News - 2025
യേശുവിന്‍റെ ദൈവത്വം രേഖപ്പെടുത്തിയ അതിപുരാതനരേഖ ആദ്യമായി പ്രദര്‍ശനത്തിന്
സ്വന്തം ലേഖകന്‍ 05-03-2018 - Monday
ജെറുസലേം: ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും പഴക്കമേറിയ സാക്ഷ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ക്രിസ്തു ദൈവമാണെന്ന കുറിക്കപ്പെട്ട അപൂര്‍വ്വവും പുരാതനവുമായ ക്രിസ്ത്യന്‍ രേഖ പൊതുപ്രദര്‍ശനത്തിന്. മൂന്നാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന കറുത്തനിറമുള്ള ചെറിയ മൊസൈക്ക് ഫലകത്തിലാണ് ക്രിസ്തുവിന് ദൈവത്വം കല്‍പ്പിക്കുന്ന ഈ രേഖപ്പെടുത്തലുള്ളത്. ക്രിസ്ത്യന്‍ രേഖകളില്‍ അത്യപൂര്‍വ്വവും പഴക്കമേറിയതുമായ രേഖകളിലൊന്നായ ഈ മൊസൈക്ക് ഫലകം ഇതാദ്യമായാണ് പൊതുപ്രദര്‍ശനത്തിന് വെക്കുന്നത്.
1940-കളില്‍ ബ്രിട്ടീഷുകാരാല്‍ നിര്‍മ്മിക്കപ്പെട്ട വടക്കന്‍ ഇസ്രായേലിലെ ‘മെഗിഡോ’ ജയിലിന്റെ അടിയിലായി ജയില്‍ അന്തേവാസികളാണ് ‘ദൈവമായ യേശു’ എന്ന് രേഖപ്പെടുത്തിയിട്ടുള്ള മൊസൈക്ക് ഫലകം കണ്ടെത്തിയത്. 2005-ല്‍ ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റി (IAA)യും ടെല്‍-അവീവ് സര്‍വ്വകലാശാലയും നടത്തിയ ഉദ്ഘനനത്തില്‍ ഒന്നാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനുമിടക്ക് ജനനിബിഡമായിരുന്ന ‘കെഫാര്‍ ഓട്നെ’ എന്ന യഹൂദ സമരിറ്റന്‍ ഗ്രാമവും അതിന്റെ ഭാഗമായിരുന്ന ക്രിസ്ത്യന്‍ ആരാധനാലയവും കണ്ടെത്തിയിരിന്നു.
കൂടുതല്‍ ഉദ്ഘനനങ്ങള്‍ക്കായി ‘മെഗിഡോ’ ജെയിലിലെ അന്തേവാസികളെ ഒഴിപ്പിച്ചു കഴിഞ്ഞു. ഈ മേഖല ഇപ്പോള്‍ വലിയൊരു ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. നിരവധിയാളുകളാണ് പുരാവസ്തുമേഖല സന്ദര്‍ശിക്കുവാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. സ്ഥലത്ത് പുതിയൊരു പുരാവസ്തു പാര്‍ക്ക് തുറക്കുവാനുള്ള പദ്ധതിയിലാണ് ബന്ധപ്പെട്ട അധികാരികള്‍.