Life In Christ

വല്ല്യമ്മയുടെ അച്ചായിയില്‍ നിന്നും വിമലമേരി സഭയുടെ ജനറാളാമ്മയിലേക്ക്

തോമസ് ചെറിയാന്‍ 14-01-2018 - Sunday

ദിവംഗതനായ മോണ്‍സിഞ്ഞോര്‍ സി.ജെ. വര്‍ക്കിച്ചന്റെ ശ്രമഫലമായി കോഴിക്കോട്ടുയര്‍ന്നു വന്ന ഗത്‌സമെന്‍ ധ്യാന സെന്ററില്‍ വെച്ചാണ് ബഹുമാനപ്പെട്ട ജോയ്‌സ് സിസ്റ്ററിനെ പരിചയപ്പെടുന്നത്. ശിരോവസ്ത്രത്തില്‍ ഒതുങ്ങി നില്‍ക്കാതെ പുറത്തേക്ക് കാണുന്ന വെള്ളികെട്ടിയ തലമുടിയെ അതിശയിപ്പിക്കുമാറ് കൊച്ചു കുട്ടികളുടെ നിഷ്‌ക്കളങ്ക ചിരിയുമായി മെല്ലെ മെല്ലെ നടന്നടുത്ത കര്‍ത്താവിന്റെ ആ പ്രിയ ദാസിയെ കുറെ നേരം നോക്കി നിന്നു. ധ്യാന ടീമിലെ ഒരു സിസ്റ്റര്‍ എന്നതില്‍ കവിഞ്ഞ് മറ്റെന്തൊക്കെയോ സ്വര്‍ഗീയ രഹസ്യങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നുണ്ടെന്ന് ഒറ്റ നോട്ടത്തിലേ വ്യക്തമാണ്.

ധ്യാനദിവസങ്ങളില്‍ ഏറ്റെടുത്ത ഉത്തരവാദിത്വം ഭംഗിയായി ചെയ്ത് അപ്രത്യക്ഷയാകുന്ന ആ മാതൃസ്‌നേഹത്തെ കൂടുതല്‍ അറിയണമെന്നുള്ള എന്റെ ആഗ്രഹം ഏറി വന്നു. പലപ്പോഴായി പങ്കു വെച്ച കൊച്ചു കൊച്ചു സംഭവങ്ങള്‍ മറ്റുള്ളവരില്‍ നിന്നുള്ള അറിവുമായി കോര്‍ത്തിണക്കിയപ്പോള്‍ ദൈവഹിതത്തിനു പൂര്‍ണ്ണമായി വിട്ടുകൊടുത്തു സ്വര്‍ഗം പൂകിയ വര്‍ക്കിച്ചന്റെ സ്വര്‍ഗീയ നിക്ഷേപമായ വിമല മേരി സഭയെ സംബന്ധിച്ചിടത്തോളം സ്വര്‍ണ്ണ ലിപിയില്‍ എഴുതപ്പെട്ട പേരുകളില്‍ ചിലതാണതെന്ന് മനസ്സിലായി.

2012 മുതല്‍ KERYGMA ANIMATOR ആയും, ജീവജ്വാല എഡിറ്റോറിയല്‍ ബോര്‍ഡംഗമായും, കോഴിക്കോട് സോണ്‍ സിസ്റ്റര്‍ അനിമേറ്ററായും, ഗത്‌സമെന്‍ ധ്യാന ടീമംഗമായും ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന മദര്‍ ദൈവകൃപയാല്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ഥാനങ്ങള്‍ ഏറെയാണ്. കേരളത്തിലെ സജീവ സാന്നിധ്യത്തോടൊപ്പം, ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും, അമേരിക്ക, ഇറ്റലി, ജര്‍മ്മനി എന്നിവിടങ്ങളിലും ദൈവരൂപിയാല്‍ പ്രചോദിദരായി സേവനനിരതരായിരിക്കുന്ന വിമല മേരി സഭയുടെ ജനറാല്‍ - (2006-2012), ജീസസ് യൂത്തിന്റെ ആനിമേറ്റര്‍ (1998 -2002) വിമല മേരി സഭയുടെ ഫോര്‍മേഷന്‍ മിസ്ട്രസ്, തലശേരി രൂപതയുടെ വൊക്കേഷന്‍ ബ്യൂറോ അംഗം, വര്‍ക്കിയച്ചന്‍ പടനത്തില്‍ പിന്നോക്കമായവരെ സഹായിക്കാനായി തുടങ്ങിയ നിര്‍മല പാരലല്‍ കോളേജിന്റെ പ്രിന്‍സിപ്പല്‍ (ഇന്നത്തെ എന്‍. ആര്‍. സി 1972 മുതല്‍ 1985 വരെ ഒരു പാരലല്‍ കോളേജ് ആയിരുന്നു.) എന്നിവ അതില്‍ ചിലതു മാത്രം.

