News
ഇംഗ്ലണ്ടിലെ ദേവാലയ മണിനാദം നിലയ്ക്കില്ല
സ്വന്തം ലേഖകന്‍ 22-01-2018 - Monday
ലണ്ടന്‍: ഇംഗ്ലണ്ടില്‍ ദേവാലയ മണികള്‍ മുഴക്കുന്നത് വിലക്കേര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് മന്ത്രിമാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പള്ളികള്‍ക്കൊപ്പം നില്‍ക്കുമെന്നും പള്ളിമണികളെ സംരക്ഷിക്കുമെന്നും ഇതുസംബന്ധിച്ച ഔദ്യോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും മന്ത്രിമാര്‍ അറിയിച്ചു. ഗ്രാമങ്ങളിലും നഗരങ്ങളിലും പുതുതായി താമസത്തിന് വരുന്ന ആളുകള്‍ പള്ളിമണികളുടെ ശബ്ദം ശല്ല്യമാണെന്നു പരാതിപ്പെട്ടതിനെ തുടര്‍ന്നു ചില കൗണ്‍സിലുകള്‍ തങ്ങളുടെ മേഖലയിലെ പള്ളിമണികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന സാഹചര്യത്തിലാണ് മന്ത്രിമാരുടെ ഇടപെടല്‍.
സാന്‍ഡ്വിച്ചിലെ സെന്റ് പീറ്റേഴ്സ് ചര്‍ച്ചിലെ മണികള്‍ക്ക് ഡോവര്‍ കൗണ്‍സില്‍ വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നു ടോറി എംപിയായ ക്രെയിഗ് മക്കിന്‍ലേയാണ് ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. തുടര്‍ന്നു നിയമങ്ങളില്‍ മാറ്റംവരുത്തുവാനുള്ള തീരുമാനം മന്ത്രിമാര്‍ അറിയിക്കുകയായിരിന്നു. സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍ 1779-മുതല്‍ ഉപയോഗിച്ചുകൊണ്ടിരുന്ന മണികള്‍ക്കാണ് ഡോവര്‍ കൗണ്‍സില്‍ വിലക്കേര്‍പ്പെടുത്തിയത്. വിവേകശൂന്യമായ നിയന്ത്രണങ്ങള്‍ പള്ളികള്‍ക്ക് ഏര്‍പ്പെടുത്തുകയില്ലെന്ന് മന്ത്രിമാര്‍ അറിയിച്ചു.
പുതിയ താമസക്കാരെ സംബന്ധിച്ച നയരേഖകളിലും നിയമങ്ങളിലും കാതലായ മാറ്റങ്ങള്‍ വരുത്തി ദേവാലയ മണികള്‍ സംരക്ഷിക്കും. ശബ്ദം മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കേണ്ട ചുമതല കെട്ടിട നിര്‍മ്മാതാക്കള്‍ക്കായിരിക്കും. 'ദി ചര്‍ച്ച് ബില്‍ഡിംഗ് കൗണ്‍സില്‍' ഈ നീക്കത്തെ പിന്തുണച്ചിട്ടുണ്ട്. ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇംഗ്ലണ്ടിലെ ക്രിസ്ത്യന്‍ ആരാധനയുടെ ഭാഗമായിരുന്നു ദേവാലയമണികള്‍. പതിമൂന്നാം നൂറ്റാണ്ടിലെ മണികള്‍ വരെ ചില പള്ളികളില്‍ ഉണ്ടെന്നും ദേവാലയ മണികളുടെ സംരക്ഷണത്തിനായി പ്രത്യേക ഗ്രാന്റ് ഏര്‍പ്പെടുത്തുവാനുള്ള പദ്ധതിയുണ്ടെന്നും ചര്‍ച്ച് ബില്‍ഡിംഗ് കൗണ്‍സില്‍ അറിയിച്ചു.
അതിനാല്‍ ദേവാലയങ്ങള്‍ക്ക് മേല്‍ അനാവശ്യ നിയന്ത്രണങ്ങള്‍ പാടില്ലെന്ന് നാഷണല്‍ പ്ലാനിംഗ് പോളിസിയുടെ നയരേഖകളില്‍ പറയുന്നുണ്ട്. അതേസമയം ദേവാലയ മണികളെ സംരക്ഷിക്കുവാനായി ‘സേവ് ഔര്‍ ചൈംസ്’ പ്രചാരണ പരിപാടി ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക സര്‍വ്വേയില്‍ 85 ശതമാനം ആളുകളും തങ്ങളുടെ പള്ളിമണികള്‍ സംരക്ഷിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. ഡോവര്‍ കൗണ്‍സിലിന്റെ തീരുമാനത്തിന് എതിരായ പരാതിയില്‍ ഇതുവരെ നാലായിരത്തോളം ആളുകള്‍ ഒപ്പിട്ടിട്ടുണ്ട്.