Life In Christ - 2024

ക്രിസ്ത്യന്‍ സംസ്കാരം സംരക്ഷിക്കുക തന്റെ പ്രധാന കര്‍ത്തവ്യം: ഹംഗറി പ്രധാനമന്ത്രി ഓര്‍ബാന്‍

സ്വന്തം ലേഖകന്‍ 08-05-2018 - Tuesday

ബുഡാപെസ്റ്റ്: രാജ്യത്തിന്റെ ക്രിസ്ത്യന്‍ സംസ്കാരത്തെ സംരക്ഷിക്കുകയും രാജ്യ സുരക്ഷ ഉറപ്പാക്കുകയുമാണ്‌ തന്റെ പുതിയ ഗവണ്‍മെന്റിന്റെ പ്രധാന കര്‍ത്തവ്യമെന്ന് ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍. രാജ്യത്ത് പഴയ ക്രിസ്തീയ ജനാധിപത്യം സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്നും അഭയാര്‍ത്ഥി പ്രവാഹത്തെ അനുകൂലിക്കുന്ന ജോര്‍ജ്ജ് സോറോയുടെ സാമ്പത്തിക സഹായമുള്ള സംഘടനകള്‍ രാജ്യത്തിന്റെ നയങ്ങളില്‍ സ്വാധീനം ചെലുത്തുന്നത് തടയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച റേഡിയോ അഭിമുഖത്തിലാണ് ഒര്‍ബാന്‍ ഇപ്രകാരം പറഞ്ഞത്.

അഭയാര്‍ത്ഥികള്‍ ഹംഗറിയില്‍ പ്രവേശിക്കുന്നതിനെതിരെ ശക്തമായ നിലപാട് കൈകൊണ്ട ഓര്‍ബാന്‍ ഇക്കഴിഞ്ഞ എപ്രില്‍ മാസത്തില്‍ ഹംഗറിയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. പുതിയ ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ ഹംഗറിയിലെ പാര്‍ലമെന്റ്, ഇസ്ലാമിക രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ പിന്തുണയ്ക്കുന്ന എന്‍‌ജി‌ഓ സംഘടനകളുടെ വിദേശ സംഭാവനകള്‍ക്ക് 25% നികുതി നിര്‍ബന്ധമാക്കികൊണ്ടുള്ള ‘സ്റ്റോപ് സോറോസ്’ ബില്‍ പാസാക്കുമെന്നും ഓര്‍ബാന്‍ പറഞ്ഞു. ക്രിസ്തീയ സംസ്കാരത്തിന്റെ സംരക്ഷണത്തിനും രാഷ്ട്ര സുരക്ഷക്കും മുസ്ലീം രാജ്യങ്ങളില്‍ നിന്നുമുള്ള അഭയാര്‍ത്ഥികള്‍ ഭീഷണിയാണെന്നാണ് ഒര്‍ബാന്റെ കാഴ്ചപ്പാട്.

2015-ല്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെയും തീവ്രവാദ സംഘടനകളുടെ ആക്രമണങ്ങളെ തുടര്‍ന്നാണ്‌ ഓര്‍ബാന്‍ തന്റെ ഈ കാഴ്ചപ്പാട് പരസ്യമായി വെളിപ്പെടുത്തുവാന്‍ തുടങ്ങിയത്. "യൂറോപ്യന്‍ പാരമ്പര്യത്തില്‍ വേരുറപ്പിച്ചിട്ടുള്ള പഴയ രീതിയിലുള്ള ക്രിസ്തീയ ജനാധിപത്യം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. ആഗോള രാഷ്ട്രീയമോ കച്ചവട സാമ്രാജ്യമോ കെട്ടിപ്പടുക്കുവാന്‍ ഹംഗറിയുടെ മണ്ണ് നല്‍കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. രാഷ്ട്രത്തിന്റെ പ്രാധാന്യത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്". ഓര്‍ബാന്‍ പറഞ്ഞു. അഭയാര്‍ത്ഥികള്‍ക്കെതിരായ ഓര്‍ബാന്റെ കാഴ്ചപ്പാടുകള്‍ നിരവധി വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ടെങ്കിലും ക്രിസ്തീയ കാഴ്ചപ്പാടുള്ള രാജ്യത്തെ ഉയര്‍ത്തുവാനുള്ള ശ്രമത്തെ ഹംഗേറിയന്‍ ജനത അംഗീകരിക്കുന്നുവെന്നതിന് തെളിവാണ് പ്രധാനമന്ത്രി പദത്തിലേക്ക് അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്‍റ് ജാനൊസ് ലാസറും ക്രിസ്തീയമായ കാഴ്ചപ്പാട് തന്നെയാണ് പുലര്‍ത്തുന്നത്.

More Archives >>

Page 1 of 2