News - 2025

മാര്‍പാപ്പ സമ്മാനിച്ച ജപമാല ജയിലില്‍ ഉപയോഗിക്കുവാന്‍ ആസിയയ്ക്കു അനുമതി

സ്വന്തം ലേഖകന്‍ 17-03-2018 - Saturday

ലാഹോര്‍: പ്രവാചക നിന്ദാ കുറ്റം ചുമത്തി പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്ന ക്രൈസ്തവ വിശ്വാസി ആസിയ ബീബിയ്ക്കു മാര്‍പാപ്പ സമ്മാനിച്ച ജപമാല തടവറയില്‍ സൂക്ഷിക്കുവാന്‍ അനുമതി. ഒന്‍പത് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് വിശ്വാസപരമായ ഒരു വസ്തു ഉപയോഗിക്കുവാന്‍ തനിക്ക് അനുമതി ലഭിച്ചതെന്ന് ആസിയ വെളിപ്പെടുത്തി. ക്രൈസ്തവ സന്നദ്ധ സംഘടനയായ 'എയിഡ് ടു ചര്‍ച്ച് ഇന്‍ നീഡ്' പ്രതിനിധിയോടാണ് ആസിയ ഇക്കാര്യം വെളിപ്പെടുത്തിയത്. ആസിയ ബീബിയുടെ പിതാവും മകളും ഇക്കഴിഞ്ഞ ഫെബ്രുവരി 24നു വത്തിക്കാനില്‍ എത്തിയിരിന്നു. പിന്നീട് അവര്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. സന്ദര്‍ശനവേളയില്‍ ആസിയാക്ക് നല്കുവാന്‍ പാപ്പ ജപമാല നല്‍കുകയായിരിന്നു.

ഈ ജപമാല പിന്നീട് ആസിയാക്ക് കൈമാറി. തടവറയില്‍ ജപമാല സൂക്ഷിക്കുവാന്‍ അത്ഭുകരമായി അനുമതി ലഭിക്കുകയായിരിന്നുവെന്ന് അവര്‍ വെളിപ്പെടുത്തി. പാക്ക് ക്രിസ്ത്യന്‍ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തന്റെ കേസ് ആഗോളതലത്തില്‍ ചര്‍ച്ചയാകുന്നതില്‍ പ്രതീക്ഷയുണ്ടെന്നും പാപ്പ പ്രാര്‍ത്ഥിക്കുന്നുണ്ട് എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ആസിയ പറഞ്ഞെന്ന് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2009 മുതല്‍ കിഴക്കന്‍ പാക്കിസ്ഥാനിലെ മുള്‍ട്ടാണ്‍ എന്ന പ്രദേശത്തുള്ള ജയിലില്‍ ഏകാന്ത തടവിലാണ് ആസിയ ബീബി.

അയല്‍വാസികളായ മുസ്ലീം സ്ത്രീകള്‍ ആസിയാ ബീബിയ്ക്ക് എതിരെ വ്യാജകേസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ആസിയ ബീബീ ഇസ്ലാം പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്ന രീതിയില്‍ തങ്ങളോട് സംസാരിച്ചുവെന്നാണ് യുവതികള്‍ പോലീസില്‍ പരാതിപ്പെട്ടത്. ഇതേ തുടര്‍ന്നാണ് കീഴ്കോടതി ആസിയയെ വധശിക്ഷയ്ക്കു വിധിച്ചത്. പാക്കിസ്ഥാനിലെ മനുഷ്യാവകാശ ലംഘനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ ആസിയായുടെ മോചനം ആവശ്യപ്പെട്ട് ആഗോളതലത്തില്‍ ശബ്ദമുയരുന്നുണ്ട്.


Related Articles »