എം.എസ്.എം.ഐ. (വിമല മേരി സഭയുടെ) പ്രിയപ്പെട്ട ജോയ്‌സാമ്മയുമായി കുറച്ചു സമയം ചിലവഴിക്കാന്‍ കഴിഞ്ഞപ്പോള്‍ പ്രാര്‍ത്ഥനയുടേയും, സമര്‍പ്പണത്തിന്റെയും ഉലയില്‍ ശുദ്ധി ചെയ്‌തെടുത്ത ആ വ്യക്തിത്വത്തില്‍ നിന്നും ഇന്നത്തെ തലമുറക്ക് പഠിക്കാനേറെയുണ്ടെന്ന് തോന്നി.മദറുമായുള്ള സംഭാഷണത്തിന്റെ ചില പ്രസക്ത ഭാഗങ്ങള്‍ ഇവിടെ ചേര്‍ക്കട്ടെ.

മദറിന്റെ കുടുംബത്തെപ്പറ്റിയും കുട്ടിക്കാലത്തെപ്പറ്റിയും ഒന്ന് പറയാമോ?

പള്ളിവാതുക്കല്‍ മാത്യു-ത്രേസ്യാമ്മ ദമ്പതികളുടെ സീമന്ത പുത്രിയായി 1950 മെയ് 29-ന് കോഴിക്കോട്ടു ജില്ലയിലെ കൂരാച്ചുണ്ടില്‍ ജനനം. 10 മക്കളുള്ള കുടുംബത്തിലെ ആദ്യത്തെ കുഞ്ഞായിരുന്നതിനാല്‍ തന്നെ മാതപിതാക്കളുടെയും ബന്ധുക്കളുടെയുമെല്ലാം വലിയ സ്‌നേഹം അനുഭവിക്കാന്‍ കഴിഞ്ഞു.

ദൈവവിളിക്ക് കാരണമായ സാഹചര്യങ്ങള്‍ പങ്ക് വെക്കാമോ?

(തിളങ്ങുന്ന കണ്ണുകള്‍ ഓര്‍മ്മകളെ പുറകോട്ട് കൊണ്ട് പോകുന്ന പോലെ തോന്നി) എന്റെ അമ്മച്ചിയുടെ വലിയ ആഗ്രഹമായിരുന്നു ഒരു കന്യാസ്ത്രീ ആകണമെന്നത്, വീട്ടുകാരുടെ സമ്മതക്കുറവു കാരണം. അമ്മച്ചി ആ അഗ്രഹം ദൈവത്തിനു സമര്‍പ്പിച്ചു.ആദ്യമായി ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചപ്പോള്‍ അവള്‍ തന്റെ ആഗ്രഹം പോലെ ഒരു കന്യാസ്ര്തീയായിത്തീരണമെന്ന് അമ്മച്ചി പ്രാര്‍ത്ഥിക്കുമായിരുന്നു. ദൈവത്തോടല്ലാതെ മറ്റാരോടും ഈ ആഗ്രഹം അമ്മച്ചി പങ്ക് വെച്ചിട്ടില്ലായിരുന്നു.ഞാന്‍ വളര്‍ന്ന് വന്നതേ എന്റെ മനസ്സില്‍ കര്‍ത്താവിന്റെ ദാസിയായി തീരണമെന്നുള്ള ആഗ്രഹം കൂടിക്കൂടി വന്നു.

