News
"ശത്രുക്കൾ കീഴ്‌പ്പെടുത്താൻ ശ്രമിക്കും, പക്ഷേ അവർ വിജയിക്കില്ല"; ക്രൈസ്തവരോട് യുക്രൈൻ സഭാധ്യക്ഷന്‍
സ്വന്തം ലേഖകന്‍ 30-01-2018 - Tuesday
വത്തിക്കാൻ സിറ്റി: പീഡനം വഴി ക്രൈസ്തവരെ ഇല്ലാതാക്കാന്‍ ശത്രുക്കള്‍ ശ്രമിച്ചാലും അവര്‍ക്ക് യേശുവിന്റെ മൗതീക ശരീരമായ സഭയെ നശിപ്പിക്കാനാകില്ലെന്ന് യുക്രൈൻ കത്തോലിക്ക സഭയിലെ കീവ് ഹാലിക്ക് അതിരൂപത മെത്രാനായ സ്വിയാസ്ലോവ് ഷെവ്ചുക്ക്. ആഭ്യന്തര യുദ്ധത്തിന്റെയും മാർപാപ്പയുടെ യുക്രൈൻ ദേവാലയ സന്ദർശനത്തിന്റെയും പശ്ചാത്തലത്തില്‍ ജനുവരി 26 ന് വത്തിക്കാനിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവര്‍ അനുഭവിക്കുന്ന ക്രൂരമായ പീഡനങ്ങളെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സംസാരിച്ചത്.
സോവിയറ്റ് അധീനതയിലായിരുന്ന യുക്രൈനിൽ അരനൂറ്റാണ്ടിനിടയിൽ മൂവായിരത്തോളം രക്തസാക്ഷികളാണ് മതപീഡനത്തിനിരയായത്. എന്നാൽ, പീഡനങ്ങളെ അതിജീവിച്ച് നിരന്തരം വിശ്വാസ വളർച്ചയിൽ സഭ ശക്തി പ്രാപിച്ചു. വൈദികരുടെ രഹസ്യ പ്രവർത്തനം വഴി ശക്തി പ്രാപിച്ചതാണ് യുക്രൈൻ കത്തോലിക്ക സമൂഹം. രാത്രിയിൽ രഹസ്യമായി നടത്തിയിരുന്ന ദിവ്യബലി അർപ്പണവും സുവിശേഷം പ്രഘോഷണവും ഇന്ന് പൊതുവായി നടത്താൻ അനുവാദം ലഭിച്ചു. അമ്പത് ലക്ഷം വിശ്വാസികളും മൂവായിരത്തോളം വൈദികരുമാണ് ഇന്ന് സഭയുടെ സമ്പത്ത്.
മനുഷ്യ ചരിത്രത്തിൽ ദൈവത്തിന്റെ ഇടപെടൽ വ്യക്തമാണ്. രക്തസാക്ഷികളുടെ ചുടുനിണത്താൽ വളർന്ന സമൂഹമാണ് കത്തോലിക്ക സഭ. ശാരീരിക പീഡനങ്ങൾക്ക് പുറമെ ക്രൈസ്തവർക്കെതിരെ നിയമപരമായ വിവേചനങ്ങളും ശക്തമാണ്. മരണം ജീവിതത്തിന്റെ അവസാനമല്ല. ഉത്ഥിതനായ ഈശോയാണ് സഭയുടെ ശിരസ്. മതമേലധ്യക്ഷന്മാരും രാഷ്ട്രനേതാക്കന്മാരും അഭയാർത്ഥി പ്രശ്നത്തിൽ സമവായത്തിൽ എത്തിച്ചേരുകയാണ് യുക്രൈനിലെ പ്രശ്നങ്ങൾക്ക് പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര സമൂഹമെന്ന നിലയിൽ പരസ്പരം സഹകരിക്കുക, മനുഷ്യജീവന് മഹത്വം നല്കുക, മനുഷ്യവകാശം സംരക്ഷിക്കുക തുടങ്ങിയവ നടപ്പിലാക്കാൻ പരിശ്രമിക്കണമെന്ന അഭ്യർത്ഥനയോടെയാണ് ബിഷപ്പ് ഷെവ്ചുക്കിന്റെ അഭിമുഖം സമാപിച്ചത്. അതേസമയം, ജനുവരി 28 ന് റോമിലെ ബൈസന്‍റൈന്‍ റീത്തിലുള്ള യുക്രൈന്‍ ബസിലിക്ക സാന്താ സോഫിയ ദേവാലയം ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിച്ചു. 1968-ല്‍ നിര്‍മിച്ച ദേവാലയം സുവര്‍ണ ജൂബിലി ഈ വര്‍ഷം ആചരിക്കുവാനിരിക്കെയാണ് പാപ്പയുടെ സന്ദര്‍ശനം നടന്നത്.