Life In Christ
നവജാത ശിശുവിന്റെ അത്ഭുത രോഗസൗഖ്യം അമ്മയെ കത്തോലിക്ക വിശ്വാസിയാക്കി
സ്വന്തം ലേഖകന്‍ 28-02-2018 - Wednesday
ഗോള്‍ഡ് കോസ്റ്റ്: മരിക്കും എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ നവജാത ശിശുവിന് പ്രാര്‍ത്ഥനയെ തുടര്‍ന്നു ലഭിച്ച അത്ഭുത രോഗസൗഖ്യം അവിശ്വാസിയായിരിന്ന അമ്മയെ കത്തോലിക്ക വിശ്വാസിയാക്കി മാറ്റി. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയായില്‍ നടന്ന സംഭവം കാത്തലിക് ലീഡര്‍ എന്ന മാധ്യമമാണ് പുറംലോകത്തെ അറിയിച്ചത്. ഗോള്‍ഡ് കോസ്റ്റ് സ്വദേശിയായ ജോസഫ് ഹോങ്ങ്- ജാസ് യു യി ലി ദമ്പതികള്‍ക്ക് മകന്‍ ജനിച്ചു അധികം ദിവസമാകുന്നതിന് മുന്‍പേ സ്ട്രെപ്റ്റോകോക്കസ് എന്ന ബാക്ടീരിയ മൂലമുള്ള ഗ്രൂപ്പ് ബി സ്ട്രെപ്റ്റോകോക്കല്‍ (GBS) എന്ന മാരകരോഗം പിടിക്കപ്പെടുകയായിരിന്നു. നവജാത ശിശുക്കളെ സംബന്ധിച്ചിടത്തോളം ജീവനു തന്നെ ഭീഷണിയായേക്കാവുന്ന ഈ അസുഖത്തെ തുടര്‍ന്നു കുഞ്ഞിനെ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ കുട്ടിയുടെ നില അതീവഗുരുതരമാണെന്നും പ്രതീക്ഷക്കു വകയില്ലായെന്നും ഡോക്ടര്‍മാര്‍ ജോസഫ്- ജാസ് ദമ്പതികളെ അറിയിക്കുകയായിരിന്നു. ഡോക്ടര്‍മാര്‍ പ്രതീക്ഷയില്ലായെന്ന് പറഞ്ഞത് ജാസ് യു യി ലിയെ മൊത്തത്തില്‍ തളര്‍ത്തി. ശ്വാസോച്ഛാസം നടത്തുവാന്‍ കുഞ്ഞ് ഏറെ കഷ്ട്ടപ്പെടുന്നത് അവര്‍ വേദനയോടെ നോക്കികണ്ടു. എന്നാല്‍ പതറിപോകുവാന്‍ പിതാവായ ജോസഫ് ഹോങ്ങ് തയാറായിരിന്നില്ല. ജോസഫ് ഹോങ്ങ് സൗത്ത്പോര്‍ട്ട് കത്തോലിക്കാ ഇടവകയിലെ ഒരംഗമായിരുന്നുവെങ്കിലും, താന്‍ ഒരിക്കലും ഒരു ദൈവവിശ്വാസിയായിരുന്നില്ലെന്ന് യി ലി തുറന്നു സമ്മതിക്കുന്നു. "എല്ലാക്കാര്യങ്ങളും എന്നെകൊണ്ട് സാധിക്കും എന്നായിരുന്നു എന്റെ വിശ്വാസം".
എന്നാല്‍ ദൈവത്തിനു അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയും എന്ന് പറഞ്ഞുകൊണ്ട് യേശുവില്‍ വിശ്വസിക്കുവാനും മകനുവേണ്ടി പ്രാര്‍ത്ഥിക്കുവാനും തന്റെ ഭര്‍ത്താവ് തന്നെ ഉപദേശിക്കുകയായിരിന്നുവെന്ന് ലി പറയുന്നു. ഡോക്ടര്‍മാര്‍ ഉപേക്ഷിച്ച തന്റെ പ്രിയ കുഞ്ഞിന്റെ ജീവന് വേണ്ടി പ്രാര്‍ത്ഥനയല്ലാതെ മറ്റൊരു പോംവഴിയുമില്ലായെന്ന യാഥാര്‍ത്ഥ്യം ജാസ് തിരിച്ചറിഞ്ഞു. ജോസഫിന്റെ ഉപദേശമനുസരിച്ചു ജാസ് തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിക്കുകയായിരിന്നു. പിന്നീട് സംഭവിച്ചത് വലിയ ഒരു അത്ഭുതമായിരിന്നു. ഡോക്ടര്‍മാരെ പോലും അമ്പരിപ്പിച്ച് മാര്‍ക്ക് അത്ഭുതകരമായി ജീവനിലേക്ക് തിരിച്ചുവരികയായിരിന്നു.
അവിശ്വസനീയമായ കാര്യമാണ് താന്‍ കണ്ടെതെന്നും തന്റെ ബുദ്ധിയുടെ തലങ്ങള്‍ക്ക് അപ്പുറത്താണ് ദൈവം അത്ഭുതം പ്രവര്‍ത്തിച്ചതെന്നും ജാസ് സാക്ഷ്യപ്പെടുത്തുന്നു. സൗത്ത്പോര്‍ട്ട് ഇടവകയില്‍ ചേര്‍ന്ന് കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇന്നു യി ലി. ഇതിനിടെ തന്നെ മാര്‍ക്കിനെ മാമ്മോദീസ മുക്കുകയും ചെയ്തു. പത്തരമാസം പ്രായമുള്ള മാര്‍ക്കിന് ഇപ്പോള്‍ എഴുന്നേറ്റ് നില്‍ക്കുവാന്‍ കഴിയുമെന്ന് യി ലി പറയുന്നു. യുക്തിയുടെ തലത്തില്‍ ചിന്തിച്ച് എല്ലാക്കാര്യങ്ങളും എന്നെകൊണ്ട് സാധിക്കും എന്നു ചിന്തിച്ച് ജീവിതം നീക്കിയ യി ലി ഇന്നു ദൈവത്തിന്റെ കാരുണ്യത്തിന് മുന്നില്‍ നന്ദി പറയുകയാണ്.