News

പീഡനങ്ങള്‍ക്ക് ഇടയിലും വിശ്വാസത്തില്‍ ജ്വലിച്ച് നൈജീരിയന്‍ ക്രൈസ്തവ സമൂഹം

സ്വന്തം ലേഖകന്‍ 21-02-2018 - Wednesday

കഠൂണ: ഇസ്ലാമിക തീവ്രവാദ സംഘടനയായ ബോക്കോഹറാമിന്റെയും ഫുലാനി ഹെഡ്സ്മാൻ വിഭാഗത്തിന്റെയും ആക്രമണങ്ങളില്‍ തളരാതെ ക്രിസ്തുവിലുള്ള വിശ്വാസത്തെ മുറുകെ പിടിച്ചുകൊണ്ട് നൈജീരിയന്‍ ക്രൈസ്തവ സമൂഹം. രാജ്യത്തു ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും തീക്ഷ്ണമായ ക്രൈസ്തവ വിശ്വാസവുമായി വിശ്വാസസമൂഹം മുന്നോട്ട് പോകുകയാണെന്ന് കഠൂണ ആർച്ച് ബിഷപ്പ് മാത്യൂ മാൻ ഒസോ ഡഗോസോയാണ് വെളിപ്പെടുത്തിയത്. ഓരോ വർഷവും വൈദിക പഠനത്തിനായി ചേരുന്നവരുടെ എണ്ണത്തില്‍ ഇരട്ടിയിലധികം വർദ്ധനവുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.



കഠൂണയിലെ പ്രധാന പള്ളിയിൽ ആഴ്ചയിൽ മൂന്നു തവണ മാത്രമായിരിന്നു വിശുദ്ധ ബലി അര്‍പ്പിച്ചിരിന്നത്. 2012-ല്‍ തീവ്രവാദികൾ പള്ളിക്ക് നേരെ ആക്രമണം നടത്തി. നിരവധി പേർ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും വിശ്വാസ സമൂഹത്തെ ബാധിച്ചില്ല. ഇന്ന് ദേവാലയത്തില്‍ ദിവസവും ദിവ്യബലി ആർപ്പിക്കപ്പെടുന്നു. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ദ്ധിച്ചെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. നൈജീരിയൻ ക്രൈസ്തവരുടെ വിശ്വാസ ജീവിതത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ആർച്ച് ബിഷപ്പിന്റെ ഈ വാക്കുകൾ.

ബോക്കോഹറാമിന്റെ കേന്ദ്രമായിരുന്ന വടക്ക് കിഴക്കൻ നൈജീരിയായിലെ ഭൂരിഭാഗം സ്ഥലങ്ങളും സർക്കാർ സൈന്യം തിരികെ പിടിച്ചിട്ടുണ്ട്. എങ്കിലും പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കപ്പെട്ടിട്ടില്ല. ക്രൈസ്തവർ ആരാധനയ്ക്കായി എത്തിച്ചേരുന്ന സ്ഥലങ്ങൾ ലക്ഷ്യമിട്ടുള്ള ബോംബാക്രമണം ഇപ്പോഴും പതിവാണ്. ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ വരുന്ന സ്ഥലത്ത് ഇത്തരമൊരു അപകടം ആരും പ്രതീക്ഷിക്കില്ലല്ലോ. എല്ലാ മര്യാദകളും ലംഘിച്ചാണ് ഇവിടെ ക്രൈസ്തവരെ തീവ്രവാദികൾ വേട്ടയാടുന്നതെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

അതേസമയം ഇരുപതുലക്ഷത്തിനടുത്ത് ആളുകളാണ് ആക്രമണം ഭയന്ന് നൈജീരിയായില്‍ നിന്നും നിന്നു പല സ്ഥലങ്ങളിലേക്ക് പലായനം ചെയ്തിരിക്കുന്നത്. ചിതറിപ്പോയ ക്രൈസ്തവർക്കായി സർക്കാർ ഇപ്പോൾ ചില സഹായങ്ങൾ ചെയ്തു നൽകുന്നുണ്ടെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. സന്നദ്ധസംഘടനയായ എയിഡ് ടു ചര്‍ച്ച് ഇന്‍ നീഡിന് അനുവദിച്ച അഭിമുഖത്തിലാണ് ബിഷപ്പ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 10 വര്‍ഷങ്ങള്‍ക്കിടെ പത്തുമില്യന്‍ ഡോളറാണ് നൈജീരിയായുടെ പുനരുദ്ധാരണത്തിനായി എയിഡ് ടു ചര്‍ച്ച് ഇന്‍ നീഡ് ചിലവഴിച്ചത്.

More Archives >>

Page 1 of 287