News
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനും ബില്ലി ഗ്രഹാമും തമ്മിലുള്ള അസാധാരണ സൗഹൃദം
സ്വന്തം ലേഖകന്‍ 22-02-2018 - Thursday
ഇന്നലെ അന്തരിച്ച ഇവാഞ്ചലിക്കല്‍ സുവിശേഷകനായ ബില്ലി ഗ്രഹാമും കത്തോലിക്ക സഭയുടെ തലവനായിരിന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയും തമ്മില്‍ ഉണ്ടായിരിന്നത് അസാധാരണ സൗഹൃദം. കത്തോലിക്ക സഭയുമായി ഊഷ്മളമായ ഹൃദയ ബന്ധം കാത്തുസൂക്ഷിച്ചിരുന്ന ആളായിരുന്നു ബില്ലി. 1980-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ കാനഡായില്‍ വെച്ച് നടത്തിയ വചന പ്രഘോഷണത്തെ സ്മരിച്ചു ബില്ലി ഗ്രഹാം പറഞ്ഞത് ഇപ്രകാരമായിരിന്നു, “ഞാന്‍ നിങ്ങളോട് പറയാം, ഞാന്‍ ഇതുവരെ കേട്ടിട്ടുള്ളതില്‍ ഏറ്റവും നേരായ സുവിശേഷ പ്രഘോഷണമായിരുന്നു അത്. ദിശ മറന്ന ഒരു ലോകത്തിന് അദ്ദേഹം നല്‍കിയ ഏറ്റവും നല്ല മാര്‍ഗ്ഗനിര്‍ദ്ദേശം”.
1981-ലാണ് ബില്ലി ഗ്രഹാം ആദ്യമായി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുമായി കൂടിക്കാഴ്ച നടത്തുന്നത്. ഒരുപാട് കാലങ്ങള്‍ക്ക് ശേഷം തമ്മില്‍ കണ്ടുമുട്ടിയ സുഹൃത്തുക്കളെപോലെ പെരുമാറിയ ഇരുവരും പരസ്പരം സമ്മാനങ്ങള്‍ കൈമാറി. കൈകള്‍ ചേര്‍ത്ത്പിടിച്ചുകൊണ്ട് ദീര്‍ഘനേരം സംസാരിച്ചു. “കേള്‍ക്കൂ ഗ്രഹാം, നമ്മള്‍ സഹോദരന്‍മാരാണ്” എന്നാണ് ബില്ലി ഗ്രഹാം യാത്രപറയുന്നതിന് മുന്‍പായി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ അദ്ദേഹത്തോട് പറഞ്ഞത്. 2005-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ അന്തരിച്ചപ്പോള്‍ ബില്ലി തന്റെ ദുഃഖം പരസ്യമായി പങ്കുവെച്ചു.
“പല അവസരങ്ങളിലും അദ്ദേഹത്തെ വത്തിക്കാനില്‍ കാണുവാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. എന്നോടുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ സ്നേഹവും, മിനിസ്ട്രിയിലുള്ള അദ്ദേഹത്തിന്റെ താല്‍പ്പര്യവും ഞാന്‍ എന്നും ഓര്‍മ്മിക്കും” എന്നാണ് പ്രിയപ്പെട്ട പാപ്പയുടെ നിര്യാണത്തോടനുബന്ധിച്ച് ബില്ലി ഗ്രഹാം പ്രസ്താവനയില്‍ കുറിച്ചത്. കത്തോലിക്ക സഭയോടുള്ള സ്നേഹവും അടുപ്പവും അദ്ദേഹം പല തവണ പ്രകടിപ്പിച്ചു.
“പ്രൊട്ടസ്റ്റന്റ് മൗലീകവാദികളേക്കാള്‍ കത്തോലിക്ക വിശ്വാസികളോടാണ് എനിക്കടുപ്പം തോന്നുന്നത്. കത്തോലിക്കാ സഭ ഒരു രണ്ടാം നവോത്ഥാനത്തിലൂടെ കടന്നുപോയി കൊണ്ടിരിക്കുകയാണ് എന്നാണ് എനിക്ക് തോന്നുന്നത്”. 1966-ല്‍ രണ്ടാം വത്തിക്കാന്‍ സുനഹദോസിന്റെ അവസാനത്തില്‍ കത്തോലിക്കാ സഭയില്‍ സഭാ നവീകരണത്തിനുവേണ്ടിയുള്ള ആവശ്യമുയര്‍ന്നപ്പോള്‍ ബില്ലി ഗ്രഹാം പറഞ്ഞ വാക്കുകളാണിത്. ഐസനോവര്‍ മുതല്‍ ഒബാമ വരയുള്ള അമേരിക്കന്‍ പ്രസിഡന്റുമാര്‍ വരെയും അദ്ദേഹത്തിന്റെ സൗഹൃദ വലയത്തില്‍ അംഗങ്ങളായിരിന്നു.