News - 2025
വിയറ്റ്‌നാമിന്റെ മുന്‍ പ്രധാനമന്ത്രി കത്തോലിക്ക വിശ്വാസം സ്വീകരിച്ചു
സ്വന്തം ലേഖകന്‍ 04-04-2018 - Wednesday
സാന്‍ ജോസ്: വിയറ്റ്‌നാമിന്റെ മുന്‍ പ്രധാനമന്ത്രിയായിരുന്ന ട്രാന്‍ തിയന്‍ ഖീം കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ സെന്റ് എലിസബത്ത് മില്‍പിറ്റാസ് ദേവാലയത്തില്‍ വെച്ച് ഇക്കഴിഞ്ഞ ഓശാന തിരുനാള്‍ ദിനത്തിലായിരുന്നു അദ്ദേഹം ജ്ഞാനസ്നാനം സ്വീകരിച്ചത്. ഇടവക വികാരിയായ ഫാ. ലെ ട്രങ്ങ് ടുവോങ്ങ് ജ്ഞാനസ്നാന തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിശുദ്ധ പൗലോസിന്റെ നാമമാണ് ട്രാന്‍ തിയന്‍ ഖീം ജ്ഞാനസ്നാന പേരായി സ്വീകരിച്ചിരിക്കുന്നത്. 1925 ഡിസംബര്‍ 15-നാണ് ട്രാന്‍ തിയന്‍ ഖീം ജനിച്ചത്.
1960-കളിലെ വിയറ്റ്നാം യുദ്ധത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖ സ്ഥാനം വിയറ്റ്‌നാമിന്റെ ജനറലായി സേവനം ചെയ്തിട്ടുള്ള ഖീമിനുണ്ട്. 1969-ലാണ് ട്രാന്‍ തിയന്‍ ഖീം റിപ്പബ്ലിക് ഓഫ് (തെക്കന്‍) വിയറ്റ്‌നാമിന്റെ പ്രധാനമന്ത്രിയാകുന്നത്. 1975 വരെ അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു. കമ്മ്യൂണിസ്റ്റുകാരും ക്രൈസ്തവവിരുദ്ധരും ട്രാന്‍ തിയന്‍ ഖീം ഒരു കത്തോലിക്കനാണെന്ന് പ്രചരിപ്പിച്ചിരുന്നുവെങ്കിലും, അക്കാലത്ത് പിന്‍ഗാമികളെ ആരാധിക്കുന്ന വിയറ്റ്നാം പാരമ്പര്യത്തിലായിരുന്നു താന്‍ വിശ്വാസിച്ചിരുന്നതെന്ന് അദ്ദേഹം തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിന്നു.
നീണ്ടകാലത്തോളം കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് പഠനം നടത്തിയതിനു ശേഷം കത്തോലിക്കാ സഭയില്‍ ചേരുവാന്‍ താന്‍ സ്വയം തീരുമാനിക്കുകയായിരുന്നുവെന്ന്‍ ഖീം പറഞ്ഞു. ഒരു കത്തോലിക്കനായത് തന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ അനുഭവമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം തെക്കന്‍ വിയറ്റ്നാമില്‍ നിരവധി പേരാണ് അടുത്തിടെ കത്തോലിക്ക സഭയില്‍ അംഗമായത്. അനീതിക്കെതിരെയും, പാവങ്ങള്‍ക്ക് വേണ്ടിയും ഭരണകൂടത്തോടു പോരാടുവാന്‍ ധൈര്യം കാണിക്കുന്ന കത്തോലിക്കാ സഭയുടെ നിലപാടുകള്‍ നിരവധി പേരെയാണ് കത്തോലിക്കാ സഭയിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്.