News - 2024

കടുത്ത മതസ്വാതന്ത്ര്യ ലംഘനം നടത്തുന്ന രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടുകൊണ്ട് അമേരിക്ക

സ്വന്തം ലേഖകന്‍ 05-01-2018 - Friday

വാഷിംഗ്ടണ്‍ ഡിസി: ആഗോളതലത്തില്‍ ഏറ്റവുമധികം മതസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന പത്തു രാജ്യങ്ങളുടെ പട്ടിക അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ടു. ‘കണ്ട്രീസ് ഓഫ് പര്‍ട്ടിക്കുലര്‍ കണ്‍സേണ്‍’ (CPC) വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ബര്‍മ്മ, ചൈന, എറിത്രിയ, ഇറാന്‍, നോര്‍ത്ത് കൊറിയ, സുഡാന്‍, സൗദി അറേബ്യ, താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളാണ് കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി മതസ്വാതന്ത്ര്യത്തിന് കടുത്ത വെല്ലുവിളി നേരിടുന്ന രാജ്യങ്ങള്‍.

നിരന്തരമായും അങ്ങേയറ്റം മോശമായ രീതിയില്‍ മതസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന രാജ്യങ്ങളാണ് സി‌പി‌സി വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ‘സ്പെഷ്യല്‍ വാച്ച് ലിസ്റ്റ്’ എന്നൊരു വിഭാഗം കൂടി ഇത്തവണത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാക്കിസ്ഥാനെ ഈ വിഭാഗത്തിലാണ് ചേര്‍ത്തിരിക്കുന്നത്.സി‌പി‌സി രാജ്യങ്ങളുടെയത്രത്തോളം നിയന്ത്രണം ഇല്ലെങ്കില്‍ പോലും ചില സാഹചര്യങ്ങളില്‍ കടുത്ത മതസ്വാതന്ത്ര്യ ലംഘനത്തില്‍ ഏര്‍പ്പെടുകയോ, അല്ലെങ്കില്‍ അവയെ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്ന രാജ്യങ്ങളാണ് ‘സ്പെഷ്യല്‍ വാച്ച് ലിസ്റ്റ്’ പട്ടികയില്‍ ഉള്‍പ്പെടുന്നത്.

ആഗോളതലത്തിലുള്ള മതസ്വാതന്ത്ര്യത്തെ കുറിച്ച് പഠിക്കുന്നതിന് 1998-ല്‍ സ്ഥാപിതമായ സര്‍ക്കാര്‍ കമ്മീഷനായ യു.എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (USCIRF) ഈ പട്ടികയെ അംഗീകരിച്ചിട്ടുണ്ട്. അതേസമയം റഷ്യ, വിയറ്റ്നാം, സിറിയ, നൈജീരിയ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് തുടങ്ങിയ രാജ്യങ്ങളും സി‌പി‌സി വിഭാഗത്തില്‍ ഉള്‍പ്പെടേണ്ടതായിരുന്നുവെന്നും, പാക്കിസ്ഥാന്‍ ‘സ്പെഷ്യല്‍ വാച്ച് ലിസ്റ്റ്’ വിഭാഗത്തിനു പകരം സി‌പി‌സി വിഭാഗത്തിലായിരിന്നു ഉള്‍പ്പെടേണ്ടിയിരിന്നതെന്നും കമ്മീഷന്റെ ചെയര്‍മാനായ ഡാനിയല്‍ മാര്‍ക്ക് പറഞ്ഞു.

പത്തുവര്‍ഷം മുന്‍പ് വരെ സി‌പി‌സി വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്ന വിയറ്റ്‌നാം, കമ്മീഷന്റെ ഇടപെടല്‍ നിമിത്തം ഒഴിവാക്കപ്പെടുകയായിരുന്നു. എന്നാല്‍ വിയറ്റ്‌നാമിനെ വീണ്ടും സി‌പി‌സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് യു‌എസ്‌സി‌ഐ‌ആര്‍‌എഫ് ആവശ്യപ്പെടുന്നത്. യഹോവ സാക്ഷികളെ തീവ്രവാദ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്തി അവരെ നിയമപരമായി ആരാധനകള്‍ അര്‍പ്പിക്കുന്നതില്‍ നിന്നും, സുവിശേഷം പ്രഘോഷിക്കുന്നതില്‍ നിന്നും വിലക്കിയ റഷ്യയും സി‌പി‌സി വിഭാഗത്തില്‍ ഉള്‍പ്പെടേണ്ട രാജ്യമാണെന്ന അഭിപ്രായമാണ് കമ്മീഷനുള്ളത്.


Related Articles »