News - 2025

സ്വവര്‍ഗ്ഗാനുരാഗികളെ പിന്തുണക്കുന്ന ജേഴ്സി; അമേരിക്കന്‍ താരം ടീമില്‍ നിന്ന് പിന്മാറി

സ്വന്തം ലേഖകന്‍ 04-06-2018 - Monday

കാലിഫോര്‍ണിയ: സ്വവര്‍ഗ്ഗാനുരാഗികളെ പിന്തുണക്കുന്ന ജേഴ്സി അണിയുവാന്‍ വിസമ്മതിച്ചുകൊണ്ട് അമേരിക്കന്‍ വനിതാ സോക്കര്‍ താരം ടീമില്‍ നിന്നും പിന്മാറി. അമേരിക്കയുടെ ദേശീയ വനിതാ സോക്കര്‍ ടീം അന്താരാഷ്ട്ര മത്സരങ്ങളില്‍ സ്വവര്‍ഗ്ഗസ്നേഹികളുടെ എല്‍‌ജി‌ബി‌ടി പ്രൈഡ് മാസത്തോട് അനുഭാവം പ്രകടിപ്പിക്കുന്ന ജേഴ്സി അണിയുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ക്രൈസ്തവ വിശ്വാസിയും പ്രമുഖ താരവുമായ ജെയ്ളെന്‍ ഹിങ്കിള്‍ ടീമില്‍ നിന്നും പിന്‍മാറിയത്. 24-കാരിയായ ഹിങ്കില്‍ ദേശീയ വനിതാ സോക്കര്‍ ലീഗിലെ നോര്‍ത്ത്‌ കരോലിന കറേജിന്റെ ഡിഫന്‍ഡറായിരിന്നു.

അമേരിക്കയുടെ പുരുഷ-വനിതാ സോക്കര്‍ ടീമുകള്‍ ‘എല്‍‌ജി‌ബി‌ടി പ്രൈഡ്’ മാസത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മഴവില്ല് നിറത്തിലുള്ള ജേഴ്സി പ്രഖ്യാപിച്ച് രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് ഹിങ്കിള്‍ ടീമില്‍ നിന്നും പിന്‍മാറിയിരിക്കുന്നത്. ദിവസങ്ങളോളം, പ്രാര്‍ത്ഥനയിലൂടെ ദൈവത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം തേടിയതിനുശേഷമാണ് താന്‍ ഇത്തരമൊരു കടുത്ത തീരുമാനത്തിലെത്തിയതെന്ന് ക്രിസ്ത്യന്‍ ബ്രോഡ്‌കാസ്റ്റിംഗ് നെറ്റ്വര്‍ക്ക് (CBN) ന്റെ ‘ദി 700 ക്ലബ്‌’ എന്ന പരിപാടിക്ക്‌ നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. ജേഴ്സി ധരിക്കുന്നത് തന്റെ മനസാക്ഷിക്കും, ക്രിസ്തീയ ബോധ്യങ്ങള്‍ക്കും വിരുദ്ധമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

Must Read: ‍ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?

തന്റെ ആത്മീയ ജീവിതവും കായികജീവിതവും ഒരുമിച്ച് കൊണ്ടുപോകുവാന്‍ താരം ഏറെ സമ്മര്‍ദ്ധം ഏറ്റുവാങ്ങിയിരിന്നു. എന്നാല്‍ വിവാഹം, ലൈംഗീകത എന്നീ വിഷയങ്ങളില്‍ തന്റെ ക്രിസ്തീയമായ കാഴ്ചപ്പാടുകള്‍ തുറന്നു പറയുന്നതിന് ഹിങ്കിള്‍ മടികാട്ടിയിട്ടില്ല. സ്വവര്‍ഗ്ഗവിവാഹത്തെ അനുകൂലിച്ചുകൊണ്ട് 2015-ലെ യുഎസ് സുപ്രീം കോടതി വിധിക്കെതിരെ താരം തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ദേശീയ വനിതാ ടീമില്‍ കളിക്കുവാന്‍ വിളിച്ചപ്പോള്‍ അമേരിക്കന്‍ പതാകയുടെ മുദ്ര പതിച്ച ജേഴ്സി അണിഞ്ഞ് കളിക്കുന്നതോര്‍ത്ത് താന്‍ അഭിമാനം കൊണ്ടിരുന്നു.

എന്നാല്‍ സ്വവര്‍ഗ്ഗാനുരാഗികളെ ആദരിക്കുന്ന തരത്തിലുള്ള ജേഴ്സിയാണ് ധരിക്കുന്നതെന്ന പ്രഖ്യാപനം തന്റെ സ്വപ്നത്തിന്റെ പിറകേ പോകണോ അതോ ദൈവത്തോട് വിധേയത്വം പുലര്‍ത്തണോ എന്ന ആശയകുഴപ്പത്തിലാക്കിയെന്നും, അവസാനം ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുവാന്‍ തന്നെ തീരുമാനിച്ചുവെന്നും ഹിങ്കിള്‍ വിവരിച്ചു. ഇപ്പോള്‍ താന്‍ അനുഭവിക്കുന്ന ആന്തരിക സമാധാനം തന്റെ നിരാശകളെ ഇല്ലാതാക്കിയെന്നും ഈ ലോകം മുഴുവന്‍ മാറിയാലും യേശുവും അവിടുത്തെ വാക്കുകളും എന്നും സ്ഥിരമായിരിക്കുമെന്നും ഹിങ്കിള്‍ കൂട്ടിചേര്‍ത്തു. അതേസമയം ക്രൈസ്തവ വിശ്വാസത്തിന് വേണ്ടി നിലകൊണ്ടു താര പദവി ത്യജിച്ച ജെയ്ളെന്‍ ഹിങ്കിളിന്റെ തീരുമാനം മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.

More Archives >>

Page 1 of 325