വീട്ടിലെ പ്രാര്‍ത്ഥനയുടെ അന്തരീഷവും അമ്മച്ചിയുടെ നിശ്ശബ്ദ സമര്‍പ്പണവും അതില്‍ സഹായിച്ചു എന്നതില്‍ സംശയമില്ല. എന്നെ ഒരു വക്കീലായി കാണണമെന്നതായിരുന്നു ചാച്ചന്റെ ആഗ്രഹം, എന്റെ വിവാഹാലോചനയും തുടര്‍ പടനവുമെല്ലാം വീട്ടില്‍ സംസാര വിഷയമാകുമ്പോള്‍ ഞാന്‍ അമ്മച്ചിയുടെയടുക്കല്‍ വിഷമം പറയുമായിരുന്നു, അപ്പോഴെല്ലാം അമ്മച്ചി ഇങ്ങനെ പറയുമായിരുന്നു 'നീയെന്തിനാ വിഷമിക്കുന്നെ, നിന്റെ ആഗ്രഹങ്ങള്‍ ഈശോക്ക് കൊടുക്ക് ഈശോയത് നടത്തിത്തരും''. എല്ലാം ഹൃദയത്തില്‍ സംഗ്രഹിക്കുന്ന അമ്മച്ചി, മകളെ വക്കീലാക്കാന്‍ ആഗ്രഹിക്കുന്ന ചാച്ചന്‍, ഒരിക്കല്‍ പോലും അച്ചാമ്മ (വീട്ടില്‍ വിളിച്ചിരുന്ന പേര്) മഠത്തില്‍ ചേരുന്നതിനെക്കുറിച്ച് ചിന്തിക്കാത്ത കുടുംബാംഗങ്ങള്‍.

എം.എസ്.എം.ഐ യിലേക്കുള്ള യാത്ര ഒന്ന് വിവരിക്കാമോ?

എന്റെ ചേച്ചി (ചാച്ചന്റെ പെങ്ങളുടെ മകള്‍) (എം.എസ്.എം.ഐ യുടെ രണ്ടാമത്തെ മദര്‍ സുപ്പീരിയര്‍ ആയ ലെത്തീഷാമ്മ) കുളത്തുവയലില്‍ ആയിരുന്നു ചേര്‍ന്നത്, എന്റെ ആഗ്രമറിയാവുന്ന വല്യമ്മ (അപ്പച്ചന്റെ അമ്മ) പറയുമായിരുന്നു അഥവാ മോള്‍ മഠത്തില്‍ ചേരുന്നെങ്കില്‍ കുളത്തുവയലില്‍ പോയാല്‍ മതിയെന്ന്, അവര്‍ക്കെല്ലാം എന്നെ വന്ന് ബുദ്ധിമുട്ടില്ലാതെ കാണാന്‍ കഴിയുമല്ലോ എന്നുള്ള ചിന്തയായിരുന്നു അതിനു പിന്നില്‍. അങ്ങനെയിരിക്കെ, പത്താം തരം പാസായിക്കഴിഞ്ഞപ്പോള്‍ വീട്ടില്‍ അമ്മച്ചിയോടു മാത്രം പറഞ്ഞ് ഞാന്‍ കുളത്തുവയലിലുള്ള ചേച്ചിയെ കാണാന്‍ കുഞ്ഞാങ്ങളയോടൊപ്പം പോകുന്നു.

അവിടെ ചെന്ന് എന്റെ ആഗ്രഹം പറഞ്ഞതേ ചേച്ചി പറഞ്ഞു മോളേ വീട്ടില്‍ ആകെയുള്ള പെണ്‍കുഞ്ഞിനെ മഠത്തില്‍ എടുക്കില്ലായെന്ന്.അങ്ങനെയെങ്കില്‍ മിഷനു പോക്കോളാമെന്ന് സങ്കടത്തോടു കൂടി പറഞ്ഞ എന്നെ ചേച്ചി അടുത്ത ദിവസം തലശ്ശേരിയില്‍ കോര്‍പ്പറേറ്റ് മാനേജറായി ജോലി ചെയ്തു കൊണ്ടിരുന്ന ബഹുമാനപ്പെട്ട വര്‍ക്കിച്ചന്റെയടുത്ത് കൊണ്ട് പോയി പ്രത്യേക അനുവാദമെല്ലാം വാങ്ങി, വീട്ടുകാരോട് ചോദിച്ച് വേണ്ട പോലെ ചെയ്യാന്‍ വര്‍ക്കിച്ചന്‍ ചേച്ചിയോട് പറഞ്ഞു.

