News - 2024

‘അങ്ങയുടെ രാജ്യം വരേണമേ’; പ്രാര്‍ത്ഥനയിലൂടെ ഒന്നിക്കുവാന്‍ 85 രാജ്യങ്ങളിലെ ക്രൈസ്തവര്‍

സ്വന്തം ലേഖകന്‍ 10-05-2018 - Thursday

ലണ്ടന്‍: ലോകമെങ്ങുമുള്ള എണ്‍പത്തിഅഞ്ചിലധികം രാഷ്ട്രങ്ങളിലെ വിവിധ സഭകളില്‍ നിന്നുമുള്ള ദശലക്ഷകണക്കിന് ക്രൈസ്തവര്‍ പ്രാര്‍ത്ഥനയിലൂടെ ഒന്നിക്കുന്നു. ഇന്ന് ക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ മുതല്‍ പെന്തക്കോസ്തു തിരുനാള്‍ വരെയുള്ള കാലയളവിലാണ് മഹാ പ്രാര്‍ത്ഥനാ യത്നം നടക്കുക. 'കൂടുതല്‍ ആളുകളെ യേശുവിലേക്ക് കൂട്ടിക്കൊണ്ട് വരിക' എന്ന നിയോഗം മുന്‍ നിര്‍ത്തിക്കൊണ്ട് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ്‌ ‘ദൈ കിംഗ്ഡം കംസ്’ എന്ന പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ക്രൈസ്തവ സഭകള്‍ സംയുക്തമായാണ് പ്രാര്‍ത്ഥന നടത്തുക.

യുകെയില്‍ മാത്രം ആയിരകണക്കിന് ദേവാലയങ്ങള്‍ പ്രാര്‍ത്ഥനാ യജ്ഞം, പ്രാര്‍ത്ഥനാ ജാഥ ഉള്‍പ്പെടെ 11 ദിവസത്തെ വിവിധ പ്രാര്‍ത്ഥനാ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് 'ഇന്‍ഡിപെന്‍ഡന്‍റ് കാത്തലിക് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണാഫ്രിക്ക, മലേഷ്യ, പാക്കിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങളിലും ‘ദൈ കിംഗ്ഡം കംസ്’ പ്രാദേശികമായ ശൈലിയില്‍ സംഘടിപ്പിക്കുന്നുണ്ട്. മലേഷ്യയിലെയും, പാക്കിസ്ഥാനിലേയും ദേവാലയങ്ങളില്‍ വിതരണം ചെയ്യുന്നതിന് ഉര്‍ദു ഭാഷയില്‍ രണ്ടായിരത്തോളം ലഘുഗ്രന്ഥങ്ങളാണ് ഇതിനോടകം അച്ചടിച്ചിരിക്കുന്നത്. പ്രാര്‍ത്ഥനകള്‍ക്ക് പുറമേ ബൈബിള്‍ വായന മാരത്തോണ്‍ പോലെയുള്ള പരിപാടികളും പലസ്ഥലങ്ങളിലും സംഘടിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന്‍ വ്യത്യസ്തമായി ഈ വര്‍ഷത്തെ ‘ദൈ കിംഗ്ഡം കംസ്’ പ്രാര്‍ത്ഥനാ പരിപാടിയില്‍ ചില പുതുമകളുണ്ടെന്നതും ശ്രദ്ധേയമാണ്. ഹവായ്, ഉത്തര ഫിജി, ഫിന്‍ലന്‍ഡ്‌ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഈ വര്‍ഷം പുതുതായി പങ്കെടുക്കുന്ന രാജ്യങ്ങളാണ്.11 ദിവസത്തെ വിശ്വാസ സംബന്ധമായ കാര്യങ്ങള്‍ ലഭിക്കുന്നതിനായി പുതിയ ‘ആപ്’ ഇത്തവണ ലഭ്യമാക്കിയിട്ടുണ്ട്. വീഡിയോ വിചിന്തനം, പോഡ്കാസ്റ്റ്സ്, നൊവേന, ഓര്‍മ്മപ്പെടുത്തലുകള്‍, വ്യക്തിപരമായ പ്രാര്‍ത്ഥനക്ക് വേണ്ടിയുള്ള അലാം തുടങ്ങിയ സൗകര്യങ്ങൾ ആപ്പില്‍ ലഭ്യമാണ്. പ്രാര്‍ത്ഥനാചരണത്തിന്റെ ഭാഗമായി കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ്, ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി തുടങ്ങി വിവിധ സഭാദ്ധ്യക്ഷന്‍മാരുടെ പ്രഭാഷണങ്ങള്‍ സോഷ്യല്‍ മീഡിയായിലൂടെയും മറ്റും പങ്കുവെക്കപ്പെടും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‍ ദശലക്ഷകണക്കിന് ക്രൈസ്തവര്‍ ഉയര്‍ത്തുന്ന പ്രാര്‍ത്ഥനകളോടൊപ്പം ലോക സുവിശേഷവത്ക്കരണത്തിന് നമ്മുക്കും തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാം.


Related Articles »