Arts

‘പിശാചും ഫാദര്‍ അമോര്‍ത്തും’ വെള്ളിത്തിരയിലേക്ക്

സ്വന്തം ലേഖകന്‍ 23-03-2018 - Friday

ലോസ് ആഞ്ചലസ്: ലോകപ്രശസ്ത ഭൂതോച്ചാടകനും സൊസൈറ്റി ഓഫ് സെന്റ് പോള്‍ വൈദികനുമായിരിന്ന ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ ഭൂതോച്ചാടനം ഇതിവൃത്തമാക്കിയ “ദി ഡെവിള്‍ ആന്‍ഡ്‌ ഫാദര്‍ അമോര്‍ത്ത്” ഡോക്യുമെന്ററി ചിത്രം ഏപ്രില്‍ 20-ന് തിയറ്ററുകളിലെത്തും. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുറത്തിറങ്ങിയ ട്രെയിലര്‍ ഇതിനോടകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു. 1973-ല്‍ തിയറ്ററുകളെ ഇളക്കിമറിച്ച ‘ദി എക്സോര്‍സിസ്റ്റ്’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‍റെ സംവിധായകനും അക്കാദമി അവാര്‍ഡ് ജേതാവുമായ വില്ല്യം ഫ്രിഡ്കിന്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. യഥാര്‍ത്ഥത്തില്‍ നടന്ന സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം തയാറാക്കിയിരിക്കുന്നത്.

ഭൂതോച്ചാടനത്തിന്റെ ഉള്‍വശങ്ങളിലേക്ക് പ്രേക്ഷകരെ നയിക്കുന്ന ചിത്രമായിരിക്കുമിതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ‘ദി ഓര്‍ച്ചാര്‍ഡ്’കമ്പനിയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം. ഇറ്റാലിയന്‍ ആര്‍ക്കിടെക്ച്ചറായിരുന്ന ക്രിസ്റ്റീന എന്ന യുവതിയില്‍ കൂടിയിരിന്ന സാത്താനുമായി, റോം രൂപതയുടെ മുഖ്യ ഭൂതോച്ചാടകനായ ഫാ. ഗബ്രിയേല്‍ അമോര്‍ത്ത് നടത്തിയ ഒമ്പതുമാസങ്ങള്‍ നീണ്ട പോരാട്ടത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. 2016-ല്‍ ഫാ. അമോര്‍ത്ത് മരിക്കുന്നതിനു മുന്‍പ് തന്നെ അദ്ദേഹത്തിന്റേയും, ഭൂതോച്ചാടന കര്‍മ്മങ്ങള്‍ക്ക് വിധേയയായ ക്രിസ്റ്റീനയുടേയും അനുവാദം സംവിധായകന്‍ നേടിയിരുന്നു.

അതീവ സങ്കീര്‍ണ്ണത നിറഞ്ഞ വിഷയമായിരിന്നതിനാല്‍ ഫാ അമോര്‍ത്തിന്റെ കടുത്ത നിയന്ത്രണത്തിനു വിധേയമായിട്ടായിരുന്നു ഭൂതോച്ചാടനകര്‍മ്മങ്ങളുടെ ഷൂട്ടിംഗ്. സംവിധായകന്‍ ഫ്രിഡ്കിനു മാത്രമായിരുന്നു കര്‍മ്മങ്ങള്‍ ഷൂട്ട്‌ ചെയ്യുന്നതിനുള്ള അനുവാദം ഫാദര്‍ അമോര്‍ത്ത് നല്‍കിയിരുന്നത്. ഷൂട്ടിംഗിനിടയില്‍ ലൈറ്റുകള്‍ ഉപയോഗിക്കുവാന്‍ പാടില്ലായിരുന്നു. ‘സോണി’ യുടെ ഹൈഡെഫനിഷന്‍ നിശ്ചല കാമറ ഉപയോഗിച്ചായിരുന്നു ഷൂട്ടിംഗ്. ഭൂതോച്ചാടന വേളയില്‍ ക്രിസ്റ്റീന ശബ്ദമുണ്ടാക്കുകയും “താന്‍ സാത്താനാണ്‌”, “തങ്ങള്‍ ലെഗിയോനാണ്” എന്നൊക്കെ പറയുകയും ചെയ്തതിനു താന്‍ സാക്ഷിയായിരുന്നുവെന്നു ഫ്രിഡ്കിന്‍ പിന്നീട് വെളിപ്പെടുത്തിയിരിന്നു.

ഭൂതോച്ചാടന കര്‍മ്മത്തിന്റെ വീഡിയോയുമായി ഫ്രിഡ്കിന്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുകയും അതൊരു മാനസിക പ്രശ്നമല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തതിനു ശേഷമാണ് അത് സിനിമയാക്കുവാന്‍ തീരുമാനിച്ചത്. ‘ദി ഡെവിള്‍ ആന്‍ഡ്‌ ഫാ. അമോര്‍ത്ത്’ ഒരുപാട് ബുദ്ധിമുട്ടേറിയ പദ്ധതിയായിരുന്നുവെന്ന് ഫ്രിഡ്കിന്‍ പറയുന്നു. സാത്താന്റെ വെളിപ്പെടുത്തലുകള്‍ നേരിട്ട് കേട്ടതിന്റെ നടുക്കവും അദ്ദേഹം രേഖപ്പെടുത്തുകയുണ്ടായി. ഭൂതോച്ചാടക കര്‍മ്മങ്ങള്‍ക്ക് വേണ്ടിയുള്ള ആവശ്യം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. വര്‍ഷംതോറും ഭൂതോച്ചാടനത്തിനായി അരലക്ഷത്തോളം അപേക്ഷകളാണ് ഇറ്റലിയില്‍ നിന്നുമാത്രമായി ലഭിക്കുന്നത്.

More Archives >>

Page 1 of 1