News

മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്ര പദവിയില്‍ കുറവിലങ്ങാട് ദേവാലയം

സ്വന്തം ലേഖകന്‍ 21-01-2018 - Sunday

കുറവിലങ്ങാട്: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന ദേവാലയത്തെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ആര്‍ച്ച് ഡീക്കന്‍ പദവിയിലേക്ക് ഉയര്‍ത്തി. നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പിനോട് അനുബന്ധിച്ച് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പ്രഖ്യാപനം നടത്തിയത്. സീറോ മലബാര്‍ സിനഡിന്റെ ശുപാര്‍ശ പ്രകാരമാണ് കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന ദേവാലയത്തിന് ഈ പദവി ലഭിച്ചിരിക്കുന്നത്. സീറോമലബാര്‍ സഭയില്‍ ആദ്യമായാണ് ഒരു ഇടവക ദേവാലയത്തിനു സിനഡ് ഒരു പ്രത്യേക പദവി നല്‍കുന്നത്.

കുറവിലങ്ങാട് മര്‍ത്ത്മറിയം ഇടവകയുടെ ചരിത്ര പ്രാധാന്യവും തീര്‍ത്ഥാടക പ്രവാഹവും കണക്കിലെടുത്താണ് പുതിയ പദവി. കുറവിലങ്ങാടിന് അര്‍ഹമായ അംഗീകാരം സഭാ നേതൃത്വത്തില്‍നിന്നു നല്‍കണമെന്നാവശ്യപ്പെട്ടു വികാരി റവ.ഡോ.ജോസഫ് തടത്തിലിന്റെ നേതൃത്വത്തില്‍ ഇടവക പൊതുയോഗവും പ്രതിനിധിയോഗവും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖേന സിനഡിന് അപേക്ഷ നല്‍കിയിരുന്നു. പൗരസ്ത്യസഭകളില്‍ ഒരു ദേവാലയത്തിനു നല്‍കുന്ന ഏറ്റവും വലിയ പദവിയാണ് കുറവിലങ്ങാട് പള്ളിക്കു ലഭിച്ചത്.

സിനഡിന്റെ തീരുമാനപ്രകാരം പ്രഖ്യാപനത്തിന്റെ കോപ്പി പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് സമര്‍പ്പിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാന്പിക്കല്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറന്പില്‍, രൂപതാ വികാരി ജനറാള്‍മാര്‍, ഫൊറോന വികാരി ഫാ. ജോസഫ് തടത്തില്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം നടത്തിയത്. ദിവ്യബലിക്കുശേഷം ദേവാലയത്തിലെ മൂന്ന് നോമ്പ് തിരുനാളിനും കര്‍ദ്ദിനാള്‍ കൊടിയേറ്റി.

മാര്‍ത്തോമ്മാ മക്കളുടെ ജറുസലേമാണ് കുറവിലങ്ങാടെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി പറഞ്ഞു. ദൃശ്യവത്കരിച്ച അദ്ഭുത നീരുറവയുടെ വെഞ്ചരിപ്പും നടന്നു. നാളെ രാവിലെ 8.20ന് ദേവാലയ സ്മാരക തപാൽ കവർ കേരള സർക്കിൾ തപാൽ വകുപ്പ് പോസ്റ്റ്മാസ്റ്റർ ജനറൽ സുമതി രവിചന്ദ്രൻ പ്രകാശനം ചെയ്യും. ഇടവകയുമായി ബന്ധപ്പെട്ടു പ്രത്യേക സ്റ്റാന്പും പുറത്തിറക്കും. 23ന് ഉച്ചയ്ക്ക് ഒന്നിനു ചരിത്രപ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം നടക്കും.

More Archives >>

Page 1 of 276