News
ഇറാനില്‍ ക്രിസ്തീയ ചാനലുകള്‍ കാണുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്
സ്വന്തം ലേഖകന്‍ 29-01-2018 - Monday
ടെഹ്റാന്‍: ഇസ്ളാമിക രാജ്യമായ ഇറാനില്‍ ക്രൈസ്തവ വിശ്വാസം വളര്‍ന്നു കൊണ്ടിരിക്കുകയാണെന്ന വാര്‍ത്തകളെ സ്ഥിരീകരിച്ച് വീണ്ടും വെളിപ്പെടുത്തല്‍. രാജ്യത്തു ക്രിസ്തീയ ചാനലുകള്‍ കാണുന്നവരുടെ എണ്ണത്തില്‍ 400 മടങ്ങ് വളര്‍ച്ച ഉണ്ടായതായും പതിനായിരകണക്കിന് ഇസ്ലാം മതസ്ഥര്‍ തങ്ങളുടെ വിശ്വാസമുപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയാണെന്നും ഹാര്‍ട്ട് 4 ഇറാന്‍ മിനിസ്ട്രിയുടെ പ്രസിഡന്റായ മൈക് അന്‍സാരി വെളിപ്പെടുത്തി. അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകരായ ജോര്‍ജ്ജ് തോമസിനും, ഗാരി ലെയ്‌നും നല്‍കിയ അഭിമുഖത്തിലൂടെയാണ് ഇക്കാര്യം അദ്ദേഹം പുറംലോകത്തെ അറിയിച്ചത്.
സുവിശേഷം വഴി ആത്മാക്കളെ പരിവര്‍ത്തനത്തിന് വിധേയമാക്കികൊണ്ട് യേശു തന്റെ സഭ ഇറാനില്‍ സൃഷ്ടിക്കുകയാണെന്ന്‍ അദ്ദേഹം പറഞ്ഞു. 2006-ല്‍ പാഴ്സി ഭാഷയില്‍ 24 മണിക്കൂറും സുവിശേഷ പരിപാടികള്‍ സംപ്രേഷണം ചെയ്തിരുന്ന ഏക ടിവി ചാനല്‍ മൊഹബത്ത് ടിവി മാത്രമായിരുന്നു. ഇന്ന് തുടര്‍ച്ചയായി ക്രൈസ്തവ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്ന 4 ചാനലുകള്‍ രംഗത്തുണ്ട്. അതില്‍ ഒരെണ്ണം മാത്രമാണ് മൊഹബത്ത് ടിവി. മൊഹബത്ത് ടിവി കണ്ട 20-ഓളം ഇറാന്‍ സ്വദേശികള്‍ അജ്ഞാതമായ സ്ഥലത്ത് പോയി ജ്ഞാനസ്നാനം സ്വീകരിച്ചത് ഈ അടുത്തകാലത്താണെന്നും അന്‍സാരി വെളിപ്പെടുത്തി.
അടുത്തിടെ നടത്തിയ സര്‍വ്വേയില്‍ കഴിഞ്ഞ 12 മാസങ്ങള്‍ക്കിടയില്‍ ഏതാണ്ട് 16 ദശലക്ഷത്തോളം ജനങ്ങള്‍ മൊഹബത്ത് ടിവിയുടെ ഒന്നോ അതിലധികമോ പരിപാടികള്‍ കണ്ടിട്ടുണ്ടെന്ന് വ്യക്തമായതായി അദ്ദേഹം പറഞ്ഞു. ചാനല്‍ സ്ഥാപിതമായി 11 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും 400 ശതമാനത്തോളം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏതാണ്ട് 700-ഓളം കോളുകള്‍ ഓരോ ദിവസവും തങ്ങള്‍ക്ക് ലഭിക്കുന്നു. ചാനല്‍ സ്ഥാപിതമായതിന് ശേഷം എത്രത്തോളം പേര്‍ യേശുവിനെ സ്വീകരിച്ചിട്ടുണ്ടെന്ന ചോദ്യത്തിന് ഇതുവരെ ഏതാണ്ട് 1 ദശലക്ഷത്തോളം ആളുകള്‍ തങ്ങളുടെ കോള്‍ സെന്റര്‍ മുഖാന്തിരം തങ്ങളെ ബന്ധപ്പെട്ടതായി അദ്ദേഹം വെളിപ്പെടുത്തി.
ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരില്‍ കൂടുതലും 18-30 വയസ്സിനിടയിലുള്ളവരാണ്. 40 വര്‍ഷത്തെ ഇസ്ലാമിക ഭരണത്തിനിടയില്‍ ഇസ്ലാമിനോട് അസംതൃപ്തിയുള്ളവരാണ് ഭൂരിഭാഗം പേരും. വീടുകള്‍ കേന്ദ്രീകരിച്ച് ആരാധനകള്‍ നടത്തുന്ന കാര്യത്തില്‍ വേഗമേറിയ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളില്‍ ഒന്ന് ഇറാനാണെന്ന് 2016-ല്‍ വേള്‍ഡ് മിഷന്‍ പ്രഖ്യാപിച്ച കാര്യം അന്‍സാരി ചൂണ്ടിക്കാണിച്ചു. ഇസ്ലാമിനോടുള്ള താല്‍പ്പര്യം നശിക്കുകയും, ജീവിതത്തിന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അന്വേഷിക്കുകയും ചെയ്തതിന്റെ ഫലമാണ് ഈ വളര്‍ച്ച.
നമ്മുടെ ദൈവം ഇസ്ലാം മതസ്ഥരുടെ ഇടയിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് മൈക് അന്‍സാരി തന്റെ അഭിമുഖം അവസാനിപ്പിച്ചത്. ഇറാനിലെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രശ്നങ്ങളും, സാമ്പത്തിക വെല്ലുവിളികളും, ഭരണകൂടത്തിനെതിരായ വെറുപ്പും ജനങ്ങള്‍ക്കിടയില്‍ ഉളവാക്കിയ അസ്വസ്ഥതയാണ് കൂട്ടായ വിശ്വാസപരിവര്‍ത്തനത്തിന് പിന്നിലെ കാരണമെന്നാണ് വിദഗ്ദാഭിപ്രായം. ഇറാനില്‍ പതിനായിര കണക്കിനു ഇസ്ലാം മതസ്ഥര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് നേരത്തെയും പുറത്തുവന്നിരിന്നു.