News - 2025

പാക്കിസ്ഥാനില്‍ അടച്ചുപൂട്ടിയ ആറ് ദേവാലയങ്ങള്‍ തുറക്കാന്‍ അനുമതി

സ്വന്തം ലേഖകന്‍ 23-01-2018 - Tuesday

ലാഹോര്‍: പാക്കിസ്ഥാനില്‍ ബിന്‍ലാദന്റെ ഒളിത്താവളമെന്ന പേരില്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന ആബട്ടാബാദില്‍ അടച്ചുപൂട്ടിയ ആറ് ക്രൈസ്തവ ദേവാലയങ്ങള്‍ തുറക്കുവാന്‍ അനുമതി. വടക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖാ പ്രവിശ്യാ ഗവണ്‍മെന്റാണ് അനുവാദം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മൈനോരിറ്റി വിഭാഗം കോ-ഓര്‍ഡിനേറ്ററായ രവി കുമാറാണ് തങ്ങളെ ഇക്കാര്യം ഫോണില്‍ അറിയിച്ചതെന്ന് സെന്റ്‌ പീറ്റര്‍ കനീസിയൂസ് കത്തോലിക്ക ദേവാലയത്തിലെ വൈദികനായ ഫാദര്‍ അര്‍ഷാദ് നായെര്‍ പറഞ്ഞു. ഔദ്യോഗികമായ അനുമതിക്കായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഡിസംബര്‍ 17-ന് 9 പേരുടെ മരണത്തിനും 57 പേരുടെ പരിക്കിനും ഇടയാക്കിയ ക്വിറ്റായിലെ മെത്തഡിസ്റ്റ് ദേവാലയത്തിന് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്നാണ്‌ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടിയത്. അസ്സംബ്ലി ഓഫ് ഗോഡ് ചര്‍ച്ച്, യുണൈറ്റഡ് പ്രിസ്ബൈറ്റേറിയന്‍ ചര്‍ച്ച്, ഇമ്മാനുവല്‍ പെന്തക്കോസ്തല്‍ ചര്‍ച്ച്, കിംഗ്ഡം ഓഫ് ഗോഡ് ചര്‍ച്ച് എന്നിവയെ കൂടാതെ രണ്ട് ഇവാഞ്ചലിക്കല്‍ ചര്‍ച്ചുകളാണ് അടച്ചു പൂട്ടിയത്.

ആബട്ടാബാദില്‍ ഏതാണ്ട് 400-ഓളം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഉണ്ട്. ഇതില്‍ 75 എണ്ണം കത്തോലിക്കാ കുടുംബങ്ങളാണ്. ദേവാലയങ്ങള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന്‍ പ്രദേശത്തെ ക്രൈസ്തവര്‍ വീടുകളിലും വാടകക്കെടുത്ത സ്ഥലങ്ങളിലുമായിരുന്നു ആരാധനകള്‍ നടത്തി വന്നിരുന്നത്. രാജ്യത്തു ഓഖാഫ് ഡിപ്പാര്‍ട്ട്മെന്റില്‍ ആരാധനാലയങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നത് കര്‍ശന നിബന്ധനയാണ്. പ്രാദേശിക മുസ്ലീം പള്ളികള്‍ക്ക് ഈ രജിസ്ട്രേഷന്റെ ആവശ്യമില്ല.ഇതിന് സമാനമായി പ്രാദേശിക ക്രിസ്ത്യന്‍ ദേവാലയങ്ങളേയും ഇത്തരം സര്‍ട്ടിഫിക്കറ്റുകളില്‍ നിന്നും ഒഴിവാക്കേണ്ടതാണെന്ന് ഫാ. അര്‍ഷാദ് നായെര്‍ പറഞ്ഞു.

സര്‍ക്കാര്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ വീടുകളിലും മറ്റും രഹസ്യമായി ആരാധനകള്‍ നടത്തുന്ന ക്രിസ്ത്യന്‍ കൂട്ടായ്മകളും പാക്കിസ്ഥാനിലുണ്ട്. പുതുവത്സരത്തോടനുബന്ധിച്ച് നടന്ന ആരാധനക്കിടയിലാണ് ദേവാലയം അടച്ചു പൂട്ടാനുള്ള ഉത്തരവ് തങ്ങള്‍ക്ക് ലഭിച്ചതെന്ന്‍ യുണൈറ്റഡ് പ്രിസ്ബൈറ്റേറിയന്‍ ചര്‍ച്ചിന്റെ പാസ്റ്ററായ റവ. സാദിഖ് മസ്സി പറഞ്ഞു. . ദൈവത്തിന് വേണ്ടിയുള്ള പ്രവര്‍ത്തികള്‍ ഒരിക്കലും നിലക്കുവാന്‍ പാടില്ലെന്നും പുതിയ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More Archives >>

Page 1 of 277