News - 2025
ചൈനയില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ പോലീസ് അതിക്രമം
സ്വന്തം ലേഖകന്‍ 15-06-2018 - Friday
ഹെലോങ്ങ്: ചൈനയിലെ ജിലിന്‍ സംസ്ഥാനത്തിലെ ചാങ്ങ്ചുന്‍ നഗരത്തിലെ ഹെലോങ്ങ് പട്ടണത്തിലുള്ള കത്തോലിക്ക ദേവാലയത്തില്‍ 9 കന്യാസ്ത്രീകള്‍ക്ക് നേരെ പോലീസ് അതിക്രമം. വത്തിക്കാനോട് വിധേയത്വം പുലര്‍ത്തുന്ന കത്തോലിക്കാ ദേവാലയത്തില്‍ എത്തിയ പോലീസ്, ദേവാലയം പരിശോധിച്ചു പ്രാര്‍ത്ഥനാപുസ്തകങ്ങള്‍ പിടിച്ചെടുത്ത് യാതൊരു കാരണവും കൂടാതെ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയുമായിരിന്നു. ഇക്കഴിഞ്ഞ മെയ് പകുതിയോടെ നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പ്രാദേശിക മാധ്യമങ്ങള്‍ വഴി പുറംലോകത്ത് എത്തിയത്.
8 പേര്‍ അടങ്ങുന്ന ഹെലോങ്ങ് സ്റ്റേഷനിലെ പോലീസ് സംഘം പ്രാര്‍ത്ഥന നിയമപരമല്ലായെന്ന് എന്നു ആക്രോശിച്ചുകൊണ്ടാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ദേവാലയത്തില്‍ ഉണ്ടായിരിന്ന പ്രാര്‍ത്ഥനാ പുസ്തകങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിന്നീട് ഫോട്ടോകളും വിരലടയാളങ്ങളും ശേഖരിച്ച ശേഷം വിശ്വാസപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ വീണ്ടും അറസ്റ്റ് ചെയ്യും എന്ന ഭീഷണിയോടെയാണ് പോലീസ് കന്യാസ്ത്രീകളെ വിട്ടയച്ചത്. അറസ്റ്റിനു ശേഷം ആരാധനക്കായി ഉപയോഗിച്ചിരുന്ന മേശകളും സ്റ്റൂളുകളും നിര്‍ബന്ധപൂര്‍വ്വം പോലീസ് നീക്കം ചെയ്തിട്ടുണ്ട്.
ഇതിനുമുന്‍പും പലപ്രാവശ്യം പോലീസ് ദേവാലയത്തില്‍ എത്തി അക്രമം കാണിച്ചിട്ടുണ്ടെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 97 വയസ്സുള്ള ഷി ഴോന്ഗ്യി എന്നയാളാണ് ദേവാലയം നേരത്തെ നിര്‍മ്മിച്ചത്. അദ്ദേഹം 3 പ്രാവശ്യത്തോളം അറസ്റ്റിന് വിധേയനാകുകയും 30 വര്‍ഷത്തോളം ജയിലില്‍ കഴിയുകയും ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് 25-ന് തന്നെ പോലീസ് ഷി ഴോന്ഗ്യിയെക്കുറിച്ച് അന്വേഷിച്ചതായി സിസ്റ്റര്‍ മിയാ എന്ന കന്യാസ്ത്രീ വെളിപ്പെടുത്തി. അതേസമയം ദേവാലയം പോലീസ് നിരീക്ഷണത്തിലാണ്. കൂദാശ കര്‍മ്മങ്ങള്‍ നടത്തുവാന്‍ പുരോഹിതര്‍ക്കും, ഡീക്കന്‍മാര്‍ക്കും ദേവാലയത്തില്‍ പ്രവേശിക്കുവാന്‍ കഴിയാത്ത അവസ്ഥയാണ് ജിലിന്‍ സംസ്ഥാനത്തു നിലനില്‍ക്കുന്നത്.