Life In Christ - 2025
ഇസ്ലാമിക നഗരത്തില്‍ പ്രഥമ ക്രൈസ്തവ ദേവാലയം നിര്‍മ്മിക്കുന്നത് ക്രിസ്ത്യാനികളെ വെറുത്തിരുന്ന മുന്‍ മുസ്ലീം യുവാവ്
സ്വന്തം ലേഖകന്‍ 15-04-2018 - Sunday
പ്രിസ്റ്റീന: തെക്ക് കിഴക്കന്‍ യൂറോപ്യന്‍ മേഖലയായ കൊസോവയിലെ ഇസ്ലാമിക ഭൂരിപക്ഷ നഗരത്തില്‍ പ്രഥമ ക്രിസ്ത്യന്‍ ദേവാലയം നിര്‍മ്മിക്കുന്നത് ക്രിസ്ത്യാനികളെ വെറുത്തിരുന്ന മുസ്ലീം യുവാവ്. മുസ്ലിം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഉറിം ബോഗാജാണ് എഴുനൂറു വര്‍ഷങ്ങള്‍ക്കുള്ളില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യത്തെ ക്രിസ്ത്യന്‍ ദേവാലയത്തിന് ചുക്കാന്‍ പിടിക്കുന്നത്. 1999-ല്‍ ഉറിം ബോഗാജിന്റെ ആന്‍റി ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതോടെയാണ് വലിയ അത്ഭുതങ്ങള്‍ക്ക് തുടക്കമാകുന്നത്. കൊസോവയെ പിടിച്ചുകുലുക്കിയ രക്തരൂക്ഷിതമായ യുദ്ധത്തിനു ശേഷമായിരുന്നു അവരുടെ വിശ്വാസ പരിവര്‍ത്തനം.
താന്‍ സ്വീകരിച്ച വിശ്വാസത്തെക്കുറിച്ച് ആന്‍റി പതിനഞ്ചുകാരനായ ഉറിം ബോഗാജിനോട് പറഞ്ഞു. ആദ്യം അവനത് ഉള്‍കൊള്ളുവാനോ, സ്വീകരിക്കുവാനോ സാധ്യമായില്ല. “അവര്‍ പറയുന്നത് കേള്‍ക്കുവാനോ ഉള്‍ക്കൊള്ളുവാനോ കഴിയുമായിരുന്നില്ല. ഞാന്‍ ഒരു ക്രിസ്ത്യാനിയാകുവാന്‍ ആഗ്രഹിച്ചിരുന്നില്ല, കാരണം ക്രിസ്ത്യാനികള്‍ സര്‍പ്പമാണെന്നായിരുന്നു ഞങ്ങള്‍ വിശ്വസിച്ചിരുന്നത്. സര്‍പ്പം തിന്മയും” ഉറിം വെളിപ്പെടുത്തി. എന്നാല്‍ സത്യദൈവത്തെ അവന്‍ പിന്നീട് കണ്ടെത്തുകയായിരിന്നു.
പതിയെ പതിയെ ആന്‍റിയുടെ സ്വാധീനത്താല്‍ ഉറിം ബൈബിള്‍ വായിക്കുവാന്‍ തുടങ്ങി. ബൈബിളില്‍ പൂര്‍ണ്ണമായും ആകൃഷ്ടനായ ഉറിം തന്റെ ജീവിതം യേശുവിന് സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചു. തീവ്ര ഇസ്ലാം മത വിശ്വാസിയായ ഉറിമിന്റെ ക്രിസ്ത്യാനിയാകുവാനുള്ള തീരുമാനം അവന്റെ വീട്ടുകാരെ സംബന്ധിച്ചിടത്തോളം ഒരു ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. ഉറിം തന്റെ വീട്ടുകാരുമായി സുവിശേഷം പങ്കുവെച്ചു. കാലക്രമേണ അവന്റെ മുഴുവന്‍ കുടുംബവും ഇസ്ലാം മതം ഉപേക്ഷിച്ചു ക്രിസ്തുമതം സ്വീകരിച്ചു.
ഇന്ന്‍ ഉറിം കൊസോവയിലെ മുസ്ലിം ഭൂരിപക്ഷ മേഖലയായ മലിഷെവില്‍ ദേവാലയം സ്ഥാപിക്കുന്നതിനുള്ള തിരക്കിലാണ്. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ദേവാലയം നിര്‍മ്മിക്കുന്നതെന്നും ക്രിസ്തുവിന് വേണ്ടി ശക്തമായി നിലകൊള്ളുവാനും ഓട്ടം പൂര്‍ത്തിയാക്കി നിത്യതയിലെത്തുവാനും തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഗ്ലോബല്‍ ന്യൂസ് ആലിയന്‍സിനെ ഉദ്ധരിച്ച് അമേരിക്കന്‍ ക്രൈസ്തവ മാധ്യമമായ സിബിഎന്‍ ന്യൂസാണ് ഉറിം ബോഗാജിന്റെ ജീവിതസാക്ഷ്യം പുറംലോകത്തെ അറിയിച്ചത്.