രൂപതയില്‍ ആ വര്‍ഷം മതബോധനത്തില്‍ ഒന്നാം സ്ഥാനം എനിക്കായിരുന്നു എന്ന വസ്തുത കൂടി എനിക്കനുകൂലമായി ഒരു തീരുമാനമെടുക്കാന്‍ അച്ചനെ സഹായിച്ചിരിക്കാം. ഒരു ചെറുചിരിയോടെ അമ്മച്ചിയെ ഓര്‍മ്മിച്ചു കൊണ്ട് പറഞ്ഞു.ആകെയുള്ള മകളെ സഭക്ക് കൊടുത്തതിന് എല്ലാവരും അമ്മച്ചിയെ വഴക്ക് പറയുമായിരുന്നു, ഞാന്‍ മഠത്തില്‍ ചേര്‍ന്നതിനുശേഷം രണ്ടു പെണ്മക്കള്‍ കൂടിയുണ്ടായി, അമ്മച്ചി പറയുമായിരുന്നു ദൈവത്തിന്റെയടുത്ത് ഒന്നെ വെച്ചാല്‍ രണ്ടു കിട്ടുമെന്ന്.

എം.എസ്.എം.ഐയോടൊപ്പമുള്ള യാത്ര ഒന്ന് ചുരുക്കിപ്പറയാമോ.

1969-ല്‍ എം.എസ്.എം.ഐ യില്‍ ചേര്‍ന്നു. 1971 മെയ് 6ന് ആദ്യ വ്രതവും 1979 ഡിസംബര്‍ 18-ന് നിത്യവ്രതവും ചെയ്തു.

മക്കളെപ്പോലെ ഞങ്ങളെ നോക്കിയ വര്‍ക്കിച്ചന്‍ എല്ലാവരെയും പഠിപ്പിക്കുന്ന കാര്യത്തിലും വലിയ ശ്രദ്ധാലുവായിരുന്നു.മഠത്തില്‍ വന്നതിനു ശേഷമാണ് പഠനം മുമ്പോട്ട് കൊണ്ട് പോയത് (പി.ഡി.സി, ബി.എ, ബി. എഡ്, തിയോളജി എന്നിവ ചെയ്തതത് ഇവിടെ വെച്ചാണ്)

മദറിന്റെ കാഴ്ചപ്പാടില്‍ തീഷ്ണമായ ആത്മീയ ജീവിതത്തിനാവശ്യമായ പ്രധാന കാര്യങ്ങള്‍ എന്താണ്?

വ്യക്തിപരമായ പ്രാര്‍ത്ഥനയെന്ന അടിസ്ഥാനത്തില്‍ പണിതുയര്‍ത്തപ്പെട്ടതാവണം നമ്മുടെ ആല്‍മീയ ജീവിതം, അടിസ്ഥാനമില്ലാതെ, ഈശോയെ വ്യക്തിപരമായി അറിയാതെ മുന്‍പോട്ടു പോയാല്‍ പലപ്പോഴും ഈ യാത്ര സന്തോഷ പ്രദമാകണമെന്നില്ല.(തന്റെ 67ാമത്തെ വയസ്സിലും, ധ്യാന പ്രസംഗഗങ്ങള്‍ക്കിടയിലും വ്യക്തിപരമായ പ്രാര്‍ത്ഥനയില്ലാതെ ഒരു ദിവസം പോലും മുന്‍പോട്ട് പോകാന്‍ സാധ്യമല്ലായെന്ന വസ്തുത മദര്‍ വ്യക്തമാക്കി) എത്രത്തോളം തിരക്കേറുന്നോ അത്ര കൂടുതല്‍ പ്രാര്‍ത്ഥിക്കണം, ദൈവാല്‍മാവിനോട് ആലോചന ചോദിക്കണം എങ്കിലേ നാം ആല്‍മാവിനാല്‍ നയിക്കപ്പെടുന്നവരാകുകയുള്ളൂവെന്ന് ഈശോയുടെ ജീവിതത്തെ ചൂണ്ടിക്കാട്ടി മദര്‍ വിവരിച്ചു.

