News - 2025
അയര്‍ലണ്ടില്‍ സാത്താനിക പ്രവർത്തനങ്ങള്‍ വര്‍ദ്ധിക്കുന്നു; മുന്നറിയിപ്പുമായി പ്രമുഖ ഭൂതോച്ചാടകന്‍
സ്വന്തം ലേഖകന്‍ 20-01-2018 - Saturday
ഡബ്ളിൻ: അയര്‍ലണ്ടില്‍ പിശാചുബാധയും മറ്റ് സാത്താനിക പ്രവർത്തനങ്ങളും വർദ്ധിച്ചു വരുന്നതായി രാജ്യത്തെ പ്രമുഖ ഭൂതോച്ചാടകനായ ഫാ.പാറ്റ് കോളിൻസിന്റെ മുന്നറിയിപ്പ്. ഭൂതോച്ചാടകൻ എന്ന നിലയിൽ തന്റെ അനുഭവത്തിൽ നിന്നാണ് സ്ഥിതിഗതികൾ വ്യക്തമാക്കുന്നതെന്നും പിശാചുബാധയുടെ നിരവധി സംഭവങ്ങളാണ് ഓരോ ദിവസവും തന്നെ തേടിയെത്തുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. സഭാനേതൃത്വം ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നും കൂടുതല്‍ ഭൂതോച്ചാടകരെ നിയമിക്കണമെന്നും അദ്ദേഹം ഐറിഷ് കത്തോലിക്ക പത്രത്തിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭൂതോച്ചാടക സംഭവങ്ങളുടെ സംഖ്യ ക്രമാതീതമായി വർദ്ധിച്ചു വരുന്നു. മാനസിക വിഭ്രാന്തിയും പൈശാചിക ബാധയും തിരിച്ചറിയുകയാണ് ഇതില്‍ പ്രധാനം. മാനസിക വിഭ്രാന്തിയുടെ ഭാഗമായി സാത്താൻ ആക്രമിക്കുന്നുവെന്ന തോന്നലുകളും ശക്തമാണ്. ഇത്തരം തെറ്റിധാരണകളോടെ ജീവിക്കുന്നവരെ തിരുത്താനും ആശ്വസിപ്പിക്കാനും സഭയിൽ സംവിധാനങ്ങൾ ഒരുക്കണം.
പിശാചുബാധിതർക്ക് ശരിയായ വിടുതൽ ലഭിക്കാത്ത പക്ഷം അവരുടെ അവസ്ഥ കൂടുതൽ സങ്കീർണമാകുന്നു. സൈക്കോളജിസ്റ്റിന്റെ സേവനം ഉപകരിക്കണമെന്നില്ല. ഭൂതോച്ചാടനത്തിന്റെ യഥാർത്ഥ്യം മനസ്സിലാക്കി സഭാനേതൃത്വം കൂടുതല്‍ പദ്ധതികൾ ആവിഷ്കരിക്കണമെന്നും ഫാ.പാറ്റ് പറഞ്ഞു. നേരത്തെ ഐറിഷ് സഭയെ അഭിസംബോധന ചെയ്ത് അയച്ച കത്തിൽ സഭയെ തന്നെ പിടിച്ചുലയ്ക്കാൻ തിന്മയുടെ ശക്തികൾ പ്രവർത്തിക്കുന്നുവെന്ന വസ്തുത പലർക്കും അവിശ്വസനീയമാണെന്നു അദ്ദേഹം കുറിച്ചിരിന്നു.