News - 2025
വെനിസ്വേലയിലെ ഓസ്തി ക്ഷാമം പരിഹരിക്കുവാന്‍ സഹായവുമായി കൊളംബിയന്‍ രൂപത
സ്വന്തം ലേഖകന്‍ 03-04-2018 - Tuesday
കരക്കാസ്: ധാന്യത്തിന്റെ ലഭ്യത കുറവ് മൂലം ഓസ്തി ക്ഷാമം നേരിടുന്ന വെനിസ്വേലയിലേക്ക് സഹായവുമായി കൊളംബിയന്‍ രൂപത. മാർച്ച് മുപ്പതിന് കൊളംബിയ- വെനിസ്വേല രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സൈമൺ ബൊളിവർ ഇന്റർനാഷണൽ ബ്രിഡ്ജിലൂടെ രണ്ടര ലക്ഷം ഓസ്തികളാണ് ക്യൂകുട രൂപത കൈമാറിയത്. രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് വിക്ടർ മനുവേൽ ഓക്കയാണ് മഹത്തായ ദാനത്തിന് നേതൃത്വം നല്‍കിയത്. ക്രിസ്തുവിന്റെ പങ്കുവെക്കൽ മാതൃകയാണ് നടപ്പിലാക്കിയതെന്ന് രൂപത ബിഷപ്പ് വിക്ടർ മനുവേൽ ഓക്ക അഭിപ്രായപ്പെട്ടു. വെനിസ്വേലയില്‍ നിന്നും കൊളംബിയയിലേക്ക് പലായനം ചെയ്തു എത്തുന്ന ആയിരങ്ങള്‍ക്ക് ഭക്ഷണം നൽകി കാരുണ്യത്തിന്റെ മഹത്തായ അധ്യായം കുറിച്ച രൂപത കൂടിയാണ് ക്യൂകുട.
വെനിസ്വേലയിലെ മിക്ക പ്രദേശങ്ങളിലും വിശുദ്ധ കുര്‍ബാനയ്ക്ക് ആവശ്യമായ ഓസ്തിക്ക് കടുത്ത ക്ഷാമം നേരിടുകയാണെന്ന റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തുവന്നത്. ആന്‍ഡെസ് സംസ്ഥാനത്തെ മെറിഡ നഗരത്തിലെ ചില ദേവാലയങ്ങളില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലെ അവസാന ഞായറാഴ്ചയിലെ വിശുദ്ധ കുര്‍ബാനയ്ക്കായി തിരുവോസ്തി ഉണ്ടായിരുന്നില്ലെന്ന് കൊളംബിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായി ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ വരുത്തിയ നിയന്ത്രണങ്ങളും, ചില കമ്പനികളുടെ ദേശീയവത്കരണവുമാണ് വെനിസ്വേലയിലെ ഇപ്പോഴത്തെ ക്ഷാമത്തിന്റെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.