ദി ഹോളിവുഡ് റിപ്പോര്‍ട്ടറി’നു നല്‍കിയ അഭിമുഖത്തിലാണ് ക്രിസ്ത്യാനിയായതിന്റെ പേരില്‍ സിനിമാലോകത്ത് തനിക്ക് നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ച് ബാള്‍ഡ്വിന്‍ തുറന്നു പറഞ്ഞത്. അമേരിക്ക മുഴുവന്‍ സഞ്ചരിച്ച് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളുടെ ഐക്യത്തെക്കുറിച്ചും, വിശ്വാസത്തെക്കുറിച്ചും ജനങ്ങളുമായി സംവദിക്കുന്ന പരിപാടിയാണ് ‘ദി ഗ്രേറ്റ് അമേരിക്കന്‍ പില്‍ഗ്രിമേജ്’ എന്ന ടി.വി. പരമ്പര.

“ഹോളിവുഡിലെ യേശുവിന്റെ ഭ്രാന്തന്‍” എന്നാണ് താന്‍ അറിയപ്പെടുന്നതെന്ന്‍ ബാള്‍ഡ്വിന്‍ പറയുന്നു. എന്നാല്‍ താനത് കാര്യമായി എടുക്കുന്നില്ല. കഴിഞ്ഞ ‘15 വര്‍ഷമായി ഞാന്‍ യേശുവില്‍ വിശ്വസിക്കുകയാണ്. ഇക്കാരണത്താല്‍ തന്നെ ഹോളിവുഡിലെ പലരും എനിക്കൊപ്പം അഭിനയിക്കുന്നതിന് വിസമ്മതിച്ചു.’ ബാള്‍ഡ്വിന്‍ പറഞ്ഞു. ഇത് വെറുമൊരു ഊഹമല്ലെന്നും കാസ്റ്റിംഗ് വേളയില്‍ തന്റെ പേര് പൊങ്ങിവരുമ്പോള്‍ “ആ മനുഷ്യനേയും അവന്റെ ബൈബിളിനേയും നമുക്ക് വേണ്ട” എന്നായിരുന്നു പലരുടേയും പ്രതികരണമെന്നും കാസ്റ്റിംഗിലുള്ളവര്‍ക്ക് പുറമേ ചില നിര്‍മ്മാതാക്കളും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ബാള്‍ഡ്വിന്‍ കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ് ട്രംപിനോട് താല്‍പ്പര്യമില്ലാത്ത നിരവധി പേര്‍ ഹോളിവുഡിലുണ്ടെന്ന് ബാള്‍ഡ്വിന്‍ പറയുന്നു. ബാള്‍ഡ്വിനെ കൂടാതെ ‘പാഷന്‍ ഓഫ് ക്രൈസ്റ്റ്’ എന്ന സിനിമയില്‍ യേശുവിന്റെ വേഷം കൈകാര്യം ചെയ്ത ജിം കാവിയേസലും ഇത്തരം ആരോപണം ഉന്നയിച്ചിട്ടുണ്ട്. യേശുവിന്റെ വേഷം കൈകാര്യം ചെയ്തതുകൊണ്ട് മാത്രം തന്നെ സിനിമയില്‍ നിന്നും പുറത്താക്കിയെന്ന്‍ ഒരു പോളിഷ് മാധ്യമപ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തിലാണ് ജിം വെളിപ്പെടുത്തിയത്. “എല്ലാവര്‍ക്കും സ്വന്തം കുരിശ് ചുമക്കേണ്ടതുണ്ട്. ഞാനും ഈ നിര്‍മ്മാതാക്കളും എക്കാലവും ഭൂമിയില്‍ ഉണ്ടായെന്നു വരികയില്ല. നമുക്കെല്ലാവര്‍ക്കും ഒരിക്കല്‍ നമ്മള്‍ ചെയ്തതിനൊക്കെ മറുപടി നല്‍കേണ്ടതായി വരും”. ഇതായിരിന്നു കാവിയേസലിന്റെ പ്രതികരണം.

More Archives >>

Page 1 of 265