India - 2024

മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ ഒന്നാം ചരമവാര്‍ഷികം ഇന്ന്

സ്വന്തം ലേഖകന്‍ 14-06-2018 - Thursday

കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ ഒന്നാം ചരമവാര്‍ഷിക ശുശ്രൂഷകള്‍ ഇന്ന് കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍ നടക്കും. രാവിലെ 10.30 ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിയില്‍ ബിഷപ്പുമാരും അതിരൂപതയിലെ വൈദികരും സഹകാര്‍മികരാകും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരണ സന്ദേശം നല്‍കും.

കോട്ടയം അതിരൂപതയിലെ വൈദികരും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും സമര്‍പ്പിത സമൂഹങ്ങളിലെ പ്രതിനിധികളും അതിരൂപത സംഘടനാ ഭാരവാഹികളും ഇടവകകളില്‍നിന്നുള്ള പ്രതിനിധികളും ദിനാചരണത്തില്‍ പങ്കെടുക്കും. ആര്‍ച്ച് ബിഷപ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷന്‍ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം 12ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി നിര്‍വ്വഹിക്കും.

മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരി മെമ്മോറിയല്‍ ക്‌നാനായ മ്യൂസിയത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ഇന്ന് വൈകുന്നേരം 5 മണിക്ക്‌ അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ നിര്‍വ്വഹിക്കും. കടുത്തുരുത്തി സെന്റ്‌ മേരീസ്‌ വലിയ പള്ളിയോട്‌ നിര്‍മ്മിക്കുന്ന മ്യൂസിയത്തില്‍ ക്‌നാനായ സമുദായത്തിന്റെ പ്രേഷിത കുടിയേറ്റ ചരിത്രം ഓഡിയോ വിഷ്വല്‍ സൗകര്യങ്ങളോടെയാണ് ക്രമീകരിക്കുന്നത്.


Related Articles »