News - 2025

മത പ്രതിനിധികളുമായി ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച നടത്തി

സ്വന്തം ലേഖകന്‍ 17-05-2018 - Thursday

വത്തിക്കാന്‍ സിറ്റി: സംവാദവും സഹകരണവും ഏറെ മൂല്യമുള്ളതാണെന്നു ഓര്‍മ്മിപ്പിച്ചുകൊണ്ട് വത്തിക്കാനിലെത്തിയ ബുദ്ധ, ഹിന്ദു, ജൈന, സിക്ക് മതങ്ങളുടെ പ്രതിനിധികളുമായി ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച നടത്തി. മതനേതാക്കള്‍, സമാഗമത്തിന്‍റെ ഒരു സംസ്ക്കാരം പോഷിപ്പിക്കുന്നതും, ഫലപൂര്‍ണമായ സംവാദത്തിന്‍റെ ഉദാഹരണങ്ങള്‍ നല്‍കുന്നതും ദൈവത്തിനു നന്ദി പറയാനുള്ള മഹത്തായ ഒരു കാരണമാണെന്നും പാപ്പ പറഞ്ഞു. മതാന്തരസംവാദത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍, “സങ്കീര്‍ണമായ കാലഘട്ടത്തില്‍ സംവാദവും സഹകരണവും" എന്ന വിഷയവുമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ 27 പേരടങ്ങിയ പ്രതിനിധിസംഘമാണ് പങ്കെടുത്തത്.

പരസ്പരമുള്ള സംവാദത്തിനു മുന്‍കൈയെടുക്കുന്നതിനും, സമാധാനത്തിന്‍റെ സംസ്ക്കാരം പോഷിപ്പിക്കുന്നതിനും മുന്‍വിധികളും തുറവിയില്ലായ്മയും അതിജീവിക്കാന്‍ കഴിയണമെന്നു സമ്മേളനത്തിനു നല്‍കിയ സന്ദേശത്തില്‍ മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി ട്യൂറാന്‍ പറഞ്ഞു. യുദ്ധവും സംഘട്ടനങ്ങളും അരങ്ങേറുന്ന ലോകത്തില്‍, മതനേതാക്കാള്‍ സംവാദത്തിന്‍റെ ഉറപ്പുള്ള പാലങ്ങളാകണമെന്നുള്ളതാണ് ജനങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം പ്രസ്താവിച്ചു. നേരത്തെ തായ്ലന്‍റില്‍ നിന്നുള്ള ബുദ്ധ സന്യാസിമാരുടെ പ്രതിനിധിസംഘത്തിന് പാപ്പ സ്വീകരണം നല്‍കിയിരിന്നു. പോള്‍ ആറാമന്‍ ശാലയില്‍ വച്ച് രാവിലെ നടന്ന ഈ കൂടിക്കാഴ്ചയില്‍ 57 പ്രതിനിധികളാണ് സംബന്ധിച്ചത്.


Related Articles »