News - 2025

മദ്ധ്യപൂര്‍വ്വേഷ്യന്‍ ക്രൈസ്തവരുടെ കണ്ണീര്‍ തുടച്ചുകൊണ്ട് വീണ്ടും നൈറ്റ്‌സ് ഓഫ് കൊളംബസ്

സ്വന്തം ലേഖകന്‍ 03-04-2018 - Tuesday

ന്യൂ ഹാവെന്‍: ഇസ്ളാമിക തീവ്രവാദികളുടെ അധിനിവേശത്തെ തുടര്‍ന്നു സര്‍വ്വതും നഷ്ട്ടമായ മദ്ധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ക്ക് സഹായവുമായി കത്തോലിക്കാ സന്നദ്ധ സംഘടനയായ നൈറ്റ്‌സ് ഓഫ് കൊളംബസ്‌ വീണ്ടും രംഗത്ത്. വിശുദ്ധ വാരത്തിന്റെ ആരംഭത്തോടെ പത്തുലക്ഷം ഡോളറാണ് സംഘടന സംഭാവനയായി നല്‍കിയത്. ഇതില്‍ 8,00,000 ഡോളറിന്റെ സാമ്പത്തിക സഹായവും, 2,50,000 ഡോളര്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് നല്‍കിയത്‌. ഭക്ഷണം, വസ്ത്രം, ഭവനം, വിദ്യാഭ്യാസം എന്നിവക്കായാണ് എട്ടുലക്ഷം ഡോളറും വിനിയോഗിക്കുക.

ഇതോടെ 2014 മുതല്‍ മദ്ധ്യപൂര്‍വ്വേഷ്യന്‍ മേഖലയിലെ ക്രൈസ്തവര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമായി സംഘടന നല്‍കുന്ന സഹായം 190 ലക്ഷത്തോളം ഡോളറായി. നിനവേ മേഖലയിലെ കാരംലെസ്‌ പട്ടണത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഇരുപത് ലക്ഷം ഡോളറും ഇതില്‍ ഉള്‍പ്പെടും. ഇര്‍ബില്‍ രൂപതയിലെ ഭക്ഷ്യപദ്ധതിക്കായി 5,00,000 ഡോളറാണ് ഈ കത്തോലിക്ക സംഘടന നല്‍കിയത്. കല്‍ദായ കത്തോലിക്കാ പാത്രിയാര്‍ക്കേറ്റിനു 3 ലക്ഷം ഡോളറും നല്‍കിയിട്ടുണ്ട്. ഇറാഖിലെയും, സിറിയയിലെയും 3000-ത്തോളം കുടുംബങ്ങള്‍ക്ക്‌ ഈ ഫണ്ട് സഹായകരമാവും.

സാമ്പത്തിക സഹായങ്ങള്‍ക്ക് പുറമേ ഇറാഖിലേയും സിറിയയിലേയും ക്രിസ്ത്യാനികള്‍ വംശഹത്യക്കിരയായി കൊണ്ടിരിക്കുകയാണെന്ന സത്യം അമേരിക്കന്‍ കോണ്‍ഗ്രസിലും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലും എത്തിക്കുവാനും സംഘടനയ്ക്ക് കഴിഞ്ഞു. ഇതിനായി 300 പേജുള്ള റിപ്പോര്‍ട്ടാണ് സംഘടന സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറിയത്. കൂടാതെ അമേരിക്കന്‍ ഗവണ്‍മെന്റിനോട് മതപീഡനത്തിനിരയായ ക്രിസ്ത്യാനികളെ സഹായിക്കുവാന്‍ നൈറ്റ്സ് ഓഫ് കൊളംബസ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

യേശുവിന്റെ പീഡാസഹനത്തിന്റേയും, കുരിശുമരണത്തിന്റേയും, ഉത്ഥാനത്തിന്‍റെയും ഓര്‍മ്മ പുതുക്കുന്ന ഈ അവസരം സിറിയയിലേയും, ഇറാഖിലേയും ക്രിസ്ത്യാനികളായ നമ്മുടെ സഹോദരരെ സഹായിക്കുവാനുമുള്ള അവസരം കൂടിയാണെന്ന്‍ ക്നൈറ്റ്‌സ് ഓഫ് കൊളംബസ്സിന്റെ സിഇഒ കാള്‍ ആന്‍ഡേഴ്സണ്‍ പറഞ്ഞു. തങ്ങളുടെ സഹായം മദ്ധ്യപൂര്‍വ്വേഷ്യയുടെ ഉയിര്‍പ്പിനും, നല്ല ഭാവിക്കും കാരണമാവുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. നൈറ്റ്സ് ഓഫ് കൊളംബസിന്റെ സഹായമില്ലായിരുന്നുവെങ്കില്‍ ക്രൈസ്തവര്‍ നാമാവശേഷമായേനെയേന്ന് ഇര്‍ബില്‍ കല്‍ദായ മെത്രാപ്പോലീത്ത ബാഷര്‍ വര്‍ദ പറഞ്ഞു. സംഘടനയുടെ അവസരോചിതമായ ഇടപെടല്‍ ഇറാഖിലെയും സിറിയയിലെയും ആയിരങ്ങളുടെ കണ്ണീരാണ് തുടച്ചത്.

More Archives >>

Page 1 of 303