News

സിറിയയിലെ ക്രിസ്ത്യന്‍ മേഖലകളില്‍ കടുത്ത ഷെല്ലാക്രമണം

സ്വന്തം ലേഖകന്‍ 03-03-2018 - Saturday

ഡമാസ്കസ്: സിറിയയുടെ തലസ്ഥാന നഗരമായ ഡമാസ്കസിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍ വിമതപക്ഷം കടുത്ത ഷെല്ലാക്രമണം നടത്തിക്കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ച ഈ ആക്രമണങ്ങളെ കുറിച്ച് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് ഇന്റര്‍നാഷണലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2018 ജനുവരി അവസാനത്തോടെ ആരംഭിച്ച ഷെല്ലാക്രമണങ്ങള്‍ ക്രിസ്ത്യന്‍ മേഖലകളിലെ സ്ഥിതിഗതികള്‍ വളരെ മോശമാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി 22-ലെ ഷെല്ലാക്രമണത്തിനു ശേഷം നഗരത്തിന്റെ കിഴക്കന്‍ മേഖലയില്‍ താമസിക്കുന്ന ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആരും തന്നെ സ്കൂളില്‍ പോകുന്നില്ല.

ജനനിബിഡമായിരുന്ന പ്രധാന തെരുവുകളും ചന്തകളും അക്രമങ്ങളെ തുടര്‍ന്നു ശൂന്യമായിരിക്കുന്നു. ജനങ്ങള്‍ വളരെ കരുതലോടും ആശങ്കയോടുമാണ് ജീവിക്കുന്നതെന്നും കാരിത്താസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഡമാസ്കസിന് സമീപമുള്ള ‘വെഹിക്കിള്‍ ബേസ്’ എന്നറിയപ്പെടുന്ന സൈനീകകേന്ദ്രത്തിന്റെ നിയന്ത്രണത്തിനു വേണ്ടി സിറിയന്‍ സൈന്യവും അല്‍ക്വയിദയുമായി ബന്ധമുള്ള ചില വിമത സംഘടനകളും നടത്തുന്ന ആക്രമണങ്ങളാണ് ഈ മേഖലയിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ ഡമാസ്കസിന്റെ കിഴക്കന്‍ മേഖലകളില്‍ 200-ലധികം ഷെല്ലാക്രമണങ്ങള്‍ നടന്നു കഴിഞ്ഞു.

അക്രമത്തില്‍ ഇതുവരെ 42-ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും, 12 പേര്‍ മരണപ്പെട്ടതുമായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ 28 പേര്‍ കൊല്ലപ്പെട്ടതായും, 90 പേര്‍ക്ക് പരിക്കേറ്റതായും അനൌദ്യോഗിക റിപ്പോര്‍ട്ടുണ്ട്. പ്രദേശത്ത് ആക്രമണങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നിരവധി ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു.

കോണ്‍ഗ്രിഗേഷന്‍ ഓഫ് ജീസസ് ആന്‍ഡ് മേരി സന്യാസിനീ സഭയുടെ കോണ്‍വെന്റിനു സമീപം വീണ ഷെല്‍ ഭാഗ്യവശാല്‍ പൊട്ടാതിരുന്നതു കൊണ്ട് മാത്രമാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്ന് കോണ്‍വെന്റിലെ സിസ്റ്റര്‍ ആന്നി ഡെമെര്‍ജിയന്‍ വെളിപ്പെടുത്തി. ഫെബ്രുവരി 21നു മഴ പെയ്യുന്നപോലെയായിരുന്നു ബോംബുകള്‍ പതിച്ചതെന്നും ഒരുപാട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സിസ്റ്റര്‍ ആന്നി വിവരിച്ചു. ഷെല്ലാക്രണങ്ങളുടെ നിഴലില്‍ രാത്രിയും പകലുമെന്നില്ലാതെ ഭീതിയില്‍ കഴിയുന്ന സിറിയന്‍ ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് കാരിത്താസിന്റെ റിപ്പോര്‍ട്ട് അവസാനിക്കുന്നത്.


Related Articles »