ഇക്കാലത്ത് ദൈവവിളി കുറഞ്ഞു പോകാനുള്ള കാരണങ്ങള്‍ എന്തായിരിക്കാം ?

മനുഷ്യന്‍ പണത്തിന് അമിത പ്രാധാന്യം കൊടുത്തു തുടങ്ങി - ഇന്ന് എന്തിനും അടിസ്ഥാനം പണമാണ്, പഠനവും, ജോലിയും, ജീവിതാന്തസ് തിരഞ്ഞെടുക്കലുമെല്ലാം, പണ്ട് മൂല്യങ്ങള്‍ക്ക് വിലയുണ്ടായിരുന്നു. ഇന്നത് വളരെക്കുറവാണ് അപക്വമായ ജനന നിയന്ത്രണങ്ങള്‍ : മക്കള്‍ ഒന്നോ,രണ്ടോ മതിയെന്ന പുതു തലമുറകളുടെ പിടിവാശികളും, മക്കളെ ദൈവ പദ്ധതിയില്‍ നിന്ന് മാറ്റി മനുഷ്യരുടെ ആഗ്രഹത്തിനനുസരിച്ച് വളര്‍ത്താന്‍ കാരണമായി. കൂട്ടു കുടുംബങ്ങളും, വലിയ തറവാടുകളും അപ്രത്യക്ഷമായതോടെ കുടുംബ പ്രാര്‍ത്ഥനകളും, പരസ്പര സഹായവും കുറഞ്ഞ് വന്നു. ഏല്ലാക്കാര്യങ്ങളിലും സ്വയം പര്യാപ്തത വന്നു കഴിഞ്ഞപ്പോള്‍, ദൈവത്തെ അന്വേഷിക്കുന്നതിലെ ആവശ്യകത പുതുതലമുറക്ക് മനസ്സിലാകാതെ വന്നു.

കരിസ്മാറ്റിക് പ്രാര്‍ത്ഥനാ രീതികള്‍ വളര്‍ന്ന് വന്നതോടെ ഇതിനൊരളവു വരെ മാറ്റം വന്നിട്ടുണ്ടെന്ന് പറയാം.ഇപ്പോളുള്ള ദൈവവിളികളില്‍ വളരെ ഉന്നത സ്ഥാനത്തെത്തിയവര്‍ പോലും അതെല്ലാം ത്യജിച്ച് ക്രിസ്തുവുനായി ജീവിതം മാറ്റി വെക്കുന്നത് ഇതിനൊരുദാഹരണമാണ്

മദര്‍, കുടുംബ ജീവിതക്കാരോട് എന്തെങ്കിലും പറയാന്‍ ആഗ്രഹിക്കുമോ?

ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്ന കുടുംബമേ ഒരുമിച്ചു ജീവിക്കൂവെന്ന വിശുദ്ധ അഗസ്തീനോസിന്റെ വാക്കുകള്‍ അനുസ്മരിച്ചു കൊണ്ട് കുടുംബജീവിതത്തില്‍ പ്രാര്‍ത്ഥനയുടെ ആവശ്യകത മദര്‍ എടുത്തു പറഞ്ഞു. ജീവിതത്തിലെ സു ദു:ങ്ങളില്‍ മാതാപിതാക്കള്‍ ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നത് കണ്ടു വേണം മക്കള്‍ വളരാന്‍, അല്ലാത്ത പക്ഷം അവര്‍ അനുഭവിച്ചറിയാത്ത ദൈവത്തെ മനസ്സിലാക്കുക അവരെ സംബന്ധിച്ചിടത്തോളം പ്രായോഗികമാവില്ല.

കുടുബത്തിലെ 25മത്തെ സന്താനമായി ജനിച്ച് വിശുദ്ധയായിത്തീര്‍ന്ന സീയന്നയിലെ വിശുദ്ധ കാതറിനെ അനുസ്മരിച്ചു കൊണ്ട് ദൈവപരിപാലനയുടെ മഹിമ മനസ്സിലാക്കുവാനും ദൈവാശ്രയബോധത്തിലേക്ക് കുടുബങ്ങള്‍ കടന്നു വരേണ്ടതിന്റെ ആവശ്യകതയും മദര്‍ എടുത്തു പറഞ്ഞു.

