News - 2025

ക്രിസ്തുവുമായുള്ള ഐക്യത്തില്‍ മാത്രമേ രക്ഷ സാധ്യമാകൂ: വത്തിക്കാന്റെ പുതിയ പ്രബോധന രേഖ

സ്വന്തം ലേഖകന്‍ 02-03-2018 - Friday

വത്തിക്കാന്‍ സിറ്റി: ക്രിസ്തുവുമായുള്ള ഐക്യത്തില്‍ മാത്രമേ രക്ഷ സാധ്യമാകൂയെന്നു ഉത്ബോധിപ്പിച്ചുകൊണ്ട് വത്തിക്കാന്റെ പുതിയ ദൈവശാസ്ത്ര പ്രബോധന രേഖ “പ്ലാക്കിട് ഡിയോ” പ്രകാശനം ചെയ്തു. ഇന്നലെ മാര്‍ച്ച് ഒന്നാം തിയതി വ്യാഴാഴ്ച വിശ്വാസ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവന്‍ ആര്‍ച്ച്ബിഷപ്പ് ലൂയിസ് ഫ്രാന്‍സിസ്ക്കോ ലഡാറിയ ഫെറെറി അദ്ധ്യക്ഷതയില്‍ വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രബോധനരേഖ പ്രകാശനം ചെയ്യപ്പെട്ടത്. ക്രിസ്തുവിലുള്ള രക്ഷയുടെ പദ്ധതിയുടെ പുനര്‍വ്യാഖ്യാനമാണ് വിശ്വാസ സംഘത്തിന്‍റെ പ്രബോധനത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

ദൈവം തന്നെത്തന്നെ ക്രിസ്തുവിലൂടെ ലോകത്തിന് വെളിപ്പെടുത്തി തന്നു. അങ്ങനെ മനുഷ്യരക്ഷയ്ക്കുള്ള ഏകമദ്ധ്യസ്ഥനും വെളിപാടിന്‍റെ പൂര്‍ണ്ണിമയും ക്രിസ്തുവാണെന്നു നമുക്ക് വെളിപ്പെട്ടു കിട്ടി. മനുഷ്യാവതാരംചെയ്ത്, പീഡകള്‍ അനുഭവിച്ച് മരിച്ച് പുനരുത്ഥാനം ചെയ്ത ക്രിസ്തുവിലുള്ള ഐക്യത്തിലാണ് നമ്മുടെ രക്ഷ യാഥാര്‍ത്ഥ്യമാകുന്നത്. ക്രിസ്തുവിന്‍റെ പെസഹാരഹസ്യം നമ്മെ പിതാവുമായി പ്രത്യേകം ഐക്യപ്പെടുത്തുന്നു.

അതായത് പരിശുദ്ധാത്മാവു പ്രചോദിപ്പിക്കുന്ന പിതാവും പുത്രനുമായുള്ള ബന്ധം നമ്മെ ക്രിസ്തുവിന്‍റെ ആദ്യജാതരായി ഉയര്‍ത്തുന്നു. എന്നാല്‍ പിതൃ-പുതൃ, പരിശുദ്ധാത്മ ബന്ധം ഊട്ടിയുറപ്പിക്കപ്പെടുന്നതും യാഥാര്‍ത്ഥ്യമാകുന്നതും അദൃശ്യമായ വിധത്തിലല്ല, മറിച്ച് കാണപ്പെടുന്ന സഹോദര ബന്ധത്തിന്‍റെ കൂട്ടായ്മയിലാണ്. അതിനാല്‍ പിതാവിനോടെന്നപോലെ തന്നെ പ്രധാനപ്പെട്ടതാണ് നാം ആയിരിക്കുന്ന ജീവിത പരിസരങ്ങളിലെ സഹോദരങ്ങളുമായുള്ള ഐക്യവും ബന്ധവും.

രക്ഷ സ്വയം ആര്‍ജ്ജിച്ചെടുക്കാനാവുന്നതല്ല. മറിച്ച് ദൈവം സഹായിക്കുകയാണെങ്കില്‍ മാത്രം നേടാവുന്നതാണത്! കാരണം അത് അറിവിലോ, സമ്പത്തിലോ മറ്റു നേട്ടങ്ങളിലോ ആശ്രയിച്ചല്ല, ദൈവം ആഗ്രഹിക്കുകയും അനുവദിക്കുകയും ചെയ്യുന്നതും കൊണ്ടാണെന്നും "പ്ലാക്കിട് ഡിയോ" ചൂണ്ടിക്കാട്ടുന്നു. ലത്തീന്‍ ഭാഷയിലെ Placuit Deo എന്ന പ്രബോധനത്തിന് മലയാളത്തില്‍ “ദൈവം ആഗ്രഹിക്കുന്നത്” എന്നാണര്‍ത്ഥം.


Related Articles »