India - 2025
മാര്‍ കുര്യാക്കോസ് കുന്നശേരിയിലൂടെ കൈവരിച്ച നേട്ടങ്ങള്‍ എക്കാലവും സ്മരണീയം: കര്‍ദ്ദിനാള്‍ ആലഞ്ചേരി
സ്വന്തം ലേഖകന്‍ 15-06-2018 - Friday
കോaട്ടയം: ദൈവാശ്രയത്തില്‍ അടിയുറച്ച് ശക്തമായ അജപാലനം നിര്‍വഹിച്ച മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ നേതൃത്വത്തില്‍ സീറോ മലബാര്‍ സഭയും ക്‌നാനായ കത്തോലിക്കാ സമുദായവും കൈവരിച്ച നേട്ടങ്ങള്‍ എക്കാലവും സ്മരണീയമാണെന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ ഒന്നാം ചരമവാര്‍ഷിക ശുശ്രൂഷകളില്‍ അനുസ്മരണ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ആഗോള സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളിലും അജപാലനത്തിലും സമര്‍പ്പിത സംഭാവനകള്‍ നല്‍കിയ ശ്രേഷ്ഠാചാര്യനായിരുന്നു മാര്‍ കുര്യാക്കോസ് കുന്നശേരിയെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
ഇന്നലെ ക്രിസ്തുരാജാ കത്തീഡ്രലില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട സമൂഹബലിയില്‍ മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ മാത്യു അറയ്ക്കല്‍, ബിഷപ്പ് ഡോ. കുര്യന്‍ വയലുങ്കല്‍, മാര്‍ ജോസഫ് പണ്ടാരശേരില്‍, ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവരും വിവിധ രൂപതകളിലെ വികാരി ജനറാള്‍മാരും അതിരൂപത വൈദികരും സഹകാര്‍മികരായിരുന്നു. ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോസഫ് പണ്ടാരശേരില്‍ എന്നിവരും സന്ദേശങ്ങള്‍ നല്‍കി. പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും സമര്‍പ്പിത സമൂഹപ്രതിനിധികളും സംഘടനാ ഭാരവാഹികളും ഇടവക പ്രതിനിധികളുമുള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് അനുസ്മരണ ബലിയിലും സമ്മേളനത്തിലും പങ്കെടുത്തത്.
