News - 2025

'ഡോക്ടര്‍ അബോര്‍ഷന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു, പക്ഷേ ഞങ്ങള്‍ ദൈവത്തില്‍ ആശ്രയിച്ചു'; മനസ്സ് തുറന്ന് അമേരിക്കൻ താരത്തിന്റെ അമ്മ

സ്വന്തം ലേഖകന്‍ 24-01-2018 - Wednesday

വാഷിംഗ്ടൺ: അമേരിക്കന്‍ ബേസ്ബോള്‍ താരം ടിം ടെബോയെ ഉദരത്തില്‍ വഹിച്ചിരിന്ന സമയത്ത് ഡോക്ടര്‍മാര്‍ തന്നോടു അബോര്‍ഷന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ദൈവത്തില്‍ ആശ്രയിച്ചു മകന് ജന്മം നല്‍കുകയായിരിന്നുവെന്നും താരത്തിന്റെ അമ്മയുടെ സാക്ഷ്യപ്പെടുത്തല്‍. മാർച്ച് ഫോർ ലൈഫിനോട് അനുബന്ധിച്ച് ജനുവരി 19 വെള്ളിയാഴ്ച നടന്ന ചടങ്ങിലാണ് പമേള ടെബോ തന്റെ അനുഭവം പങ്കുവെച്ചത്. മുപ്പത്തിയൊന്ന് വർഷങ്ങൾക്ക് മുൻപ് തന്റെ ജീവന് ഭീഷണിയാണ് എന്ന കാരണത്താല്‍ കുഞ്ഞിനെ അബോര്‍ഷന്‍ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരിന്നുവെന്ന്‍ പമേള പറയുന്നു.

ഗർഭിണിയായിരിക്കെ രക്തസ്രാവവും വേദനയും കഠിനമായിരുന്നു. പലപ്പോഴും കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുമോ എന്നു പോലും ചിന്തിച്ചു. നഗരത്തിലെ തന്നെ പ്രശസ്തയായ ഡോക്ടറാണ് പരിശോധിച്ചതെങ്കിലും പ്രശ്നങ്ങളെ തുടര്‍ന്നു അബോർഷന് അവര്‍ നിർബന്ധിക്കുകയായിരിന്നു. എന്നാൽ ഡോക്ടറുടെ നിർദ്ദേശത്തെ താനും ഭർത്താവും അവഗണിച്ചു. ദൈവത്തിലുള്ള ആശ്രയവും ഉദരത്തിലെ ജീവനോടുള്ള സ്നേഹവും മൂലം ഭ്രൂണഹത്യ ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരിന്നു.

അമേരിക്കയിൽ അബോർഷനു ഇരയാകുന്ന ശിശുക്കളെ പ്രതി ദുഃഖിച്ചിരുന്ന ബോബ് ടെബോ, ദൈവം ഒരു മകനെ തന്നാൽ തിമോത്തി എന്ന് പേരിടാം എന്ന് തീരുമാനിച്ചു. ഗർഭാവസ്ഥയിലെ സങ്കീർണതകൾക്കിടയിലും ദൈവസ്നേഹത്തിൽ ആശയിച്ച ദമ്പതികളെ പ്രോലൈഫ് പ്രവർത്തകനായ ഒരു ഡോക്ടർ സഹായിച്ചു. അത്ഭുത ശിശുവായ ടെബോയുടെ ജനനം അദ്ദേഹത്തിന്റെ വിശ്വാസത്തെയും ആഴപ്പെടുത്തി. തൂക്കം കുറവായിരുന്ന ശിശുവിന്റെ ആരോഗ്യത്തിനായി വീട്ടുകാരും കൂട്ടുകാരും പ്രാർത്ഥിച്ചു. പ്രാർത്ഥനകൾക്ക് ഉത്തരം നല്കിയ ദൈവം ടിം ടെബോയെ ശരിക്കും ഉന്നതിയിലേക്ക് വളര്‍ത്തുകയായിരിന്നു. രാജ്യത്തെ അറിയപ്പെടുന്ന മികച്ച ബേസ്ബോൾ കായിക താരമാണ് ഇദ്ദേഹം.

ദൈവഹിതത്തിന് വിധേയപ്പെട്ട് നാം ജീവിക്കുമ്പോഴാണ് ജീവിതം അർത്ഥപൂർണമാകുന്നതെന്നും ദൈവത്തിന്റെ പ്രതിഫലം ഇഹലോകത്തിലല്ല എന്നും നിർത്താതെയുള്ള കരഘോഷത്തിനിടയിൽ പമേള ടെബോ പറഞ്ഞു. വാഷിംഗ്ടൺ മാളിൽ എത്തിച്ചേർന്ന ആയിരക്കണക്കിന് പ്രോലൈഫ് പ്രവർത്തകരാണ് പമേളയുടെ വിശ്വാസസാക്ഷ്യം ഉൾക്കൊണ്ടത്. തന്റെ മാതാപിതാക്കളില്‍ നിന്ന്‍ ലഭിച്ച വിശ്വാസം പ്രഘോഷിക്കുന്നതില്‍ മടിക്കാണിക്കാത്ത താരമാണ് ടിം. മത്സരകളങ്ങളില്‍ കണ്ണിന് താഴെ ബൈബിള്‍ വാക്യങ്ങള്‍ എഴുതിയും ട്വിറ്ററില്‍ അനുദിനം ദൈവവചനം പങ്കുവെച്ചും ശ്രദ്ധേയനാണ് അദ്ദേഹം.

More Archives >>

Page 1 of 277