News - 2025
സമാധാനം പുനഃസ്ഥാപിക്കുവാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് സിറിയന്‍ പുരോഹിതന്‍
സ്വന്തം ലേഖകന്‍ 02-06-2018 - Saturday
ആലപ്പോ, സിറിയ: സിറിയയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുവാനും, സിറിയയില്‍ ശാശ്വത സമാധാനം പുനഃസ്ഥാപിക്കുവാനും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് സിറിയയില്‍ ജനിച്ചു വളര്‍ന്ന ഫ്രാന്‍സിസ്കന്‍ പുരോഹിതനായ ഫാ. ഇബ്രാഹിം അല്‍സബാഗ്. ഇക്കഴിഞ്ഞ മെയ് 31-ന് “ആലപ്പോയുടെ പുനര്‍നിര്‍മ്മാണം” എന്ന വിഷയത്തെ ആസ്പദമാക്കി ഇറ്റാലിയന്‍ ഭാഷയില്‍ എഴുതിയിട്ടുള്ള പുസ്തക പ്രകാശനത്തിനു ശേഷം നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലാണ് ഫാ. അല്‍സബാഗ് ജനിച്ചു വളര്‍ന്നത്.
ആലപ്പോയിലേയും, മധ്യപൂര്‍വ്വേഷ്യയിലേയും മതന്യൂനപക്ഷങ്ങള്‍ തങ്ങളുടെ ഭാവിയെക്കുറിച്ചോര്‍ത്ത് ആശങ്കാകുലരാണെന്ന് ഫാദര്‍ അല്‍സബാഗ് പറഞ്ഞു, സിറിയന്‍ പ്രതിസന്ധിയെക്കുറിച്ച് അന്താരാഷ്ട്ര സമൂഹം എന്ത് തീരുമാനമെടുക്കുമെന്നതിനെ ആശ്രയിച്ചാണ് തങ്ങളുടെ ഭാവി. പരിശുദ്ധാത്മാവിനെ ഹൃദയത്തില്‍ പിന്തുടര്‍ന്നാല്‍ മാത്രമേ സമാധാനം സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലപ്പോ, സിറിയ, ഭവനം പുനര്‍നിര്‍മ്മിക്കുക, ഹൃദയത്തിന്റെ മുറിവുണക്കുക” എന്ന ഉപശീര്‍ഷകത്തോടു കൂടിയ പുസ്തകം 2016-ന് ശേഷമുള്ള ആലപ്പോയുടെ പരിതാപകരമായ അവസ്ഥയുടെ നേര്‍കാഴ്ചയാണ്. നഗരത്തിന്റെ പുനര്‍നിര്‍മ്മാണത്തെക്കുറിച്ചും, ആളുകളുടെ അവസ്ഥയെ കുറിച്ചും പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.
2011 മുതല്‍ ആഭ്യന്തരയുദ്ധവും, തുടര്‍ച്ചയായ അക്രമവും മൂലം ദുരന്ത ഭൂമിയാണ് സിറിയ. ഏതാണ്ട് 5 ലക്ഷത്തോളം ആളുകള്‍ ഇതിനോടകം തന്നെ കൊല്ലപ്പെടുകയും, ഒരു കോടിയോളം ആളുകള്‍ ഭവനരഹിതരാക്കപ്പെടുകയും ചെയ്തു. ഇതിനു പുറമേ ഇസ്ളാമിക തീവ്രവാദികളുടെ സാന്നിധ്യം സിറിയയുടെ അവസ്ഥയെ കൂടുതല്‍ പരിതാപകരമാക്കി. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് രാസായുധം പ്രയോഗിച്ചു എന്നാരോപിച്ചുകൊണ്ട് അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങള്‍ സിറിയയില്‍ നടത്തിക്കൊണ്ടിരിക്കുന്ന വ്യോമാക്രമണം ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കിയിരിക്കുകയാണ്.