വിശ്രമ ജീവിതം നയിക്കുന്നവരെ മറ്റുള്ളവര്‍ പരിഗണിക്കുന്നില്ലാ, വേണ്ട സഹായങ്ങള്‍ കിട്ടുന്നില്ലാ എന്നൊക്കെയുള്ള വിഷമങ്ങളെപ്പറ്റി മദറിന്റെ അഭിപ്രായം?

വിശ്രമം ജീവിതം നയിക്കുന്നവര്‍ക്ക് അവരിലെ കഴിവും ആരോഗ്യവുമനുസരിച്ച് പുണ്യം സമ്പാദിക്കാവുന്ന ഏറെ കാര്യങ്ങള്‍ മദര്‍ പങ്ക് വെച്ചു, പ്രാര്‍ത്ഥനയില്‍ ഊന്നിയുള്ള ജീവിതം, വായന, അനുഭവങ്ങള്‍ പങ്ക് വെക്കല്‍, അധ്യയനം, താലന്തനുസരിച്ചുള്ള രചനകള്‍, കൈവേലകള്‍, സംഗീതം എന്നിങ്ങനെയുള്ളവ. വിരസതയും സങ്കടവും മാറാനായി സഭയെ നന്നായി വിനിയോഗിക്കണമെന്ന് മദര്‍ ഓര്‍മ്മപ്പെടുത്തി. നമ്മെപ്പറ്റിയുള്ള ദൈവപിതാവിന്റെ പ്ലാനുകള്‍ പൂര്‍ത്തീകരിക്കപ്പെട്ട് കഴിയുമ്പോള്‍ നിത്യസമ്മാനത്തിനായി അവിടുന്ന് നമ്മെ ഓരോരുത്തരെയും വിളിക്കും

എഴുതുവാനുള്ള പ്രേരണയെപ്പറ്റിക്കൂടി ഒന്ന് പറയാമോ?

ഏകാന്തമായ നിമിഷങ്ങളില്‍ ദൈവാല്‍മാവ് പലപ്പോഴും എനിക്ക് എഴുതുവാനുള്ള പ്രേരണ തരാറുണ്ട്, പ്രത്യേകിച്ച് കെട്ടിടങ്ങളുടെയും മറ്റും ടെറസ്സില്‍ ഏകാന്തതയില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ദൈവസ്വരം കേള്‍ക്കുവാനും, ദിവ്യമായ പ്രചോദനം ഉല്‍ക്കൊള്ളുവാനും സാധിക്കാറൂണ്ട്, 1974 മുതല്‍ ആകാശവാണിയൂടെ കോഴിക്കോട് നിലയത്തില്‍ നിന്നും വിമലാലയം സിസ്‌റ്റേസ്‌ഴ്‌സ് കുളത്തുവയല്‍ എന്ന പേരില്‍ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ രചിച്ച് അവതരിപ്പിക്കാന്‍ ദൈവം അനുവദിച്ചു. നമ്മിലോരോരുത്തരിലും ഇത്തരത്തിലുള്ള താലന്തുകള്‍ ദൈവം നിക്ഷേപിച്ചിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു, നാമത് തിരിച്ചറിയുകയും ദൈവമഹത്വത്തിനായി ഉപയോഗിക്കുകയും വേണം.

ദൈവ കൃപയാല്‍ സിസ്റ്റര്‍ ജോയ്‌സിലൂടെ പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങള്‍ താഴെപ്പറയുന്നവയാണ്.

1.ഉന്നതങ്ങളിലേക്ക് ഒരു തീര്‍ത്ഥയാത്ര (പരിഭാഷ)

2.സുഗന്ധഗിരികളിലൂടെ (പരിഭാഷ)

3.വളരാം വളര്‍ത്താം

4.ഇന്നിന്റെ ആവശ്യം

5.അടുക്കുംന്തോറും അറിയാന്‍

6.ഒരു തിരിഞ്ഞുനോട്ടം

7.ശ്രവിക്കാം ജയിക്കാം.

8. തെറ്റാത്ത വഴി

ഇത് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.sophiabuy.com വഴി വാങ്ങാവുന്നതാണ്

More Archives >>

Page 1 of 2