News - 2025

പ്രോലൈഫ് സമൂഹത്തിന്റെ പ്രാര്‍ത്ഥനക്ക് തടയിടാന്‍ ബ്രിട്ടനില്‍ ശ്രമം

സ്വന്തം ലേഖകന്‍ 03-06-2018 - Sunday

ലണ്ടന്‍: ബ്രിട്ടണിലെ അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്ക് പുറത്തുള്ള പ്രാര്‍ത്ഥനകളും, പ്രതിഷേധ പരിപാടികളും നിരോധിക്കണമെന്ന ആവശ്യവുമായി ബ്രിട്ടീഷ്‌ പാര്‍ലമെന്റംഗങ്ങള്‍. കൊടുംപാതകമായ ഭ്രൂണഹത്യക്കെതിരെയുള്ള ജാഗരണ പ്രാര്‍ത്ഥനകളും പ്രതിഷേധങ്ങളും നിരോധിച്ചുകൊണ്ടു ബഫര്‍ സോണുകളാക്കി മാറ്റണമെന്ന ആവശ്യവുമായാണ് പാര്‍ലമെന്റംഗങ്ങള്‍ രംഗത്തെത്തിയത്. ഇക്കാര്യത്തില്‍ ഹോം സെക്രട്ടറി സാജിദ്‌ ജാവിദ്‌ തന്റെ മുന്‍ഗാമിയായ ആംബര്‍ റഡ്‌ ആരംഭിച്ച പുനരവലോകന നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടുവെന്ന് ഭ്രൂണഹത്യ അനുകൂലികളായ ലേബര്‍ പാര്‍ട്ടിയുടെ എംപിയായ രൂപാ ഹക്കിന്റെ നേതൃത്വത്തിലുള്ള സംഘം പറയുന്നത്.

അബോര്‍ഷന്‍ ക്ലിനിക്കിന്റെ മുന്നില്‍ പ്രോലൈഫ്‌ പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥന കൂട്ടായ്മകള്‍ നടത്തുന്നതും, അബോര്‍ഷനെതിരായ ലഘുലേഖകള്‍ വിതരണം ചെയ്യുന്നതും നിരോധിച്ചുകൊണ്ട് ക്ലിനിക്ക്‌ പരസരം ‘ബഫര്‍ സോണ്‍' ആയി പ്രഖ്യാപിച്ച് ഈലിംഗ് കൗണ്‍സില്‍ ഉത്തരവ്‌ പുറപ്പെടുവിച്ചിരിന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രോലൈഫ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായത്. ഇതിനിടെ പ്രോലൈഫ്‌ പ്രവര്‍ത്തകരുടെ സഹായത്തോടു കൂടി ഏതാനും വനിതകള്‍ നിരോധനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

അതേസമയം ഈലിംഗ് കൗണ്‍സിലിന്റെ തീരുമാനം കോടതി ശരിവെക്കുകയാണെങ്കില്‍ മാഞ്ചസ്റ്റര്‍, ലീഡ്‌സ്, പോര്‍ട്സ്മൗത്ത് തുടങ്ങിയ കൗണ്‍സിലുകളും തങ്ങളുടെ പരിധിയിലുള്ള അബോര്‍ഷന്‍ ക്ലിനിക്ക്‌ പരിസരങ്ങള്‍ ബഫര്‍ സോണുകളാക്കി പ്രഖ്യാപിക്കുമെന്നാണ് സൂചന. ബ്രിട്ടണിലെ എല്ലാ ക്ലിനിക്കുകളുടെ പരിസരങ്ങളില്‍ നിന്നും പ്രോലൈഫ്‌ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ‘ബഫര്‍ സോണു’കളാക്കി മാറ്റുക എന്നതാണ് ഭ്രൂണഹത്യാവാദികളുടെ ലക്ഷ്യം. 1967-ല്‍ ആണ് യു‌കെയില്‍ ഗര്‍ഭഛിദ്രം നിയമപരമാക്കിയത്.

More Archives >>

Page 1 of 325