News - 2025

ദൈവത്തിന്റെ സൃഷ്ടി ഭൂമുഖത്ത് എന്നും മനോഹരമായിരിക്കണം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 21-01-2018 - Sunday

പുവേര്‍ത്തോ മാള്‍ഡൊണാഡോ: ദൈവത്തിന്‍റെ സൃഷ്ടി ഭൂമുഖത്ത് എന്നും മനോഹരമായിരിക്കണമെന്നും ഓരോ സൃഷ്ട്ടിയും സംരക്ഷിക്കപ്പെടണമെന്നും ഫ്രാന്‍സിസ് പാപ്പ. പെറുവിലെ പുവേര്‍ത്തോ മാള്‍ഡൊണാഡോയില്‍ തദ്ദേശീയ ജനതയോട് സംസാരിക്കുകയായിരിന്നു അദ്ദേഹം. ആമസോണിയന്‍ ജനതയുടെ വൈവിധ്യാമാര്‍ന്ന രൂപഭാവങ്ങളും ജൈവവൈവിധ്യങ്ങളും മനോഹരമാണെന്നും ഈ ദൈവിക മഹിമാവ് മനുഷ്യരിലും സൃഷ്ടിയിലും ഭൂമിയിലും സംരക്ഷിക്കപ്പെടണമെന്നും ഫ്രാന്‍സിസ് പാപ്പ പ്രസ്താവിച്ചു.

മണ്ണിന്‍റെ നമ്പത്ത് നശിപ്പിക്കപ്പെടരുത്. ഇവിടെ ജനങ്ങള്‍ ജീവിക്കണം, അവര്‍ സംരക്ഷിക്കപ്പെടണം. അങ്ങനെ ദൈവത്തിന്‍റെ സൃഷ്ടി ഭൂമുഖത്ത് എന്നും മനോഹരമായിരിക്കണം. രമ്യതയില്‍ മനുഷ്യര്‍ ജീവിക്കണം. സഭയുടെ ഹൃദയത്തില്‍ തദ്ദേശജനതയ്ക്ക് ഒരു പ്രത്യേക സ്ഥാനവും ഇടവുമുണ്ട്. പ്രകൃതിയുടെയും ഭൂമിയുടെയും സംരക്ഷണത്തിന്‍റെ പേരില്‍ ഇവിടെ വസിക്കുന്ന തദ്ദേശജനത അവഗണിക്കപ്പെടുകയും പുറംതള്ളപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. അടിച്ചമര്‍ത്തപ്പെടുന്നുണ്ട്. അവര്‍ക്ക് ഭൂമി നഷ്ടമാകുന്നുണ്ട്. കാടിന്‍റെ മക്കള്‍ക്ക് തലചായ്ക്കാന്‍ ഇടമില്ലാതാകുന്നുണ്ട്.

തദ്ദേശീയര്‍, ഈ നാടിന്‍റെ മക്കള്‍ ആദരിക്കപ്പെടണം. സംവാദം, അംഗീകാരം എന്നിവ അവരുമായുള്ള ഇടപഴകലുകളില്‍ ഉന്നതസ്ഥരും, നേതാക്കളും ഭരണകര്‍ത്താക്കളും എപ്പോഴും മാനിക്കേണ്ടതാണ്. അവരുടെ ഭാഷ, സംസ്ക്കാരം, ആത്മീയത, പാരമ്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കപ്പെടണം. പൊതുഭവനമായ ഭൂമി സംരക്ഷിക്കേണ്ട ഉത്തരവാദിത്ത്വം എല്ലാവരുടേതുമാണ്. തദ്ദേശ ജനതയ്ക്ക് നന്മചെയ്യണമെങ്കില്‍ അവരുടെ ജീവിതചുറ്റുപാടുകള്‍ മെച്ചപ്പെടുത്തുകയാണു വേണ്ടത്. സ്വാതന്ത്ര്യത്തിന്‍റെ ആനന്ദം അവര്‍ അനുഭവിക്കണമെന്നും നീതി അവര്‍ക്കായി നടപ്പാക്കണമെന്നും ഫ്രാന്‍സിസ് പാപ്പ തന്റെ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.

More Archives >>

Page 1 of 276