News - 2025

സിറിയയിലെ നാശനഷ്ടങ്ങളെകുറിച്ച് ആരും സംസാരിക്കുന്നില്ല; പ്രസ്താവനയുമായി ട്രാപ്പിസ്റ്റ് സഭാംഗങ്ങള്‍

സ്വന്തം ലേഖകന്‍ 10-03-2018 - Saturday

ഡമാസ്ക്കസ്: ഇസ്ളാമിക തീവ്രവാദികള്‍ വരുത്തിവെച്ച നാശനഷ്ടങ്ങളെകുറിച്ച് ആരും സംസാരിക്കുന്നില്ലായെന്നും പാശ്ചാത്യ ശക്തികളും മാധ്യമങ്ങളും സിറിയയിലെ സമാധാനത്തിന് തുരങ്കംവെക്കുകയാണെന്നും ആരോപിച്ച് സിറിയയിലെ ട്രാപ്പിസ്റ്റ് സഭാംഗങ്ങളായ കന്യാസ്ത്രീകള്‍ രംഗത്തെത്തി. പലപ്പോഴും സത്യസന്ധമായ വിവരങ്ങള്‍ വരെ പാശ്ചാത്യ ശക്തികളുടേയും ഗവണ്‍മെന്റുകളുടേയും താല്‍പ്പര്യങ്ങള്‍ക്ക് അടിയറവ് വെക്കേണ്ട ഗതികേടാണ് ഇപ്പോള്‍ നിലവിലുള്ളതെന്നും അവര്‍ ആരോപിച്ചു. കന്യാസ്ത്രീമാര്‍ പുറത്തുവിട്ട പ്രസ്താവന സിറിയയുടെ ഇപ്പോഴത്തെ അവസ്ഥയുടെ ഒരു നേര്‍ക്കാഴ്ചയായി മാറുകയാണ്.

ഗൗത്താ മേഖലയുടെ കിഴക്ക് ഭാഗങ്ങളില്‍ ഇസ്ളാമിക തീവ്രവാദികള്‍ തലസ്ഥാന നഗരം ആക്രമിക്കുകയും, സാധാരണപൗരന്‍മാരെ മനുഷ്യകവചമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയുമാണ്. ഈ മേഖലകളില്‍ തീവ്രവാദികളെ പിന്തുണക്കാത്തവരെ ഇരുമ്പറകളില്‍ തടവിലാക്കുകയാണെന്നും കന്യാസ്ത്രീമാര്‍ പറയുന്നു. ഗൗത്താ മേഖലയില്‍ കുടുങ്ങികിടക്കുന്ന നിരപരാധികളെ കൊന്നൊടുക്കുകയാണെന്ന് സര്‍ക്കാരിനും, പ്രസിഡന്റ് ബാഷര്‍ അല്‍-അസ്സദിനുമെതിരെ അന്താരാഷ്ട്രതലത്തില്‍ വിമര്‍ശനമുയരുന്ന സാഹചര്യത്തില്‍ ട്രാപ്പിസ്റ്റ് കന്യാസ്ത്രീമാരുടെ ഈ വെളിപ്പെടുത്തല്‍ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റുകയാണ്.

വിമതപക്ഷത്തിന്റെ ആക്രമത്തെ ഭയന്ന് കുട്ടികള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുകയോ, സ്കൂളില്‍ പോവുകയോ ചെയ്യുന്നില്ല. തീര്‍ച്ചയായും സ്വന്തം രാജ്യത്തെ രക്ഷിക്കുവാന്‍ സിറിയന്‍ ഗവണ്‍മെന്റിന് കഴിയാത്തത് ന്യായീകരണമര്‍ഹിക്കുന്നില്ല. എങ്കിലും സ്വാതന്ത്ര്യം, ജനാധിപത്യം എന്ന പേരില്‍ പാശ്ചാത്യലോകം സിറിയയില്‍ എന്തു മാറ്റം വരുത്തുവാനാണ് ആഗ്രഹിക്കുന്നത്? സ്വന്തം രാജ്യത്ത് ജനാധിപത്യം ഉറപ്പുവരുത്തിയതിനുശേഷം മറ്റു രാജ്യങ്ങളുടെ കാര്യത്തില്‍ ഇടപെടുകയാണ് വേണ്ടത്. തീവ്രവാദികള്‍ വരുത്തിവെച്ച നാശനഷ്ടങ്ങളെകുറിച്ച് ആരും സംസാരിക്കുന്നില്ല.

തീവ്രവാദികള്‍ക്കെതിരെ ക്രിസ്ത്യാനികളോ, മുസ്ലീങ്ങളോ സംസാരിച്ചാല്‍ അത് മാധ്യമങ്ങളില്‍ വരികയില്ല. എന്നാല്‍ സിറിയന്‍ ഗവണ്‍മെന്റിനെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കും. യുദ്ധം തീര്‍ച്ചയായും വിനാശകരമാണ്. മനുഷ്യത്വമുള്ള ആരും തന്നെ യുദ്ധം ആഗ്രഹിക്കുകയില്ല. ക്രിസ്ത്യന്‍-മുസ്ലീം സഹവര്‍ത്തിത്വത്തിനു തുരങ്കം വെക്കുന്നതാണ് സിറിയയിലെ യുദ്ധമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യുദ്ധത്തില്‍ നിന്നും കപട മാധ്യമങ്ങളില്‍ നിന്നും തങ്ങളെ രക്ഷിക്കണമേയെന്ന പ്രാര്‍ത്ഥനയോടെയാണ് കന്യാസ്ത്രീകളുടെ പ്രസ്താവന അവസാനിക്കുന്നത്.


Related Articles »