News - 2024

വിശുദ്ധ കുര്‍ബാനയും കാരുണ്യ പ്രവര്‍ത്തികളും വിശ്വാസത്തിന്റെ അവിഭാജ്യഘടകങ്ങളെന്നു അമേരിക്കന്‍ വനിതകള്‍

സ്വന്തം ലേഖകന്‍ 17-01-2018 - Wednesday

വാഷിംഗ്ടണ്‍: കാരുണ്യ പ്രവര്‍ത്തികളും, വിശുദ്ധ കുര്‍ബാന സ്വീകരണവും കത്തോലിക്ക സഭയുടെ പ്രഥമ കര്‍ത്തവ്യങ്ങളിലൊന്നാണെന്ന് അഭിപ്രായപ്പെട്ടുക്കൊണ്ട് അമേരിക്കന്‍ വനിതകള്‍. ജെസ്യൂട്ട് സഭയുടെ കീഴിലുള്ള അമേരിക്കന്‍ മാഗസിന്റെ നിര്‍ദ്ദേശപ്രകാരം, ജോര്‍ജ്ജ്ടൌണ്‍ സര്‍വ്വകലാശാലയിലെ അപ്പോസ്റ്റലേറ്റിന്റെ കീഴിലുള്ള സെന്റര്‍ ഫോര്‍ അപ്ലൈഡ് റിസര്‍ച്ചും (CARA), ജി.എഫ്.കെ. ഗ്രൂപ്പും സംയുക്തമായി നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ നിന്നുമാണ് ഈ വിവരങ്ങള്‍ വ്യക്തമായത്. അമേരിക്കയിലെ കത്തോലിക്ക സ്ത്രീകളില്‍ 98 ശതമാനവും ദൈവത്തില്‍ വിശ്വസിക്കുന്നുവെന്ന്‍ സര്‍വ്വേ വെളിപ്പെടുത്തുന്നു.

എന്നാല്‍ കത്തോലിക്കാ സ്ത്രീകളില്‍ യുവതലമുറയിലെ 17% ശതമാനം മാത്രമാണ് ആഴ്ചതോറും പള്ളിയില്‍ പോകുന്നത്. ദേവാലയത്തില്‍ പോകുന്നവരുടേയും വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുന്നവരുടേയും എണ്ണത്തില്‍ കുറവാണ് സര്‍വ്വേയില്‍ ചൂണ്ടിക്കാണിക്കുന്നത്. കാരുണ്യ പ്രവര്‍ത്തികളും, വിശുദ്ധ കുര്‍ബാന സ്വീകരണവും സഭയുടെ പ്രഥമ കര്‍ത്തവ്യങ്ങളിലൊന്നാണെന്ന് ഭൂരിഭാഗം പേരും സമ്മതിക്കുന്നു. ഇടവകകാര്യങ്ങളില്‍ സ്ത്രീകള്‍ക്കും പ്രാതിനിധ്യം നല്‍കുന്നത് ഒരു നല്ലകാര്യമാണെന്നന അഭിപ്രായക്കാരാണ് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും.

പ്രായത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ യുവതലമുറക്കാണ് ദേവാലയത്തില്‍ പോകുവാന്‍ ഒട്ടും തന്നെ താല്‍പ്പര്യമില്ലാത്തതെന്നും സര്‍വ്വേഫലത്തിലുണ്ട്. 50 ശതമാനം പേരും ഇടവക കൗണ്‍സിലില്‍ സ്ത്രീകളെകൂടി ഉള്‍പ്പെടുത്തണമെന്ന പക്ഷക്കാരാണ്. 49% പേര്‍ അല്‍മായ പ്രേഷിതരംഗങ്ങളിലും, 45% പേര്‍ ഇടവകകാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിലും സ്ത്രീകളെ കൂടി ഉള്‍പ്പെടുത്തണമെന്ന് പറയുന്നു. സര്‍വ്വേഫലം കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ഒരു ഓര്‍മ്മപ്പെടുത്തലാണെന്നും, തങ്ങളുടെ യുവതലമുറയെ സഭ കാര്യമായി തന്നെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നും മാഗസിന്റെ എക്സിക്യുട്ടീവ്‌ എഡിറ്ററായ കെറി വെബ്ബര്‍ വ്യക്തമാക്കി. ഇംഗ്ലീഷ് ഭാഷയിലും സ്പാനിഷ് ഭാഷയിലുമായിരുന്നു സര്‍വ്വേ നടത്തിയത്.


Related Articles »